കൊച്ചി: പിടിച്ചുപറി കേസിൽ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നതിനിടെ ഞായറാഴ്ച പറവൂരിൽ നിന്നു പൊലീസുകാരെ ആക്രമിച്ചു കടന്നുകളഞ്ഞ പ്രതിയെ ഇടപ്പള്ളി തോട്ടിൽ നിന്നു പൊക്കി പൊലീസ്. റെയിൽവേ ട്രാക്കിനു സമീപത്തേക്കു യുവാക്കളെ വിളിച്ചു വരുത്തി മർദിച്ചു മൊബൈൽ ഫോണും മാലയും അപഹരിച്ച കേസിലെ പ്രതി പത്തനംതിട്ട പഴകുളം റസൽ മൻസിലിൽ റസലിനെയാണു(20) പൊലീസും നാട്ടുകാരും ചേർന്ന് അതിസാഹസികമായി പിടികൂടിയത്.
കടന്നുകളഞ്ഞു മൂന്നാം ദിവസമാണു പ്രതി വലയിലായത്. ഇന്നലെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയ റസലിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിച്ചു വീണ്ടും കടന്നു. തുടർന്നു കുന്നുംപുറം പാലത്തിനു സമീപം ഇടപ്പള്ളി തോട്ടിൽ ആഫ്രിക്കൻ പോളകൾക്കിടയിൽ ഒളിച്ച പ്രതിയെ ഒന്നര മണിക്കൂർ തിരഞ്ഞാണു കണ്ടെത്തിയത്. അക്രമാസക്തനായ റസലിനെ ബലം പ്രയോഗിച്ചു കീഴടക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ സ്പെഷൽ സ്ക്വാഡിനാണു പ്രതി എളമക്കര ഭാഗത്തുണ്ടെന്നു വിവരം ലഭിച്ചത്. സെൻട്രൽ എസിപി പ്രേമാനന്ദ കൃഷ്ണൻ, കടവന്ത്ര എസ്എച്ച്ഒ ആർ.ബിജു, എസ്ഐ കെ.ഷാഹിന എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് വിവിധ സ്ഥലങ്ങളിലായി തിരച്ചിൽ നടത്തുന്നതിനിടെ പ്രതിയെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപം കണ്ടെത്തി. എന്നാൽ, പിടികൂടാൻ ശ്രമിച്ച പൊലീസുകാരുടെ കയ്യിൽ കടിച്ചും ആക്രമിച്ചും തള്ളിയിട്ട ശേഷം റെയിൽവേ ട്രാക്കിലൂടെ ഓടിപ്പോയി. ഇതിനിടെ ഏതോ കടയിൽ നിന്നു ഷർട്ട് മാറി ധരിക്കുകയും ചെയ്തു.
ഇതോടെ കടവന്ത്ര, എളമക്കര, ചേരാനല്ലൂർ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും സ്ട്രൈക്കർ ടീമും ഉൾപ്പെടെ വൻ സംഘം പ്രദേശത്തു തിരച്ചിൽ ആരംഭിച്ചു. വൈകിട്ട് മൂന്നരയോടെ വട്ടേക്കുന്നം ഭാഗത്തെ കാടുപിടിച്ച ഒഴിഞ്ഞ പറമ്പിൽ പ്രതിയുണ്ടെന്നു കണ്ടെത്തി. നാട്ടുകാരും പൊലീസും പറമ്പു വളഞ്ഞതോടെ പ്രതി ആഫ്രിക്കൻ പോള നിറഞ്ഞ ഇടപ്പള്ളി തോട്ടിലേക്കു ചാടി. കടവന്ത്രയിലെ സിപിഒ ഷിബു, എറണാകുളം നോർത്തിലെ സിപിഒ റിനു, എആർ ക്യാംപിൽ നിന്നുള്ള ഷൈൻ രാജ് എന്നിവർ വെള്ളത്തിലിറങ്ങി തിരച്ചിൽ ആരംഭിച്ചു.
ശ്വാസമെടുക്കാൻ മുഖം മാത്രം വെള്ളത്തിനു മുകളിൽ കൊണ്ടുവന്നു പോളയ്ക്കിടയിൽ പതിയിരുന്ന പ്രതിയെ ഒന്നര മണിക്കൂർ തിരഞ്ഞു കണ്ടെത്തി. വീണ്ടും അക്രമാസക്തനായെങ്കിലും പ്രതിയെ കരയിലേക്കു വലിച്ചു കയറ്റി കീഴടക്കി. പിടിയിലാകുമ്പോഴും പ്രതിയുടെ കയ്യിൽ വിലങ്ങുണ്ടായിരുന്നു. വെള്ളത്തിൽ തിരച്ചിൽ നടത്താനായി ഏലൂർ ഫയർഫോഴ്സിന്റെ സഹായം പൊലീസ് തേടിയെങ്കിലും ഇവർ എത്തും മുൻപു തന്നെ പ്രതിയെ കണ്ടെത്തിയിരുന്നു. മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റസലിനൊപ്പം ചാടിപ്പോയ ആലപ്പുഴ നൂറനാട് കഞ്ഞിക്കോട് ചെറുനാമ്പിൽ വീട്ടിൽ സൂരജിനെ(20) ഞായറാഴ്ച രാത്രി തന്നെ പിടികൂടിയിരുന്നു. പ്രതികൾ ചാടിപ്പോയതിനെ തുടർന്നു പൊലീസുകാർക്ക് എതിരെ വകുപ്പുതല നടപടിയുമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.