ഉമ്മുൽഖുവൈൻ :ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെ കൊച്ചു വീട്. അവിടെ വിധി തളച്ചിട്ട ശരീരവുമായി, ഉറ്റവരുടെ അരികിലെത്താൻ കൊതിച്ച് ഒരു മലയാളി യുവാവ് തന്റെ വിധിയോർത്ത് കണ്ണീർപൊഴിച്ച് കഴിയുന്നു.
പേരു വരുത്തിവച്ച വിനയിൽ ജീവിതം വഴിമുട്ടി നിൽക്കുകയാണ് മലപ്പുറം വെട്ടിച്ചിറ സ്വദേശി മൻസൂർ അലി (44).പ്രവാസത്തിന്റെ സ്വപ്നങ്ങളുമായി കടൽ കടന്ന മൻസൂറിന് ഇന്ന് സ്വന്തം പേരുതന്നെയാണ് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സമായിരിക്കുന്നത്.സംസാരിക്കാനോ, ശരിക്ക് ഭക്ഷണം കഴിക്കാനോ കഴിയാതെ കിടപ്പിലായ ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോയി അടിയന്തരമായി ചികിത്സ നൽകാനാണ് ഡോക്ടർമാരുടെ നിർദേശമെങ്കിലും ഇദ്ദേഹം ജോലി ചെയ്തിരുന്ന ഷാർജയിലെ കമ്പനിയുടെ പേരിലുള്ള കേസിൽ കുടുങ്ങിയതിനാൽ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്. നിയമക്കുരുക്ക് അഴിയാതെ വിമാനത്തിന്റെ പടവുകൾ കയറാനാവില്ലെന്ന തിരിച്ചറിവ് പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും ഒരുപോലെ തളർത്തുന്നു.
ദൈദ് റോഡിലെ റാഷിദിയ്യ എന്ന ഒറ്റപ്പെട്ട മരുഭൂ പ്രദേശത്തെ ഷീറ്റ് പാകിയ വാടകവീട്ടിൽ അശരണനായി കിടക്കുന്ന മൻസൂറിന്റെ കാഴ്ച ഏതൊരു മലയാളി മനസ്സിനെയും നോവിക്കുന്നതാണ്. അരയ്ക്ക് താഴെ തളർന്ന്, സംസാരിക്കാൻ പോലുമാകാതെ കിടപ്പിലായ ഇദ്ദേഹത്തിന് ഭക്ഷണം കഴിക്കാനും മറ്റൊരാളുടെ സഹായം വേണം. അടിയന്തരമായി നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർമാർ നിർദേശിക്കുമ്പോഴും നിയമത്തിന്റെ നൂലാമാലകൾ മൻസൂറിന് മുന്നിൽ വില്ലനാകുന്നു.
പടവുകൾ കയറിയ പ്രവാസം;
പാതിവഴിയിൽ തളർന്ന സ്വപ്നങ്ങൾ മൻസൂർ അലി എന്ന പേരിനെ ചുറ്റിപ്പറ്റി വിധിയൊരുക്കിയ കെണിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. 2003-ൽ കൗമാരത്തിന്റെ തുടിപ്പുമായി അബുദാബിയിലെ ടാക്സി ഡ്രൈവറായി പ്രവാസലോകത്തേക്ക് കാലെടുത്തുവച്ചതാണ് ഈ വെട്ടിച്ചിറക്കാരൻ. ദശാബ്ദത്തോളം നീണ്ട അധ്വാനത്തിന് ശേഷം 2014-ൽ പ്രവാസം മതിയാക്കി മടങ്ങിയെങ്കിലും വിധിയുടെ വിളി 2022-ൽ മൻസൂറിനെ വീണ്ടും ഗൾഫിലെത്തിച്ചു.
