ലഖ്നൌ: ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വാക്കേറ്റം അവസാനിച്ചത് മൂന്ന് പേരുടെ കൊലപാതകത്തില്‍. മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മൂന്ന് യുവാക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് വെടിയേറ്റു മരിച്ചത്. ഒരു ചെറിയ തമാശയില്‍ തുടങ്ങിയ തർക്കം ഇത്ര വലിയൊരു കുറ്റകൃത്യത്തിലേക്ക് നീങ്ങിയത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.ജീതു സൈനി എന്ന യുവാവിന്‍റെ ജന്മദിന ആഘോഷമാണ് ജിമ്മിലും വീട്ടിലുമായി നടന്നത്. യുവാക്കള്‍ ജീതുവിന്‍റെ മുഖത്ത് കേക്ക് തേച്ചതിനെ തുടർന്ന് വലിയ രീതിയിലുള്ള തർക്കം ഉടലെടുത്തു. തുടർന്ന് ജീതു സൈനിയും കൂടെയുള്ളവരില്‍ കുറച്ചു പേരും സ്ഥലത്തുനിന്ന് പോയെങ്കിലും ആയുധങ്ങളുമായി തിരിച്ചെത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരില്‍ ഒരാളുടെ സഹോദരൻ സഞ്ജയ് പറഞ്ഞു.
ഏഴോ എട്ടോ ലൈസൻസുള്ള തോക്കുകളുമായാണ് ജീതുവും സംഘവും തിരിച്ചെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ ഉടൻ തന്നെ ഇവർ വെടിയുതിർത്തെന്നും സഞ്ജയ് പറഞ്ഞു. ഒത്തുതീർപ്പിനായി താൻ ശ്രമിച്ചെങ്കിലും പ്രതികള്‍ അതിന് തയ്യാറായില്ലെന്ന് സഞ്ജയ് പറയുന്നു.സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ഖുർജ നഗർ പൊലീസ് സ്ഥലത്തെത്തിയതായി എസ്പി (റൂറല്‍) അന്തരീക്ഷ് ജയിൻ അറിയിച്ചു. വെടിയേറ്റ മൂന്ന് യുവാക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. കേസിലെ പ്രതികളെ പിടികൂടാനായി ആറ് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്പി അറിയിച്ചു.
മീററ്റ് റേഞ്ച് ഡിഐജി കലാനിധി നൈതാനിയും മുതിർന്ന ഉദ്യോഗസ്ഥരും രാത്രി തന്നെ സംഭവസ്ഥലത്തെത്തി. ജിമ്മില്‍ യുവാക്കള്‍ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പ്രധാന പ്രതിയായ ജീതു സൈനിയും കൂട്ടാളികളും ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.