ലണ്ടൻ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ നൽപതിലധികം രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രജ്ഞർ യോഗം ചേർന്നു.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ വിളിച്ചുചേർത്ത യോഗത്തിലേക്ക് ഇന്ത്യക്കും ക്ഷണമുണ്ടായിരുന്നു. വെർച്വലായി നടന്ന യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി പങ്കെടുത്തതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.ഹോർമുസ് അടച്ചിട്ട ഇറാന്റെ നടപടികൾ ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി. യുഎസ് യോഗത്തിൽ പങ്കെടുത്തില്ല. ഹോർമുസ് സുരക്ഷിതമാക്കുന്നത് അമേരിക്കയുടെ ചുമതലയല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ യോഗം. ഇറാൻ യുദ്ധത്തിൽ തങ്ങളെ പിന്തുണയ്ക്കാത്തതിന് യൂറോപ്യൻ സഖ്യകക്ഷികളെ ട്രംപ് വിമർശിക്കുകയും നാറ്റോയിൽനിന്ന് യുഎസ് പിൻമാറുമെന്ന ഭീഷണി വീണ്ടും ഉയർത്തുകയും ചെയ്തിരുന്നു.
ഹോർമുസ് വീണ്ടും തുറക്കുന്നതിന് സൈനിക മാർഗ്ഗങ്ങളേക്കാൾ രാഷ്ട്രീയ, നയതന്ത്ര മാർഗ്ഗങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നാണ് ബ്രിട്ടന്റെ നിലപാട്. എണ്ണ, ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനവ് ലോകമെമ്പാടുമുള്ള കുടുംബങ്ങളെയും വ്യവസായങ്ങളേയും ബാധിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിനുശേഷം ഹോർമുസിനും സമീപ മേഖലയിലുമായി വാണിജ്യ കപ്പലുകൾക്ക് നേരെ 23 നേരിട്ടുള്ള ആക്രമണങ്ങളുണ്ടായി. ഇതിൽ കപ്പൽ 11 ജീവനക്കാർ കൊല്ലപ്പെട്ടതായും ഷിപ്പിങ് ഡാറ്റാ സ്ഥാപനമായ ലോയ്ഡ്‌സ് ലിസ്റ്റ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.
'കടലിടുക്കിലൂടെയുള്ള ഗതാഗതം വളരെയേറെ കുറഞ്ഞു, ഇറാനിയൻ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾക്കാണ് കൂടുതൽ പ്രധാന്യം ലഭിക്കുന്നത്. ആർക്കെല്ലാം കടന്നുപോകാം എന്നത് സംബന്ധിച്ച് ഇറാൻ പരിശോധന നടത്തുകയാണ്', ലോയ്ഡ്‌സ് റിപ്പോർട്ടിൽ പറയുന്നു. നാൽപതിലധികം രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ, കടലിടുക്ക് സുരക്ഷിതമായി വീണ്ടും തുറക്കുന്നത് ഉറപ്പാക്കുന്നതിനുള്ള 'നയതന്ത്രപരവും ആഗോളതലത്തിലുള്ളതുമായ ആസൂത്രണ നടപടികൾ' ചർച്ച ചെയ്തതായും യുദ്ധത്തിൽ കുടുങ്ങിയ 2,000 കപ്പലുകളിലെ 20,000 നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ചചെയ്തതായും കൂപ്പർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.