വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കെ, ഇറാന് വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ വൈമാനികനെയും അതീവ സാഹസികമായ നീക്കത്തിലൂടെ അമേരിക്കന്‍ ദൗത്യസംഘം രക്ഷപ്പെടുത്തി.
കനത്ത പോരാട്ടത്തിനൊടുവിലാണ് ഇദ്ദേഹത്തെ രക്ഷിച്ചതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 'അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാദൗത്യം' എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചത്. ശത്രുരാജ്യത്തിന്റെ ഉള്‍പ്രദേശത്തെ മലനിരകളില്‍ ഒളിച്ചിരുന്ന യുഎസ് വ്യോമസേനയിലെ കേണലിനെയാണ് കനത്ത വെടിവെപ്പിനിടെ അമേരിക്കന്‍ പ്രത്യേക സേന തിരിച്ചെടുത്തത്.2011-ല്‍ ഒസാമ ബിന്‍ ലാദനെ വധിച്ചപ്പോള്‍ മുന്‍ പ്രസിഡന്റ് ഒബാമ നടത്തിയ പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കും വിധം 'വി ഗോട്ട് ഹിം!' (ഞങ്ങള്‍ അവനെ കിട്ടി) എന്ന വാചകത്തോടെയാണ് ട്രംപ് വാര്‍ത്ത പുറത്തുവിട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കയുടെ എഫ്-15ഇ യുദ്ധവിമാനം ഇറാന് വെടിവെച്ചിട്ടത്. വിമാനം തകരുന്നതിന് മുന്‍പ് പുറത്തേക്ക് ചാടിയ പൈലറ്റിനെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുഎസ് സേന രഹസ്യമായി രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാമത്തെയാളായ വെപ്പണ്‍ സിസ്റ്റംസ് ഓഫീസറെ കണ്ടെത്താന്‍ രണ്ട് ദിവസം നീണ്ട തിരച്ചില്‍ വേണ്ടിവന്നു.
ഇറാന് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കൊടുംകാടുകളിലും മലനിരകളിലും ഒളിച്ചിരുന്ന ഇദ്ദേഹത്തെ പിടികൂടാന്‍ ഐആര്‍ജിസി ശക്തമായ തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു അമേരിക്കന്‍ കടന്നാക്രമണം.
രക്ഷാദൗത്യത്തിനിടെ ഇറാനിയന്‍ സേനയുമായി ശക്തമായ വെടിവെപ്പ് നടന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതിനിടെ കേണലിന് പരിക്കേറ്റുവെങ്കിലും അദ്ദേഹം ഇപ്പോള്‍ സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഒരു വശത്ത് ഇറാന് സൈന്യവും മറുവശത്ത് 60,000 ഡോളര്‍ പാരിതോഷികം മോഹിച്ച് പ്രദേശവാസികളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് യുഎസ് കമാന്‍ഡോകള്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങി കേണലിനെ രക്ഷിച്ചത്. രക്ഷാദൗത്യത്തിനിടെ നിരവധി ഇറാനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
അജയ്യമെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്ന അത്യാധുനിക യുദ്ധവിമാനം തകര്‍ത്തത് ഇറാന് വലിയ ആഘോഷമാക്കിയിരുന്നു. കാബൂളിലെ ഇറാനിയന്‍ എംബസി തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അമേരിക്കയെ പരിഹസിച്ചിരുന്നു.