ഷാർജ സജയിലെ സ്ക്രാപ്പ് കമ്പനിയിലായിരുന്നു രണ്ടാം ഊഴം. അവിടെനിന്നാണ് മൻസൂറിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്.കമ്പനി ഉടമ നാട്ടിലായതിനാൽ സഹോദരനായ മൻസൂറായിരുന്നു സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച മൻസൂർ അലി ഉടമയുടെ സഹോദരനുമായുള്ള ആത്മബന്ധം കാരണം കമ്പനിയുടെ എല്ലാ കാര്യങ്ങളിലും ഒരു സഹായിയായി കൂടെ നിന്നു.
ഒരേ പേരുള്ളവർ തമ്മിലുള്ള ആത്മബന്ധം ഒടുവിൽ ചെന്നെത്തിയത് തീരാക്കടമ്പയിലേക്കായിരുന്നു. 2023-ൽ അജ്മാനിൽ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ തന്റെ പേരിൽ ചെക്കുകൾ നൽകാൻ മൻസൂർ അലി മടിച്ചില്ല. സുഹൃത്തിനോടുള്ള അതിരറ്റ വിശ്വാസം കാരണം പല ഔദ്യോഗിക രേഖകളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കുമ്പോഴും, അത് തന്നെ ഒരു മരുഭൂമിയിലെ കൊച്ചു വീട്ടിൽ തളച്ചിടുമെന്ന് ആ സാധു മനുഷ്യൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
കേവലം ഒരു ഡ്രൈവർ എന്നതിലുപരി കമ്പനിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത ആ വലിയ മനസ്സിനെയാണ് ഇന്ന് നിയമത്തിന്റെ കുരുക്കുകൾ വരിഞ്ഞുമുറുക്കിയിരിക്കുന്നത്. തളർന്നുവീണ ജീവിതം, വിശ്വാസം ചതിച്ചപ്പോൾ നിയമക്കുരുക്ക്. കഴിഞ്ഞവർഷം ഡിസംബർ 19ന് മൻസൂർ അലി കമ്പനിയിൽ ശരീരം തളർന്ന് ബോധശൂന്യനായി നിലംപതിച്ചതോടെയാണ് ദുരിതം ആരംഭിക്കുന്നത്. ഉടൻ തന്നെ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് കമ്പനി തിരിഞ്ഞുനോക്കിയതുമില്ല. ആശുപത്രി ചെലവുകൾക്ക് പണമില്ലാത്തതിനാൽ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഇവിടെ നിന്ന് ഒഴിയേണ്ടിവന്നു. തുടർന്ന് എല്ലാവരും ചേർന്ന് ഉമ്മുൽഖുവൈൻ റാഷിദിയയിലെ കൊച്ചുവീട്ടിൽ പ്രതിമസം 600 ദിർഹം നൽകി താമസിപ്പിച്ചിരിക്കുകയാണ്. അടിസ്ഥാനാവശ്യങ്ങൾക്കും ഭക്ഷണം നൽകാനും സഹായത്തിന് ആളു വേണമെന്നതിനാൽ നാട്ടിൽ നിന്നുമെത്തിയ ഇളയ സഹോദരൻ മുഹമ്മദ് അലിയാണ് കൂടെയുള്ളത്.
ഇതിനിടെയാണ് മൻസൂർ ഫ്ലാറ്റിന് വാടക നൽകാൻ ഉപയോഗിച്ച മൻസൂർ അലിയുടെ ചെക്ക് അക്കൌണ്ടിൽ പണമില്ലാതെ മടങ്ങിയത്. 15,000 ദിർഹമായിരുന്നു നൽകാനുണ്ടായിരുന്നത്. പണം നൽകാതെ മൻസൂർ മുങ്ങിയതിനാൽ ഇത് പിന്നീട് കേസായി. ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ മൻസൂർ അലിയെ നാട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടത്തിവരികയായിരുന്ന ശ്രമങ്ങൾക്ക് ഈ കേസ് വിലങ്ങുതടിയായി.
