കോട്ടയം ; അക്രമികളിൽനിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്ക്കടുക്കാൻ അനുവദിക്കാതെ കൊലപ്പെടുത്തിയെന്ന കേസിൽ, 5 പ്രതികൾക്ക് 7 വർഷം കഠിനതടവ്.
ചെമ്പ് സ്വദേശി നോയലിനെ (23) 2012ൽ കൊലപ്പെടുത്തിയ കേസിലാണ് വിധി. 50,000 രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണമെന്ന് ജില്ലാ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി വി.സതീഷ് കുമാർ വിധിച്ചു. പിഴത്തുകയിൽനിന്ന് 2 ലക്ഷം രൂപ നോയലിന്റെ കുടുംബത്തിനും 50,000 രൂപ ഒപ്പം ആക്രമിക്കപ്പെട്ട സഹോദരൻ നോബിളിനും നൽകണമെന്നു ഉത്തരവിലുണ്ട്.വടക്കേമുറി ഓണാട്ടുത്തറയിൽ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുൽ അസീസ് (64), വടക്കേമുറി പള്ളത്ത് വീട്ടിൽ സുധീർ സുബി (47), വടക്കേമുറി ഇന്നാംതുരുത്തിൽ വീട്ടിൽ ഷാജി (54) എന്നിവർക്കാണ് ശിക്ഷ. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്.
2012 മാർച്ച് 16നു രാവിലെ 10.20ന് വൈക്കത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു ‘പ്രിയദർശിനി’ ബസും ഡ്രൈവർ നോബിളും. ബസ് പിന്നോട്ടെടുത്തപ്പോൾ തന്റെ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് അബ്ദുൽ അസീസ് നോബിളിനെ അവിടെവച്ച് മർദിച്ചു. മക്കളെയും ബന്ധുക്കളെയും കൂട്ടിവന്ന് ബസിന്റെ എറണാകുളം ട്രിപ് തടഞ്ഞ് വീണ്ടും നോബിളിനെ മർദിച്ചു. പരുക്കേറ്റ നോബിളിനെ വൈക്കം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ അവിടെയുമെത്തി.
നോബിളിനെയും കൂടെയുണ്ടായിരുന്ന സഹോദരൻ നോയലിനെയും ആശുപത്രി പരിസരത്ത് മർദിച്ചു. പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ട് മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചപ്പോൾ പിന്തുടർന്നെത്തിയ പ്രതികൾ മാരകായുധങ്ങളുമായി വീട്ടിലേക്ക് ഇരച്ചുകയറി. നോബിളും നോയലും മുറിഞ്ഞപുഴയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 200 മീറ്ററോളം വീതിയുള്ള പുഴയുടെ മറുകരയിൽ എത്തുക അസാധ്യമെന്നു തിരിച്ചറിഞ്ഞതോടെ തിരികെ കരയിലേക്കു നീന്തി.
ഈ സമയം കരയിൽ നിന്ന പ്രതികൾ ഇവർക്കു നേരെ തുരുതുരെ കല്ലുകൾ എറിഞ്ഞു, വടിവാൾ വീശി ഭയപ്പെടുത്തി. നീന്തി അവശനിലയിലായ നോയലിനെ കരയിലെത്തി രക്ഷപ്പെടാൻ പ്രതികൾ അനുവദിച്ചില്ല. തുടർന്ന് നോയൽ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു.വൈക്കം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ.എസ്.ബേബിക്കായിരുന്നു അന്വേഷണച്ചുമതല. 49 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.വിനോദ്ജി, ഗിരിജാ ബിജു എന്നിവർ ഹാജരായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.