യുകെ ;വീസ ദുരുപയോഗം വ്യാപകമാണെന്ന കാരണത്തെ തുടർന്ന് അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാൻമർ, സുഡാൻ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദ്യാർഥി വീസ നൽകുന്നത് ഈ മാസം മുതൽ നിർത്തുമെന്ന് യുകെയുടെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് അറിയിച്ചു.
അതോടൊപ്പം അഫ്ഗാൻ പൗരന്മാർക്ക് സ്കിൽഡ് വർക്ക് വീസയും നൽകുന്നത് നിർത്തുമെന്ന് ഹോം ഓഫിസ് വ്യക്തമാക്കി.ഹോം ഓഫിസ് പ്രകാരം, പഠനത്തിനായി നിയമപരമായി യുകെയിൽ എത്തിയ ശേഷം അഭയം (അസൈലം) ആവശ്യപ്പെടുന്നവരുടെ എണ്ണം ഈ നാല് രാജ്യങ്ങളിൽ നിന്നുള്ളവരിലാണ് ഏറ്റവും കൂടുതലുള്ളത്.യഥാർഥമായി സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിൽ യുകെയുടെ അഭിമാനകരമായ പാരമ്പര്യം നിലനിർത്തുന്നതിനായി വീസ ദുരുപയോഗം സർക്കാർ കർശനമായി നിയന്ത്രിക്കുന്നുവെന്നാണ് സർക്കാർ മുന്നറിയിപ്പ്.സർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം, പഠനം പോലുള്ള നിയമപരമായ കാരണങ്ങളാൽ യുകെയിൽ എത്തിയ ശേഷം അഭയം ആവശ്യപ്പെട്ടവരുടെ എണ്ണം 2021 മുതൽ 2025 വരെ മൂന്നിരട്ടിയിലധികം വർധിച്ചു. വിദ്യാർഥി വീസയിൽ എത്തിയ ശേഷം അഭയം ആവശ്യപ്പെടുന്നവർ ഇപ്പോൾ നിലവിലുള്ള അപേക്ഷകളുടെ 13% ആണ്. “യുകെയുടെ ഉദാരതയെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർക്കായി വീസ നിഷേധിക്കുന്ന അപൂർവമായ തീരുമാനം ഞാൻ എടുക്കുകയാണ്.
നമ്മുടെ അതിർത്തികളിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും നിയന്ത്രണവും പുനഃസ്ഥാപിക്കും” ശബാന മഹ്മൂദ് പറഞ്ഞു. അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാൻമർ, സുഡാൻ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 16,000 പേർക്ക് നിലവിൽ യുകെ സർക്കാർ സഹായം നൽകി വരുന്നുവെന്ന് ഹോം ഓഫിസ് അറിയിച്ചു. 2021 മുതൽ പഠന വീസയിൽ യുകെയിൽ എത്തിയ അഫ്ഗാൻ പൗരന്മാരിൽ ഏകദേശം 95% പേർ പിന്നീട് അഭയം ആവശ്യപ്പെട്ടു. മ്യാൻമറിൽ നിന്നുള്ള വിദ്യാർഥികളുടെ അഭയം അപേക്ഷകൾ 16 ഇരട്ടിയായി വർധിച്ചു. കാമറൂണിലും സുഡാനിലും നിന്നുള്ള വിദ്യാർഥികളുടെ അപേക്ഷകൾ നാലിരട്ടിയിലധികം ഉയർന്നു.അഫ്ഗാൻ പൗരന്മാർക്ക് വർക്ക് വീസ നൽകുന്നത് നിർത്താനുള്ള കാരണമായി വീസ കാലാവധി കഴിഞ്ഞ ശേഷം വലിയ തോതിൽ അഭയത്തിനായി അപേക്ഷിക്കുന്നതും ഹോം ഓഫിസ് ചൂണ്ടിക്കാട്ടി. ഇത് യുകെയുടെ അസൈലം സംവിധാനത്തിന് “താങ്ങാനാവാത്ത സമ്മർദം” സൃഷ്ടിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. പുതിയ നടപടികൾ നടപ്പിലാക്കാൻ വ്യാഴാഴ്ച ഇമിഗ്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തുന്ന നിയമം ശബാന മഹ്മൂദ് അവതരിപ്പിക്കും. മുൻപ് ആംഗോള, നമീബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോ എന്നീ രാജ്യങ്ങൾ അനധികൃത കുടിയേറ്റക്കരെ തിരിച്ചയയ്ക്കുന്നത് സ്വീകരിക്കാൻ തയാറാകാത്ത പക്ഷം അവരുടെ പൗരന്മാർക്ക് വീസകൾ നിർത്തുമെന്നു സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് ഈ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കൽ വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു. കുടിയേറ്റം കുറയ്ക്കണമെന്ന രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പ്രധാനമന്ത്രി കിയ സ്റ്റാമർ കടുത്ത നയതന്ത്ര സമീപനം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ചെറിയ ബോട്ടുകളിൽ ഇംഗ്ലിഷ് ചാനൽ കടന്ന് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ അഭയാർഥികളുടെ സംരക്ഷണ കാലാവധി 30 മാസമായി കുറയ്ക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2025ൽ 41,472 പേർ ചെറിയ ബോട്ടുകളിൽ ചാനൽ കടന്നു വന്നിരുന്നു.
ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 5,000 പേർ അധികമാണ്. യുഎൻഎച്ച്സി ആർ (UNHCR) റിപ്പോർട്ട് പ്രകാരം അഭയാർഥികളെ ഏറ്റുവാങ്ങുന്നതിൽ യുകെ ലോകത്ത് ആറാം സ്ഥാനത്താണ് എന്ന് ഹോം ഓഫിസ് വ്യക്തമാക്കി. ഇതിലൂടെ യഥാർഥമായി സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിൽ സർക്കാരിന്റെ പ്രതിബദ്ധത പ്രകടമാണെന്നും അവർ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.