കാസർകോട്: മഞ്ചേശ്വരത്തെയും കാസർകോട്ടെയും നിർണായക വോട്ട് ബാങ്കാണ് തുളുനാട്. മഞ്ചേശ്വരം ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രനും കാസർകോട് ബിജെപി സ്ഥാനാർഥി എം.എൽ. അശ്വിനിയും ധരിച്ചിരുന്ന ഷാളുകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു;
തുളുനാടിന്‍റെ അടയാളങ്ങളായ സൂര്യനും ചന്ദ്രക്കലയും ഒപ്പം 'ജയ് തുളുനാട്' എന്ന മുദ്രാവാക്യവും. ഇത് ഇംഗ്ലീഷിലും തുളു ലിപിയിലും ആലേഖനം ചെയ്തിട്ടുണ്ട്. തുളുനാട്ടുകാരുടെ വോട്ട് ഉറപ്പിക്കാനാണ് ഈ നീക്കമെന്നാണ് ഉയരുന്ന ആരോപണം.മലയാളത്തെ കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള 'മലയാള ഭാഷാ ബിൽ' പാസാക്കിയ പശ്ചാത്തലത്തിലാണ് തുളുവിനോടുള്ള ഈ ആഭിമുഖ്യം ശക്തമാകുന്നത്. സംസ്ഥാനം മലയാളത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്നതിനോട് തങ്ങൾ എതിരല്ലെന്ന് ഇരു സ്ഥാനാർഥികളും വ്യക്തമാക്കുമ്പോഴും, ഇത് കാസർകോട്ടെ ഭാഷാ ന്യൂനപക്ഷങ്ങളെ ബാധിക്കരുതെന്ന വിഷയം അവർ തെരഞ്ഞെടുപ്പ് ചർച്ചയാക്കുന്നു.
കാസർകോട് ജില്ലയിലുള്ള കന്നഡ, തുളു ഭാഷാ സമൂഹങ്ങളെ രണ്ടാം തരം പൗരന്മാരായല്ല, മൂന്നാം തരം പൗരന്മാരായാണ് സർക്കാർ പരിഗണിക്കുന്നതെന്ന് പത്രികാ സമർപ്പണത്തിന് ശേഷം കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. ഈ മേഖലയിലെ മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം കന്നഡയും തുളുവും സംസാരിക്കുന്നവരാണ്.
എന്നാൽ ഇവിടെ മലയാളം നിർബന്ധമാക്കിയിരിക്കുകയാണ്.ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുക്കളിൽ ഭൂരിഭാഗവും തുളു മാതൃഭാഷയായവരും ക്രിസ്ത്യാനികൾ കൊങ്കണി സംസാരിക്കുന്നവരുമാണെങ്കിലും ഈ മേഖലയിലെ പൊതുഭാഷ കന്നഡയാണ്.
2011-ലെ സെൻസസ് പ്രകാരം കാസർകോട് ജില്ലയിൽ മലയാളം സംസാരിക്കുന്നവർ 82.7 ശതമാനമാണ്. തുളു സംസാരിക്കുന്നവർ 8.77%, കന്നഡ 4.23%, മറാത്തി 1.76%, കൊങ്കണി 1.29%, മറ്റുള്ളവർ 1.26% എന്നിങ്ങനെയാണ് കണക്കുകൾ. മലയാളം, കന്നഡ, തുളു, ബ്യാരി, കൊങ്കണി, മറാത്തി, ഉറുദു സംസാരിക്കുന്നവർ ഈ പ്രദേശത്തുണ്ട്.ബഹുഭാഷാ സംഗമഭൂമിയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നിരവധി ഭാഷകൾ കൈകാര്യം ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. മഞ്ചേശ്വരം യുഡിഎഫ് സ്ഥാനാർത്ഥി എ.കെ.എം. അഷ്റഫിന് ഏഴു ഭാഷകൾ അറിയാം;
അദ്ദേഹത്തിന്‍റെ മാതൃഭാഷ ബ്യാരിയാണ്. കോഴിക്കോട് സ്വദേശിയായ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന് മലയാളം കൂടാതെ കന്നഡയും സംസാരിക്കാൻ അറിയാം. എൽഡിഎഫ് സ്ഥാനാർഥി വി.വി. ജയാനന്ദന്‍റെ മാതൃഭാഷ തുളു ആയതിനാൽ അദ്ദേഹം ആ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നു. കാസർകോട് എൻഡിഎ സ്ഥാനാർഥി അശ്വിനിയും കന്നഡയും തുളുവും അടക്കം ആറു ഭാഷകൾ കൈകാര്യം ചെയ്യുന്നയാളാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.