ഡൽഹി ;റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 30 ദിവസത്തെ ‘ഇളവ് അനുവദിക്കുന്നു’ എന്ന ട്രംപ് ഭരണകൂടത്തിന്റെ പ്രസ്താവനയെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി.
റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി മാസങ്ങളോളം ഉപരോധവും വിലക്കും താരിഫ് ഭീഷണിയും ഉയർത്തി ഇന്ത്യയെ സമ്മർദത്തിലാക്കാൻ യുഎസ് ശ്രമിച്ചു. ഇറാനെതിരെ യുദ്ധം വെറും രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും അതേ ഇന്ത്യയോട് അടക്കം ഓടിനടന്ന് യാചിക്കുകയാണ് യുഎസ് - ‘‘റഷ്യൻ എണ്ണ വാങ്ങിക്കൂടേ...’’ - അരഗ്ചി പരിഹസിച്ചു.ഇറാനെതിരായ ‘നിയമവിരുദ്ധ യുദ്ധ’ത്തെ പിന്തുണച്ചാൽ റഷ്യയ്ക്കെതിരായ നിലപാടിൽ യുഎസിന്റെ പിന്തുണ കിട്ടുമെന്ന് കരുതി ‘ഇളിഭ്യരായ’ യൂറോപ്യൻ രാഷ്ട്രങ്ങളെയും ‘കഷ്ടം’ എന്ന് വ്യക്തമാക്കി അരഗ്ചി പരിഹസിച്ചു.
ഇറാനെതിരായ യുദ്ധവും തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയിരുന്നു. ഇതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ, എൽഎൻജി, എൽപിജി തുടങ്ങിയവയുടെ വിതരണം താറുമാറാവുകയും ചെയ്തത് അമേരിക്കയെ ഉൾപ്പെടെ വലയ്ക്കുകയാണ്.ഈ സാഹചര്യത്തിലാണ് ആദ്യം റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് യുഎസ് അനുവദിച്ചത്.
തൊട്ടുപിന്നാലെ ഏത് രാജ്യത്തിനും അടുത്ത 30 ദിവസത്തേക്ക് റഷ്യൻ എണ്ണ വാങ്ങാമെന്നും യുഎസ് വ്യക്തമാക്കി. എണ്ണവില പിടിച്ചുനിർത്തുകയും വിതരണം ഉറപ്പാക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയ വൈറ്റ്ഹൗസ്, നിലവിൽ കടലിൽ കപ്പലുകളിലുള്ള എണ്ണ മാത്രം വാങ്ങാനാണ് അനുമതിയെന്നും പറഞ്ഞിരുന്നു. ‘ഇളവ് അനുവദിക്കുന്നു’ എന്നാണ് പറയുന്നതെങ്കിലും ഫലത്തിൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോടും മറ്റും യാചിക്കേണ്ട അവസ്ഥയിലേക്ക് യുഎസ് എത്തിയെന്നാണ് ഇറാന്റെ പരിഹാസം. അതേസമയം, റഷ്യൻ എണ്ണയ്ക്ക് ഉപരോധ ഇളവ് അനുവദിച്ച യുഎസിന്റെ നിലപാടിനെ വിമർശിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തുവന്നിട്ടുണ്ട്.
യൂറോപ്പ് വീണ്ടും റഷ്യൻ എണ്ണ വാങ്ങിയാൽ അതു തന്ത്രപരമായ മണ്ടത്തരമായിരിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലേയേൻ അഭിപ്രായപ്പെട്ടിരുന്നു. റഷ്യയ്ക്ക് അപ്രതീക്ഷിത നേട്ടം ഇറാൻ യുദ്ധവും തുടർന്ന് റഷ്യൻ എണ്ണ ഏറ്റെടുക്കാൻ ഇന്ത്യയ്ക്കും മറ്റും ട്രംപ് അനുവദിച്ച ഇളവും റഷ്യയ്ക്ക് അപ്രതീക്ഷിത ലോട്ടറിയായി. നിലവിൽ കടലിൽ 30 ടാങ്കറുകളിലായി റഷ്യൻ എണ്ണയുണ്ടെന്നാണ് കണക്ക്. ഇന്ത്യയും ചൈനയുമാണ് പ്രധാനമായും ഇതു വാങ്ങുക. എങ്കിലും ഏത് രാജ്യത്തിനും തൽക്കാലം റഷ്യൻ എണ്ണ വാങ്ങാമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞത്, റഷ്യൻ എണ്ണയ്ക്കായുള്ള ‘പിടിവലിക്ക്’ ഇടയാക്കുമെന്ന വിലയിരുത്തലുണ്ട്.
ഉപരോധവും വിലക്കും ബഹിഷ്കരണവുമൊക്കെ ഉണ്ടായിരുന്നതിനാൽ നേരത്തേ ഇന്ത്യയ്ക്കും ചൈനയ്ക്കും വൻതോതിൽ ഡിസ്കൗണ്ട് നൽകിയാണ് റഷ്യ എണ്ണ വിറ്റിരുന്നത്. ഡിമാൻഡ് കൂടുന്നതോടെ ഈ ഡിസ്കൗണ്ട് റഷ്യയങ്ങ് നിർത്താനും സാധ്യതയുണ്ട്. യുഎസിൽ നിന്ന് ഇളവ് കിട്ടിയതോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ വൻതോതിൽ റഷ്യയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.