പാലക്കാട്: സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഒക്കെയുമായി കാലമെത്ര കഴിഞ്ഞാലും തെരഞ്ഞെടുപ്പിന് ചുമരെഴുത്ത് മുഖ്യമാണ്. പണ്ടുമുതലേ ചുമരെഴുതിയാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ പ്രചാരണം തുടങ്ങുന്നത് പോലും.
ഇന്ന് ചുമരെഴുത്തിന് ആളെ കിട്ടാനില്ലല്ലോ എന്ന പരാതി പറയാന്‍ വരട്ടെ, ഇനി ആ ജോലി ചെയ്യാനും റോബോട്ടുകള്‍ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. പരമ്പരാഗത രീതിയിലുള്ള ചായക്കൂട്ടുകളും ബ്രഷുകളും മാറി നില്‍ക്കുന്നിടത്ത്, സാങ്കേതികവിദ്യയുടെ വിപ്ലവം തീര്‍ത്തുകൊണ്ട് 'ചുവര്‍ബോട്ട്' എന്ന റോബോട്ട് അങ്കത്തട്ടിലിറങ്ങുകയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പിനിയാണ് ഈ പുത്തന്‍ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍.തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയ ഈ റോബോട്ടിനെ പരീക്ഷണാടിസ്ഥാനത്തില്‍ രംഗത്തിറക്കിയത് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്ക് വേണ്ടിയാണ്. കൊടുന്തിരപ്പുള്ളിയിലെ ഒരു ചുമരില്‍ ചുവര്‍ബോട്ട് വരച്ച പിഷാരടിയുടെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വളരെ കുറഞ്ഞ സമയം കൊണ്ട് കൃത്യതയോടെ ചുമരുകള്‍ എഴുതിത്തീര്‍ക്കാനുള്ള ഈ റോബോട്ടിന്റെ കഴിവ് രാഷ്ട്രീയ പാര്‍ട്ടികളെയും പൊതുജനങ്ങളെയും ഒരുപോലെ അതിശയിപ്പിക്കുന്നു.
സിഎന്‍സി (Computerized Numerical Control) വാള് സ്പ്രേ പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചുവര്‍ബോട്ട് പ്രവര്‍ത്തിക്കുന്നത്. കംപ്യൂട്ടറില്‍ നല്കുന്ന ഡിസൈനുകള്‍ക്കനുസരിച്ച് ഏത് നിറത്തിലും മലയാളം ഉള്‍പ്പെടെ ഏത് ഭാഷയിലും ഏത് നിറത്തിലും 'ചുവര്‍ബോട്ട്' എഴുതും. ചിത്രങ്ങളും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ട് പ്രവര്‍ത്തിക്കുക.
കേവലം വാക്കുകള്‍ മാത്രമല്ല, സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും അതീവ കൃത്യതയോടെ ചുവര്‍ബോട്ട് വരച്ചുതീര്‍ക്കും. രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ നീളമുള്ള ഒരു സാധാരണ ചുമരിലെ എഴുത്തുകള്‍ വെറും 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാം എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
ഒരു ടെക്നീഷ്യനും ഒരു ഡിസൈനറും അടങ്ങുന്ന രണ്ട് ജീവനക്കാരുടെ സഹായത്തോടെ റോബോട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനാകും. സിഎന്‍സി വാള് സ്പ്രേ പ്രിന്റിംഗ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ കണ്ട്രോള് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കപ്പുറം വലിയൊരു വാണിജ്യ സാധ്യതയും ഈ സാങ്കേതികവിദ്യ മുന്നോട്ടുവെക്കുന്നുണ്ടെന്ന് കമ്പിനി സി.ഇ.ഒ. ഷാക്കിബ് ഗീതാഞ്ജലി വ്യക്തമാക്കുന്നു. മുനിസിപ്പല്‍ സന്ദേശങ്ങള്‍, ടൂറിസം ബ്രാന്‍ഡിംഗുകള്‍, വാണിജ്യപരമായ പരസ്യങ്ങള്‍ എന്നിവയ്ക്കും ചുവര്‍ബോട്ട് ഫലപ്രദമായി ഉപയോഗിക്കാം.
നിലവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ താല്‍പ്പര്യം സൃഷ്ടിച്ചിരിക്കുന്ന ഈ റോബോട്ട് വരുംദിവസങ്ങളില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെ ചുവരുകളെ ഡിജിറ്റല്‍ മനോഹാരിതയുള്ള പ്രചാരണ ഇടങ്ങളാക്കി മാറ്റുമെന്നുറപ്പാണ്. ചുരുക്കത്തില്‍, കഠിനാധ്വാനവും സമയവും ലാഭിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ വിസ്മയം തീര്‍ക്കുകയാണ് ചുവര്‍ബോട്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.