ഒടുവിൽ എല്ലാവരും ചേർന്ന് പണം പിരിച്ച് മൻസൂർ അലിയെ കേസിൽ നിന്ന് വിമുക്തനാക്കി. എന്നാൽ മൻസൂർ ചെയ്തുകൂട്ടിയിരുന്ന ദുരിതങ്ങൾ ഒന്നൊന്നായി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. വൈകാതെ 20,260 ദിർഹത്തിന്റെ ഒരു ചെക്ക് കേസ് കൂടി മൻസൂർ അലിയുടെ പേരിലുണ്ടായി. ഇതും ബന്ധുക്കളും നാട്ടുകാരും ചേർന്ന് അടച്ചു. പ്രശ്നങ്ങളെല്ലാം തീർന്നു മൻസൂർ അലിയെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാൻ പറ്റുമെന്ന് കരുതി ആശ്വസിച്ചിരുന്നപ്പോഴാണ് 1,28,000 ദിർഹത്തിന്റെ കേസ് കൂടി തലയിൽ വീണു. പക്ഷേ, ഇതുകൂടി പണം പിരിച്ച് അടച്ച് കേസ് മുക്തമാക്കാൻ ആർക്കും കഴിയുമായിരുന്നില്ലെന്ന് ബന്ധു ഹക്കീം മാധ്യമങ്ങളോട് പറഞ്ഞു.
ഇനി ഒരു മാസം ബാക്കി, മൻസൂർ അലി ജീവിതത്തിലേക്ക് തിരികെ വരാൻ മൂന്ന് മാസത്തിനുള്ളിൽ വിദഗ്ധ ചികിത്സ നൽകിയാൽ മൻസൂർ അലിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നാണ് ഡോക്ടർമാരുടെ വിധിയെഴുത്ത്. ഈ സമയപരിധി അവസാനിക്കാൻ ഒരു മാസം മാത്രമേ ഇനി ബാക്കിയുള്ളൂ. ഇതിനകം ഇദ്ദേഹത്തിന്റെ വീസ കാലാവധി കഴിഞ്ഞിട്ടുണ്ട്. അതേസമയം, മുഹമ്മദ് അലിക്ക് ദുബായ് എമിറേറ്റ്സ് കമ്പനിയിൽ എക്വിപ്മെന്റ് മാനേജ്മെന്റ് വിഭാഗത്തിൽ ജോലി ശരിയായിട്ടുണ്ട്. ഏപ്രിൽ ഒന്നിനകം ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ അത് നഷ്ടപ്പെടുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളതെന്ന് മുഹമ്മദ് അലി പറഞ്ഞു.
അതിന് ദുബായിലേക്ക് താമസം മാറ്റേണ്ടിവരും. പക്ഷേ, ജ്യേഷ്ഠനെ മരുഭൂമിയിൽ ഒറ്റയ്ക്കാക്കി പോകാനും വയ്യ.നാട്ടിൽ ഭാര്യയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളുമുള്ള മൻസൂർ അലിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണം. ഇതിന് സുമനസ്സുകളുടെ സഹായം അനിവാര്യമാണ്. മണലാരണ്യത്തിലെ ആ ഏകാന്തതയിൽ നിന്നും എന്ന് തനിക്ക് മോചനമുണ്ടാകുമെന്ന ചോദ്യത്തിന് കണ്ണീരോടെ മറുപടി നൽകാനേ മൻസൂറിന് ഇന്ന് കഴിയുന്നുള്ളൂ.
കരുണയുടെയും കരുതലിന്റെയും ഈ പുണ്യ റമസാൻ കാലത്ത് ഈ മലയാളി യുവാവിനെ ജീവിതത്തിലേക്കും നാടിന്റെ തണലിലേക്കും തിരികെ എത്തിക്കാൻ സുമനസ്സുകളുടെ ഇടപെടൽ കാത്തിരിക്കുകയാണ് പ്രവാസലോകം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.