'അദൃശ്യമെന്നും തൊടാന്‍ കഴിയാത്തതെന്നുമാണ് അവര്‍ ഈ വിമാനത്തെക്കുറിച്ച് പറഞ്ഞിരുന്നത്, ഇപ്പോള്‍ അതൊരു പാഴ്വസ്തുവായി ഭൂമിയില്‍ കിടക്കുന്നു' എന്നായിരുന്നു ഇറാന്റെ കുറിപ്പ്. പൈലറ്റിന്റെ തലയ്ക്ക് വിലയിട്ട ഇറാന് മാധ്യമങ്ങള്‍, അവരെ ജീവനോടെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ ഇറങ്ങിയ ശേഷം ശത്രുക്കളുടെ പിടിയിലാകാതിരിക്കാന്‍ കേണലിനെ സഹായിച്ചത് അദ്ദേഹത്തിന്റെ പ്രത്യേക സൈനിക പരിശീലനമാണ്. 'സര്‍വൈവല്‍, ഇവേഷന്‍, റെസിസ്റ്റന്‍സ് ആന്‍ഡ് എസ്കേപ്പ്' എന്ന പരിശീലനത്തിലൂടെ മലനിരകളിലെ ഉയര്‍ന്ന പ്രദേശത്തേക്ക് അദ്ദേഹം സ്വയം മാറുകയായിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി ബീക്കണ്‍ പ്രവര്‍ത്തിപ്പിച്ചാണ് യുഎസ് സൈന്യത്തിന് തന്റെ സ്ഥാനം കൃത്യമായി കൈമാറിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ട്രംപ് ആശുപത്രിയിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വൈറ്റ് ഹൗസ് ശക്തമായി നിഷേധിച്ചിരുന്നു. ഇറാനുമായുള്ള യുദ്ധത്തിന്റെ തന്ത്രങ്ങള്‍ മെനയുന്നതിലും പൈലറ്റുമാരുടെ രക്ഷാദൗത്യം നിരീക്ഷിക്കുന്നതിലും അദ്ദേഹം വ്യാപൃതനായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.
പൈലറ്റുമാരെ രക്ഷപ്പെടുത്തിയതിന് പിന്നാലെ നിരവധി ഇറാന് സൈനിക തലവന്മാരെ വധിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഞായറാഴ്ച രാവിലെ കനത്ത പോരാട്ടത്തിനൊടുവില്‍ ഇദ്ദേഹത്തെ സുരക്ഷിതമായി വീണ്ടെടുത്ത് ഇറാന് പുറത്തെത്തിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം ലോകത്തെ അറിയിച്ചത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്നും കാണാതായ സൈനികന് ഇപ്പോള്‍ സുരക്ഷിതനും ആരോഗ്യവാനുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേണല്‍ റാങ്കിലുള്ള ഈ സൈനികനെ വീണ്ടെടുക്കാന്‍ അത്യാധുനിക ആയുധങ്ങള്‍ ഘടിപ്പിച്ച ഡസന്‍ കണക്കിന് വിമാനങ്ങളെയാണ് തന്റെ നിര്‍ദ്ദേശപ്രകാരം അയച്ചതെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനിലെ ദുര്‍ഘടമായ പര്‍വതനിരകളില്‍ മണിക്കൂറുകളോളം ഒളിച്ചിരുന്ന സൈനികനെ സാഹസികമായി കണ്ടെത്തുകയായിരുന്നു. രാജ്യത്തിന്റെ ഒരു പോരാളിയെപ്പോലും താന്‍ ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച സൈന്യം അമേരിക്കയുടേതാണെന്നും ട്രംപ് ഈ വിജയത്തെ പ്രകീര്‍ത്തിച്ച് കുറിച്ചു.
സൈനികനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പുകളുമായി ട്രംപ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. സമാധാന കരാറിന് ഇറാന് വഴങ്ങിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ അന്ത്യശാസനം.
ടെഹ്റാനില്‍ യുഎസ് സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഇറാന്റെ നിരവധി ഉന്നത സൈനിക നേതാക്കളെ വധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. 48 മണിക്കൂറിനുള്ളില്‍ അമേരിക്കയുമായി സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനുമേല്‍ 'നരകം പെയ്തിറങ്ങുമെന്നും' അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മേഖലയാകെ വലിയ ദുരന്തഭൂമിയായി മാറുമെന്ന മുന്നറിയിപ്പുമായി ഇറാനും തിരിച്ചടിച്ചു. ആണവ വികിരണ ഭീഷണി ഉയര്‍ത്തിയാണ് ഇറാന് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ആശങ്ക വിതയ്ക്കുന്നത്. തങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ഗള്‍ഫ് മേഖലയിലെ (ജിസിസി) എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന വിധത്തില്‍ ആണവ വികിരണം പടരുമെന്ന് ഇറാന് അറിയിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള ഈ പോര് മുമ്പെങ്ങുമില്ലാത്ത വിധം പശ്ചിമേഷ്യയെ ഒരു വലിയ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയോടെയാണ് ഈ സംഭവവികാസങ്ങളെ നിരീക്ഷിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.