അടൂർ: തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തലവേദനയായി അടൂർ സഹകരണ സംഘത്തിലെ ക്രമക്കേട് ആരോപണം.
സഹകരണ സംഘത്തിൽ വൻ ക്രമക്കേടാണ് നടന്നതെന്നും അഴിമതിക്ക് കൂട്ടുനിൽക്കാനാകാത്തതിനാൽ രാജിവയ്ക്കുന്നുവെന്ന് പ്രസിഡന്റ് പൊൻതാമര പിള്ള വാർത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ മഹിളാ അസോസിയേഷൻ നേതാവായ പൊൻതാമര പിള്ള മുൻ എംഎൽഎ ഉണ്ണികൃഷ്ണ പിള്ളയുടെ ഭാര്യയാണ്. വാർത്താ സമ്മേളനത്തിൽ ഉണ്ണികൃഷ്ണ പിള്ളയ്‌ക്കൊപ്പമാണ് പത്തനംതിട്ട പ്രസ്‌ക്ലബ്ബിൽ പൊൻതാമര പിള്ളയെത്തിയത്.ബാങ്കിൽ 75 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നതെന്നാണ് ഇവർ പറയുന്നത്. ക്രമക്കേടിന് താൻ കൂട്ടുനിന്നില്ലെന്നും ഇവർ പറയുന്നു. ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപിച്ച ആൾ അറിയാതെ പിൻവലിച്ചു, മാത്രമല്ല ഈ നിക്ഷേപത്തിന്റെ പലിശ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി എന്ന് കരുവാറ്റ സ്വദേശി പരാതി നൽകി. വ്യാജരേഖ ചമച്ച് മറ്റൊളുടെ പേരിൽ വായ്പയെടുത്തെന്നും അത് നേതാക്കൾ വീതിച്ചെടുത്തെന്നും ഇവർ ആരോപിക്കുന്നു. ഇതടക്കം ചെറുതും വലുതുമായ ക്രമക്കേടുകളാണ് ബാങ്കിൽ നടന്നത്.
പൊൻതാമര പിള്ള വെളിപ്പെടുത്തിയത് 75 ലക്ഷത്തിന്റെ ക്രമക്കേടാണ്. ഇത്തരത്തിൽ സ്ഥിരനിക്ഷേപമുൾപ്പെടെ തട്ടിയെടുത്തതിൽ കൂടുതൽ പരാതികൾ വരുമെന്നാണ് വിവരം. പൊൻതാമര പിള്ള വെളിപ്പെടുത്തിയ വിവരങ്ങൾ സഹകരണ വകുപ്പിന്റെ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനായി പരിശോധിച്ചപ്പോഴാണ് തന്റെ ഒപ്പുപോലും വ്യാജമായി ഇട്ട് തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായതെന്ന് പൊൻതാമര പിള്ള പറയുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേതാക്കളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല. പാർട്ടി നേതാക്കൾ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
ഇത് തന്റെ മേൽ കെട്ടിവയ്ക്കുമെന്ന ഭീതിയിലാണ് പൊൻതാമര പിള്ള വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നത്. മുൻ പ്രസിഡന്റും നിലവിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രനെതിരെയാണ് ഇവർ പ്രധാനമായും ആരോപണങ്ങളുന്നയിക്കുന്നത്. ബാങ്കിൽ കംപ്യൂട്ടർ വത്കരണം കൊണ്ടുവരുന്നതിന് മുമ്പുള്ള രേഖകൾ നശിപ്പിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. 2024 നവംബർ ഒന്നിനാണ് പൊൻതാമര പിള്ള സഹകരണ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.
സിപിഎം നേതൃത്വത്തിലുള്ളവർ ഏറെക്കാലമായി ഭരണസമിതിയിലുള്ളതാണ് അടൂർ സഹകരണ സംഘം. കഴിഞ്ഞ ദിവസം അടൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദത്തിൽ പങ്കെടുത്തവരാണ് ഉണ്ണികൃഷ്ണപിള്ളയും ഭാര്യ പൊൻതാമര പിള്ളയും. പാർട്ടിയോട് പ്രശ്‌നങ്ങളില്ലെന്നും എന്നാൽ പ്രാദേശിക നേതാക്കൾ ഉപദ്രവിക്കുന്നുവെന്നും പൊൻതാമര പിള്ള പറയുന്നു.
നേതാക്കളുടെ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്തതിനാൽ തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ജീവനക്കാരും തന്നോട് സഹകരിക്കുന്നില്ലെന്നും അഴിമതിക്ക് കൂട്ടുനിൽക്കാൻ വയ്യാത്തതിനാൽ രാജിവയ്ക്കുന്നുവെന്നുമാണ് പൊൻതാമര പിള്ള പറയുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.