മൈസൂരു: ബാവലി വഴിയുള്ള മൈസൂരു– മാനന്തവാടി സംസ്ഥാന പാത (എസ്എച്ച്–17) വീതികൂട്ടുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഉന്നതാധികാര സമിതിക്ക് പരിസ്ഥിതിക്കൂട്ടായ്മ പരാതി നൽകി.
നാഗർഹോളെ വന്യജീവിസങ്കേതത്തിലൂടെയുള്ള 21 കിലോമീറ്ററിലെ നവീകരണമാണ് നിയമകുരുക്കിലായത്. ഉദ്ബൂർ മുതൽ കേരള അതിർത്തിയായ ബാവലി ചെക്പോസ്റ്റ് വരെയുള്ള ഭാഗമാണ് കർണാടക പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്നത്. മൈസൂരു മുതൽ ബാവലി വരെയുള്ള 92.5 കിലോമീറ്റർ പാതയിൽ 28.9 കിലോമീറ്റർ വന്യജീവി സങ്കേതത്തിനുള്ളിലൂടെയാണ്.
ഇതിൽ 11 കിലോമീറ്ററിൽ ആനത്താരയുണ്ട്. കാട്ടികുളം മുതൽ ബാവലി വരെയുള്ള കേരളത്തിന്റെ ഭാഗം നേരത്തെ നവീകരിച്ചിരുന്നു. തകർന്ന് തരിപ്പണമായ കർണാടകയുടെ ഭാഗത്തെ ടാറിങ് അടുത്തയിടെയാണ് പുനരാരംഭിച്ചത്.
ബാവലി പാതയിലൂടെ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കൂടുതൽ ബസ് സർവീസ് ആരംഭിക്കുന്നതിനും രാത്രി യാത്രാ നിരോധനം തിരിച്ചടിയാണ്.
വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ് നിരോധനം. കേരള ആർടിസിക്ക് മൈസൂരുവിൽ നിന്ന് ബാവലി വഴി തലശ്ശേരി, മാനന്തവാടി എന്നിവിടങ്ങളിലേക്ക് പകൽ ഫാസ്റ്റ് പാസഞ്ചർ സർവീസുണ്ട്. നിലവിൽ കോഴിക്കോട് ഭാഗത്ത് നിന്നുള്ള മൈസൂരു, ബെംഗളൂരു സംസ്ഥാനാന്തര ബസുകൾ ബത്തേരി, ബന്ദിപ്പൂർ വഴിയും മാനന്തവാടി, കുട്ട വഴിയുമാണ് സർവീസ് നടത്തുന്നത്. ബന്ദിപ്പൂർ പാതയിൽ രാത്രി 9 മുതൽ രാവിലെ 6 വരെ ഗതാഗത നിരോധനം തുടരുന്നതിനാൽ കേരള, കർണാടക ആർടിസി, സ്വകാര്യ ബസുകളും മാനന്തവാടി, കുട്ട വഴി 60 കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് എത്തുന്നത്.
വയനാട്ടിലെ പെരിക്കല്ലൂരിനെയും മൈസൂരു എച്ച്ഡി കോട്ടയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിച്ച് കബനി നദിയിൽ പാലം നിർമിക്കാനുള്ള കേരളത്തിന്റെ ആവശ്യം കർണാടക നേരത്തെ തള്ളിയിരുന്നു. നാഗർഹോളെ വന്യജീവി സങ്കേതത്തിലൂടെയുള്ള പാലത്തിന് നിർമാണ അനുമതി നൽകാനാകില്ലെന്നാണ് കർണാടകയുടെ നിലപാട്. ബൈരക്കുപ്പയെ പുൽപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പാലം വന്നാൽ ബന്ദിപ്പൂർ, ബാവലി പാതകൾക്ക് ബദലായി ഈ പാത ഉപയോഗിക്കാമെന്നാണ് കേരളത്തിന്റെ വാദം. 1994 സെപ്റ്റംബർ 22ന് കേരള മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും കർണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പ മൊയ്‌ലിയും ചേർന്നാണ് പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.
NH66 പണിതപ്പോൾ ഇത്പോലെ അസുഖമായിരുന്നു. ഇപ്പോഴത് വഴിയാണ് ഇവരൊക്കെ യാത്ര ചെയ്യുന്നത്
മറുപടിഇല്ലാതാക്കൂഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.