തിരുവനന്തപുരം: രണ്ടു മാസത്തെ റേഷൻ ഒരുമിച്ചു വാങ്ങാനുള്ള നിർദേശത്തിലെ ആശയക്കുഴപ്പത്തിനിടെ ഏപ്രിലിലേതു വാങ്ങാതെ മേയ് മാസത്തിലേതു മാത്രം വാങ്ങിപ്പോയ എണ്ണായിരത്തിൽപരം കാർഡ് ഉടമകളെ കണ്ടെത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നടപടി ആരംഭിച്ചു.
ഇവർക്ക് ഏപ്രിൽ മാസത്തെ റേഷൻ നഷ്ടമാകാതിരിക്കാൻ വിതരണം മേയ് 5 വരെ നീട്ടാനും ഭക്ഷ്യപൊതുവിതരണ കമ്മിഷണർ തീരുമാനിച്ചു. ഇതിനായി റേഷൻ ബില്ലിങ്ങിന്റെയും വിതരണത്തിന്റെയും സംവിധാനമായ ഇ പോസിന്റെ ചുമതലയുള്ള ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ അനുമതി മാത്രമാണ് ഇനി ബാക്കി. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ സാഹചര്യത്തിൽ കേന്ദ്രനിർദേശപ്രകാരമാണ് കേരളത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒന്നിച്ചു കൊടുക്കാൻ തീരുമാനിച്ചത്.
ഇത് അനുസരിച്ച് ഏപ്രിലിലെ റേഷൻ ഏപ്രിൽ 30 വരെയും മേയ് മാസത്തെ റേഷൻ ഏപ്രിൽ ആദ്യം മുതൽ മേയ് 30 വരെയും വാങ്ങാനായിരുന്നു അവസരം ഒരുക്കിയത്. എന്നാൽ, ഇ പോസ് യന്ത്രത്തിൽ വിതരണത്തിന്റെ മാസമായി റേഷൻ കടക്കാർ ഏപ്രിലിനു പകരം മേയ് എന്നു തിരഞ്ഞെടുത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്.
ഏപ്രിലിലെ വിതരണം 30ന് അവസാനിക്കുമെന്നതിനാൽ ഇവർക്ക് ഒരു മാസത്തെ റേഷൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വിതരണം നീട്ടാനുള്ള ക്രമീകരണം. ഇങ്ങനെ മാസം മാറി റേഷൻ വാങ്ങിയ എണ്ണായിരത്തോളം കാർഡ് ഉടമകളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫിസർമാർ തയാറാക്കി തങ്ങളുടെ പരിധിയിലുള്ള ഗുണഭോക്താക്കളെ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വിവരം അറിയിക്കാനാണു നീക്കം.
12 ഡിപ്പോകളിൽ വിതരണം വൈകിയതിനും പരിഹാരം സപ്ലൈകോയുടെ വാർഷിക പരിശോധനയുടെ ഭാഗമായി 12 എൻഎഫ്എസ്എ ഡിപ്പോകൾക്കു കീഴിലുള്ള രണ്ടായിരത്തിൽപരം റേഷൻ കടകളിലേക്കു സാധനങ്ങളുടെ വിതരണം വൈകിയതിനും ഏപ്രിൽ മാസത്തെ റേഷൻ വിതരണം നീട്ടുന്നത് പരിഹാരമാകുമെന്നു പ്രതീക്ഷ. ഏപ്രിൽ പകുതിയോടെയാണ് ഈ ഡിപ്പോകളിൽ നിന്നു റേഷൻ വിതരണം ആരംഭിച്ചത്. വിതരണസമയം നീട്ടണമെന്നു റേഷൻ വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.