നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി..നെട്ടോട്ടമോടി സ്ഥാനാർത്ഥികൾ.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നെട്ടോട്ടമോടി സ്ഥാനാർത്ഥികൾ.

ഇന്ന് പെരുന്നാൾ അവധിയാണ്. നാളെ (ശനിയാഴ്‌ച) ഒരു ദിവസമാണ് സർക്കാർ നടപടികൾ പൂർത്തിയാക്കാൻ മുന്നിലുള്ളത്. 23നാണ് (തിങ്കളാഴ്‌ച) പത്രിമ സമർപ്പിക്കാനുള്ള അവസാന ദിവസം. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഇതുവരെ നിശ്ചയിക്കാത്തതും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. 

24ന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. 26 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്.ആകെയുള്ള 140 മണ്ഡലങ്ങളില്‍ 21 ഇടങ്ങളില്‍ മാത്രമാണ് ഇതേവരെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചത്. അതില്‍ ഏറെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. മൂന്ന് മുന്നണികളുടേയും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഇനിയും പത്രിക സമര്‍പ്പിക്കാനിരിക്കുകയാണ്. ആകെ സംസ്ഥാനത്ത് ഫയല്‍ ചെയ്യപ്പെട്ടത് 32 പത്രികകളാണ്.

രണ്ടുദിവസം കൊണ്ട് നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടാണെന്ന് മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ എം വിജയകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. വിശദ പരിശോധന നടത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാലോ അഞ്ചോ ദിവസമെങ്കിലും ആവശ്യമാണ്. ഇപ്പോഴുള്ള സാഹചര്യം പുതിയ സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയാണെന്നും വിജയകുമാർ പറഞ്ഞു.പരിചയമുള്ളവർക്ക് ഒരു ദിവസം കൊണ്ട് തീർക്കാവുന്ന നടപടികൾ മാത്രമേ ഇതിലുള്ളൂയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഇടിവി ഭാരതിനോട് വ്യക്തമാക്കി. 

പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട ജോലികൾക്ക് എല്ലാ പാർട്ടികൾക്കും പ്രത്യേക സംഘമുണ്ട്. അവർ ഇതെല്ലാം സമയബന്ധിതമായി ചെയ്യുമെന്നും തിരുവഞ്ചൂർ പറഞ്ഞു.അതേസമയം ഒരു ചെറു പിഴവ് പോലും പത്രിക തള്ളാന്‍ കാരണമാകുമെന്നതും നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് കിട്ടേണ്ടതുണ്ടെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വിവിധ കക്ഷികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ ഇതിനായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എത്തുമ്പോള്‍ അവിടെയുള്ള ഉദ്യോഗസ്ഥരുടെ ജോലിഭാരവും വര്‍ദ്ധിക്കുന്നു.

നാമനിര്‍ദേശ പത്രികയോടൊപ്പം നിരവധി സര്‍ക്കാര്‍ രേഖകളും സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സ്ഥാനാര്‍ത്ഥിയുടേയും ആശ്രിതരുടേയും ആദായ നികുതി സംബന്ധിച്ച വിവരങ്ങള്‍, നിലവിലുള്ള ക്രിമിനല്‍ കേസുകള്‍ എന്നിവയാണ് ഏറ്റവും മുഖ്യം. ഏതൊക്കെ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന വിവരവും എഫ് ഐ ആര്‍ നമ്പറുകളും സ്ഥാനാര്‍ത്ഥികള്‍ ശേഖരിക്കണം. കേസ് കോടതിയിലാണെങ്കില്‍ അതിന്‍റെ വിവരം നല്‍കണം. വാറണ്ടുകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണം. ശിക്ഷിക്കപ്പെട്ട കേസുകളുണ്ടെങ്കില്‍ കുറ്റകൃത്യത്തിന്‍റെ വിശദാംശങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ശിക്ഷ എന്തായിരുന്നുവെന്നും നല്‍കണം.

സ്ഥാനാര്‍ത്ഥിയുടെ പേരിലും ആശ്രിതരുടെ പേരിലുമുള്ള സ്ഥാവര ജംഗമ വസ്‌തുക്കളുടെ വിശദ വിവരം , ബാങ്ക് നിക്ഷേപങ്ങളുടേയും ഓഹരി നിക്ഷേപങ്ങളുടേയും വിശദാംശങ്ങള്‍, കൈവശമുള്ള ഭൂമിയുടേയും കെട്ടിടങ്ങളുടേയും വിശദാംശങ്ങള്‍ സര്‍വേ നമ്പറുകള്‍, മതിപ്പ് വില എന്നിവയൊക്കെ സത്യവാങ്ങ് മൂലത്തിനൊപ്പം നല്‍കണം.

സര്‍ക്കാരിന് കൊടുക്കാനുള്ള തുകകളുമായി ബന്ധപ്പെട്ട് നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നോ ഡ്യൂസ്, ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതുണ്ട്. സര്‍ക്കാര്‍ താമസ സൗകര്യം ഉപയോഗിച്ചതിന്‍റെ വാടക, ടെലഫോണ്‍, വെള്ളക്കരം, വൈദ്യുതി ബില്‍, എന്നിവയൊക്കെ കുടിശ്ശിക ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പത്രികയോടൊപ്പം നല്‍കണം.

മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ഒ ആർ കേളു ടി.എൻ പ്രതാപൻ, സി.ആർ മഹേഷ്, ബിന്ദു കൃഷ്‌ണ, പി. അയിഷാ പോറ്റി എന്നിവരാണ് പത്രിക സമർപ്പിച്ച പ്രമുഖർ.

മാര്‍ച്ച് പതിനഞ്ചിനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. ഏപ്രില്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍. പുതുച്ചേരിയിലും അസമിലും കേരളത്തിനൊപ്പമാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !