കോട്ടയം: വൈക്കം മുറിഞ്ഞപുഴയാറ്റില്‍ യുവാവിനെ കല്ലെറിഞ്ഞ് വെള്ളത്തില്‍ താഴ്ത്തിക്കൊന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് ഏഴുവർഷം കഠിനതടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
കോട്ടയം ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി വി. സതീഷ് കുമാറാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. 2012-ല്‍ ചെമ്പ് സ്വദേശി നോയല്‍ (23) കൊല്ലപ്പെട്ട സംഭവത്തിനാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്.ഒന്നാം പ്രതി ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുള്‍ അസീസ് (64), സുധീർ (47), ഷാജി (54) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് നാല് പ്രതികളെ കോടതി വെറുതെ വിട്ടു.
2012 മാർച്ച് 16-നായിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കത്തെ പെട്രോള്‍ പമ്പില്‍ വെച്ച് പ്രിയദർശിനി എന്ന ബസ് ബൈക്കില്‍ തട്ടിയതിനെച്ചൊല്ലിയുണ്ടായ ചെറിയ തർക്കമാണ് വലിയ അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.
ബസ് ഡ്രൈവർ നോബിളിനെ അസീസ് ആദ്യം മർദ്ദിച്ചു. പിന്നീട് മക്കളെയും കൂട്ടി ബസ് തടഞ്ഞുനിർത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ നോബിളിനെയും സഹോദരൻ നോയലിനെയും ആശുപത്രിയില്‍ വെച്ചും പ്രതികള്‍ ആക്രമിച്ചു. ജീവൻ രക്ഷിക്കാൻ ഇവർ മുറിഞ്ഞപുഴയാറ്റില്‍ ചാടിയെങ്കിലും, കരയില്‍ നിന്ന പ്രതികള്‍ ഇവരെ ക്രൂരമായി കല്ലെറിഞ്ഞ് വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു. ഇതിനിടെയാണ് നോയല്‍ മുങ്ങിമരിച്ചത്.
പിഴത്തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട നോയലിന്റെ കുടുംബത്തിനും 50,000 രൂപ പരിക്കേറ്റ നോബിളിനും നല്‍കാൻ കോടതി ഉത്തരവിട്ടു. വിചാരണ വേളയില്‍ കൂറുമാറിയ നാല് സാക്ഷികള്‍ക്കെതിരെ കേസ് എടുക്കാനും കോടതി നിർദ്ദേശിച്ചു. 49 സാക്ഷികളെ വിസ്തരിച്ച കേസില്‍ 72 രേഖകള്‍ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.