മുംബൈ: സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള മഹാരാഷ്ട്ര മതസ്വാതന്ത്ര്യനിയമം 2026 നിയമസഭ പാസാക്കി.
അഞ്ച് മണിക്കൂറോളം നീണ്ട സുദൂര്‍ഘമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച ബില്‍ പാസാക്കിയത്.ആരെയെങ്കിലും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വിധത്തിലുള്ള നിയമമാണിത്. ബില്ലിന്റെ ചര്‍ച്ചാവേളയില്‍ മഹാവികാസ് അഘാടിയില്‍ നിന്ന് തന്നെ വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നു.
ആരും ബില്ലിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബില്ലിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ കണക്കിലെടുക്കാതെ എല്ലാവരും ബില്ലിനെ പിന്തുണയ്ക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ ബില്‍ ഏതെങ്കിലും മതത്തിന് എതിരല്ല. എല്ലാ മതങ്ങള്‍ക്കും നിയമം ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതസ്വാതന്ത്ര്യ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമല്ല മഹാരാഷ്ട്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങള്‍ സമാന നിയമം പാസാക്കിക്കഴിഞ്ഞു. സമ്മര്‍ദ്ദം ചെലുത്തിയും പ്രലോഭിപ്പിച്ചുമെല്ലാം മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇതെല്ലാം വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്താനായാണ് നിയമം കൊണ്ടു വന്നിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തരത്തില്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സാധുതയുണ്ടാകില്ല. ഇത്തരം മതപരിവര്‍ത്തനം വഴി ഒരു വിവാഹം നടത്താനും സാധിക്കില്ല. ഇത്തരം സംഭവങ്ങളില്‍ കോടതിയാകും അന്തിമ വിധി കല്‍പ്പിക്കുക എന്നും ഫട്നാവിസ് പറഞ്ഞു.
ഇത്തരം മതപരിവര്‍ത്തനം നടന്ന വിവാഹങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ അമ്മയുടെ മതത്തില്‍ പെട്ടവരാകും. കുട്ടിയുടെ അവകാശവും അമ്മയ്ക്ക് തന്നെയാകും.
സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പത്ത് വര്‍ഷം വരെയാണ് തടവ് ശിക്ഷയുടെ കാലാവധിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ രാഷ്ട്രീയ കക്ഷികളിലെ സമാജികര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ സഭയില്‍ പങ്കുവച്ചു. ചിലര്‍ ബില്ലിനെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ ഇതിന്റെ താത്പര്യത്തെ ചോദ്യം ചെയ്തു.
ഭരണകക്ഷിയായ മഹാവികാസ് ആഘാടിയില് തന്നെ ബില്ലിന്മേല് വിരുദ്ധാഭിപ്രായങ്ങളുയര്ന്നു. ബില്ലിന്റെ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയ ശിവസേന(യുബിടി) പക്ഷേ ബില്ലിനെ പിന്തുണച്ചു.
ബില്‍ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ശിവസേന (യുബിടി) നേതാവ് ഭാസ്കര്‍ ജാദവ് പറഞ്ഞു. ബില്ല് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചാണെന്ന കിംവദന്തികള്‍ പുറത്ത് പരക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അത് സത്യമല്ലെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. ഇതൊരു മികച്ച ബില്ലാണ്. അതേസമയം കുറ്റകൃത്യം ചെയ്ത ആളിന് തന്റെ ഭാഗം വിശദീകരിക്കാനുള്ള നിര്‍ദ്ദിഷ്ട പ്രൊവിഷന്‍ കൂടി നിയമത്തിലുണ്ടാകണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിക്കുന്ന ആള്‍ക്ക് തന്നെ അത് തെളിയിക്കാനും ആകണം.അതേസമയം കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ ബില്ലിനെ എതിര്‍ത്തു. ഈ നിയമം പാസാക്കിയതിലൂടെ ഭരണഘടനയിലേക്ക് അനാവശ്യമായി ഇടപെടുകയാണെന്ന് കോണ്‍ഗ്രസ് സമാജികന് അസ്ലം ഷെയ്ഖ് ചൂണ്ടിക്കാട്ടി.
വ്യക്തികളുടെ സുരക്ഷ ഇത് ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 21ാം അനുച്ഛേദം ഉറപ്പ് നല്കുന്ന സ്വകാര്യതാവകാശവും ഈ ബില്‍ ലംഘിക്കുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച് ഒരു വ്യക്തി അറുപത് ദിവസം മുമ്പ് അധികൃതരെ രേഖാമൂലം അറിയിക്കണമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുമ്പോള്‍ ആ വ്യക്തിക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരമൊരു ബില്ലിന്റെ ഉദ്ദേശ്യ ശുദ്ധി എന്താണെന്നും അദ്ദേഹം ചോദിച്ചു. ഏതെങ്കിലും പ്രത്യേക സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നതെന്ന് വ്യക്തമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. അങ്ങനെ വല്ല സംഭവവും ഉണ്ടെങ്കില്‍ എന്താണ് അവയെന്നും അദ്ദേഹം ആരാഞ്ഞു. സംസ്ഥാനത്ത് ഒരു ലക്ഷം ലവ് ജിഹാദ് സംഭവങ്ങള്‍ ഉണ്ടായെന്നാണ് നിയമസഭ അവകാശപ്പെടുന്നത്. എന്നാല്‍ ഒരെണ്ണം പോലും തെളിയിക്കാന്‍ ആയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബില്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും ഷെയ്ഖ് ചൂണ്ടിക്കാട്ടി. ഇതൊരു സംയുക്ത സമിതിക്ക് വിടണം. ഇതിലെ പോരായ്മകള്‍ പരിഹരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയംഗം റെയ്സ് ഷെയ്ഖും ബില്ലില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരമൊരു ബില്‍ അവതരിപ്പിക്കും മുമ്പ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടന്ന മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ അവതരിപ്പിക്കണമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്‍സിപി(ശരദ് ചന്ദ്ര പവാര്‍) സമാജികന് ജിതേന്ദ്ര അവഹാദും ബില്ലില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ബില്ലില്‍ നിരവധി പോരായ്മകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി മുന്‍ ഉദാഹരണങ്ങളും അദ്ദേഹം ചരിത്രത്തില്‍ നിന്ന് ചൂണ്ടിക്കാട്ടി.
ഛത്രപതി ശിവജി മഹാരാജാവിനെ ഉദ്ധരിച്ചായിരുന്നു അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ഇത് ചരിത്രപരമായി തെറ്റാണെന്ന് അവര്‍ വാദിച്ചു. അവ്ഹാദ് മാപ്പ് പറയണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തി. ഇത് സഭയില്‍ ഒച്ചപ്പാടുണ്ടാക്കി.
തുടര്‍ന്ന് പത്ത് മിനിറ്റോളം സഭ നിര്‍ത്തി വയ്ക്കേണ്ടി വന്നു. അവ്ഹാദ് മാപ്പ് പറയണമെന്നും അയാളെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നുമുള്ള ആവശ്യം ഭരണപക്ഷം ഉയര്‍ത്തി. സ്പീക്കര്‍ രാഹുല്‍ നാര്വെക്കര് അദ്ദേഹത്തോട് മാപ്പ് പറയാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അദ്ദേഹം സഭയോട് മാപ്പ് പറഞ്ഞു.
തുടര്‍ന്ന് എല്ലാ സമാജികരും ബില്ലിന് മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം രാത്രി പതിനൊന്ന് മണിയോടെ നിയമസഭ ബില്‍ പാസാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.