ജലന്ധർ: പഞ്ചാബ് സർക്കാരിന്റെ ഒമ്പതോ പത്തോ പോലീസുകാരുടെ സുരക്ഷയിലായിരുന്നു ഹർഭജൻ സിങ് ഇത്രയും നാള്‍. എന്നാല്‍ രാഘവ് ഛദ്ദയ്ക്കൊപ്പം എഎപിയില്‍ നിന്ന് ബിജെപിയിലേക്ക് കൂറ് മാറിയതോടെ ഹർഭജൻ സിങ്ങിന്റെ സുരക്ഷ പഞ്ചാബ് പോലീസ് പിൻവലിച്ചു.
കൂറുമാറിയ എംപിമാരെ 'രാജ്യദ്രോഹികള്‍' എന്ന് മുദ്രകുത്തി എഎപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആം ആദ്മി പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോപിച്ചു. പഞ്ചാബിന്റെ ജനവിധിയെയാണ് വഞ്ചിച്ചിരിക്കുന്നത്.രാഘവ് ചദ്ദയ്‌ക്കൊപ്പം എഎപിയില്‍ നിന്ന് ബിജെപിയിലേക്ക് മാറിയത് 6 എംപിമാരാണ്. ജലന്ധറിലെ ഛോട്ടി ബരാദാരി പ്രദേശത്താണ് ഹർഭജൻ സിങ്ങിന്റെ വീട്. മുൻ ക്രിക്കറ്റ് താരം കൂടിയായ ഹർഭജന് വസതിയില്‍ പഞ്ചാബ് പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.
പഞ്ചാബ് പോലീസ് പിൻവാങ്ങിയതിനു പിന്നാലെ ഞായറാഴ്ച തന്നെ സിങ്ങിന്റെ വസതിക്ക് പുറത്ത് സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തിച്ചേർന്നു. ഇനി ഇവരായിരിക്കും ഹർഭജന് സുരക്ഷ ഉറപ്പാക്കുക.
ലുധിയാനയിലും ജലന്ധറിലുമുള്ള സിങ്, അശോക് മിത്തല്‍, രജീന്ദർ ഗുപ്ത എന്നിവരുടെ വസതികള്‍ക്ക് പുറത്ത് ശനിയാഴ്ച എഎപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രം ഇവരുടെ സുരക്ഷ ഏറ്റെടുത്തത്. പ്രതിഷേധക്കാർ വീടുകളുടെ ചുവരുകളില്‍ 'ഗദ്ദാർ' (രാജ്യദ്രോഹി) എന്ന വാക്ക് സ്പ്രേ പെയിന്റ് ചെയ്തുവെച്ചത് വാർത്തയായിരുന്നു.
ഹർഭജൻ സിങ്, രാഘവ് ഛദ്ദ, അശോക് മിത്തല്‍, സന്ദീപ് പാഠക്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവരാണ് എഎപി വിട്ട് ബിജെപിക്കൊപ്പം ചേർന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എഎപി അതിന്റെ പ്രത്യയശാസ്ത്ര മൂല്യങ്ങളില്‍ നിന്ന് പിൻവാങ്ങിയതായി എംപിമാർ ആരോപിച്ചു.
അതെസമയം പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്ന എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നല്‍കിയിട്ടുണ്ട്. നിലവില്‍ കൂറുമാറ്റ നിരോധന നിയമം ഈ കൂറുമാറ്റത്തെ ബാധിക്കില്ലെന്നും, അതല്ല ബാധിക്കുമെന്നും വാദങ്ങളുയരുന്നുണ്ട്. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ മൂന്നില്‍ രണ്ടുപേർ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഉണ്ടാകില്ലെന്നാണ് രാഘവ് ഛദ്ദ പറയുന്നത്.
രാജ്യസഭയില്‍ പത്ത് അംഗങ്ങളാണ് എഎപിക്കുള്ളത്. എന്നാല്‍ ഈ കൂറുമാറ്റം കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനം തന്നെയാണെന്നാണ് മുതിർന്ന അഭിഭാഷകനും എംപിയുമായ കപില്‍ സിബലുമായും മറ്റും കൂടിക്കാഴ്ച നടത്തിയ എഎപി നേതാക്കള്‍ പറയുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.