ന്യൂഡൽഹി; ഇന്ത്യൻ അതിർത്തികളിൽ ഡ്രോൺ യുദ്ധമുറകളിലും ആയുധ പ്രയോഗങ്ങളിലും തീവ്രവാദികൾക്ക് പരിശീലനം നൽകിയ കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അറസ്റ്റിലായ മാത്യു വാൻഡൈക് വെറുമൊരു ഡോക്യുമെന്ററി സംവിധായകനോ മാധ്യമപ്രവർത്തകനോ അല്ല.
കുപ്രസിദ്ധ അമേരിക്കൻ സുരക്ഷാ അനലിസ്റ്റായ ഇയാളെ കൊൽക്കത്ത വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്. വാൻഡൈക്കിനൊപ്പം ആറ് യുക്രെയ്ൻ പൗരന്മാരും വിവിധയിടങ്ങളിൽനിന്നായി പിടിയിലായിട്ടുണ്ട്.2011ൽ ലിബിയൻ ആഭ്യന്തരയുദ്ധകാലത്ത്, വിമത പോരാളികൾക്കൊപ്പം ചേർന്ന് ജയിലിലടയ്ക്കപ്പെട്ടപ്പോഴാണ് വാൻഡൈക് രാജ്യാന്തര ശ്രദ്ധ നേടുന്നത്.ലിബിയയ്ക്കുശേഷം, യുദ്ധമേഖലകളിൽ പ്രാദേശിക സായുധ ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനവും തന്ത്രപരമായ ഉപദേശങ്ങളും നൽകാനായി വാൻഡൈക് സ്ഥാപിച്ച സൈനിക കരാർ സ്ഥാപനമാണ് സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷനൽ. നിയമവിരുദ്ധമായി അതിർത്തി കടക്കൽ, മ്യാൻമർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധപരിശീലനം നൽകൽ, ഇന്ത്യയിലെ നിരോധിത സംഘടനകളെ സഹായിക്കൽ എന്നിവയാണ് മാത്യു വാൻഡൈക് ഇന്ത്യയിൽ ചെയ്ത കുറ്റകൃത്യം.
വാൻഡൈക്കിനൊപ്പം അറസ്റ്റ് ചെയ്ത മൂന്ന് യുക്രെയ്ൻ പൗരന്മാരെ ലക്‌നൗവിൽനിന്നും മൂന്നു പേരെ ഡൽഹിയിൽനിന്നുമാണു പിടികൂടിയത്. ഏഴു പേരെയും പിന്നീട് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ഗൂഢാലോചനയുടെ തെളിവുകൾ ശേഖരിക്കുന്നതിനും മറ്റ് കൂട്ടാളികളെ കണ്ടെത്തുന്നതിനുമായി എൻഐഎ 15 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി 11 ദിവസത്തെ കസ്റ്റഡി അനുവദിച്ചു. മാർച്ച് 27ന് എല്ലാ പ്രതികളെയും വീണ്ടും ഹാജരാക്കും.
എൻഐഎ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, 14 യുക്രെയ്ൻ പൗരന്മാർ വിവിധ തീയതികളിലായി ടൂറിസ്റ്റ് വീസയിലാണ് ഇന്ത്യയിലെത്തിയത്. ഇവർ ഗുവാഹത്തിയിലേക്ക് വിമാനമാർഗം എത്തി, ആവശ്യമായ രേഖകളില്ലാതെ മിസോറാമിലേക്ക് യാത്ര ചെയ്യുകയും അവിടെനിന്ന് നിയമവിരുദ്ധമായി മ്യാൻമറിലേക്ക് കടക്കുകയുമായിരുന്നു. മ്യാൻമറിലെ വംശീയ സായുധ സംഘങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഇതേ സംഘങ്ങൾക്ക് ഉപയോഗിക്കാനായി യൂറോപ്പിൽനിന്ന് വൻതോതിൽ ഡ്രോണുകൾ ഇന്ത്യ വഴി മ്യാൻമറിലേക്ക് ഇറക്കുമതി ചെയ്തതായും ആരോപണമുണ്ട്.മ്യാൻമറിൽ സജീവമായ പല സായുധ സംഘങ്ങൾക്കും ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ സംഘങ്ങൾ ഇന്ത്യൻ വിഘടനവാദി സംഘടനകൾക്ക് ആയുധങ്ങളും സാങ്കേതിക വിദ്യയും പരിശീലനവും നൽകുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ഈ ശൃംഖലയ്ക്ക് ഇന്ത്യയ്ക്കുള്ളിൽ പ്രാദേശികമായ എന്തെങ്കിലും ബന്ധമുണ്ടോ എന്നും ഡ്രോണുകൾ എങ്ങനെയാണ് ഇന്ത്യൻ അതിർത്തിയിലൂടെ കടത്തിയതെന്നും അന്വേഷിച്ചുവരുന്നു.
അറസ്റ്റ് സമയത്ത് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും നിലവിൽ പരിശോധിച്ചുവരികയാണ്. പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം, മ്യാൻമർ സൈന്യത്തിനെതിരെ പോരാടുന്ന പ്രാദേശിക സംഘങ്ങളെ പരിശീലിപ്പിക്കാൻ വിദേശികൾ മിസോറം വഴി മ്യാൻമറിലേക്ക് കടക്കുന്നുണ്ടെന്ന് 2025 മാർച്ചിൽ മിസോറം മുഖ്യമന്ത്രി ലാൽദുഹോമ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ള മുൻ സൈനിക ഉദ്യോഗസ്ഥരും കൂലിപ്പടയാളികളും ഉൾപ്പെടെയുള്ളവർ ഇതിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.