ടെഹ്റാൻ: യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിലെ മരണസംഖ്യ 1045 ആയി ഉയർന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തിലാണ് മരണസംഖ്യ ആയിരം പിന്നിട്ടത്.
കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുല്ല ഖമനയിയുടെ സ്മരണാർത്ഥം നടത്താനിരുന്ന ചടങ്ങുകൾ മാറ്റിവച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം ഇറാനിൽ നിന്ന് വിക്ഷേപിച്ച 10 ഡ്രോണുകളും രണ്ട് ക്രൂസ് മിസൈലുകളും തടഞ്ഞതായി ഖത്തർ അറിയിച്ചു. 3 മിസൈലുകളും 121 ഡ്രോണുകളും വെടിവച്ചിട്ടതായി യുഎഇയും അറിയിച്ചു.ഇറാഖിന്റെയും സിറിയയുടെയും വ്യോമാതിർത്തിയിലൂടെ കടന്നുപോയ ഇറാനിൽ നിന്നുള്ള മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി തുർക്കി അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണങ്ങളെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട 65,000 പേർ ഷെൽട്ടറുകളിൽ റജിസ്റ്റർ ചെയ്തതായി ലബനാൻ മന്ത്രി അൽജസീറയോട് പറഞ്ഞു.
യുഎഇയെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായി ഫ്രാൻസ്. സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമാണെന്നു ഫ്രാൻസ് വിദേശകാര്യമന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവച്ചിട്ടതെന്നു വ്യക്തമല്ല. സുരക്ഷാപ്രശ്നമുള്ളതിനാൽ ലാഹോർ, കറാച്ചി കോണ്‍സുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ യുഎസ് നിർദേശിച്ചു.
ഇസ്‌ലാമാബാദിലെ യുഎസ് എംബസിയുടെ പ്രവർത്തനത്തിൽ മാറ്റമില്ല. സുരക്ഷാ ആശങ്കകൾ മുൻനിർത്തി സൗദി അറേബ്യ, ഒമാൻ, സൈപ്രസ് എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിട്ടുണ്ട്.ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെപേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ, കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് രംഗത്തെത്തി.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ‘വധിക്കപ്പെടാനുള്ള ലക്ഷ്യം’ ആയിരിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പറഞ്ഞു. ‘‘ ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാൻ ഇറാനിലെ ഭീകര ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടാനുള്ള ലക്ഷ്യമായിരിക്കും’’– കാട്സ് കുറിച്ചു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതായി ചില ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതൻ ആയത്തുല്ല അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാൻ നിയോഗിച്ചിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, നീതിന്യായ പണ്ഡിതൻ ഗുലാം ഹുസൈൻ മുഹ്സനി ഇസെയ് എന്നിവരാണ് മറ്റംഗങ്ങൾ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.