ഇടതിൽ എത്തിയിട്ടും ഇടമില്ലാതെ മുൻ കോൺഗ്രസ്സ് നേതാക്കൾ..!

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ പ്രമുഖരെ നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാത്തതിനെ പരിഹസിച്ചു കൊണ്ടുള്ള ചെറിയാൻ ഫിലിപ്പിൻ്റെ പരാമർശം ചർച്ചയാകുന്നു.

കെ വി തോമസ്, പീലിപ്പോസ് തോമസ്, ശോഭന ജോർജ്, കെ സി റോസക്കുട്ടി, ഷാജിതാ കമാൽ, ലതിക സുഭാഷ്, കെ പി അനിൽകുമാർ, പി എസ് പ്രശാന്ത്, ഡോ പി സരിൻ, എ രാമസ്വാമി, സതികുമാർ, റിയാസ് പഴഞ്ഞി, ബാബു ജോർജ്, ഡോ. സജി ചാക്കോ തുടങ്ങിയവരിൽ ഒരാൾ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയല്ല. 

കോൺഗ്രസിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇവർക്ക് പഴയ സ്മരണകൾ അയവിറക്കി കഴിയാം. ഇവരുടെ രാഷ്ട്രീയ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു- എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്. കെവി തോമസ്, ഡോ പി സരിൻ, കെ പി അനിൽകുമാർ, പി എസ് പ്രശാന്ത്, ലതിക സുഭാഷ് എന്നിവരെ പ്രധാനമായും പേരെടുത്ത് പരാമർശിച്ചാണ് കോൺഗ്രസ് അനുഭാവികൾ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത്.

ഡോ. പി സരിൻ

കോൺഗ്രസ് വിട്ടെത്തിയ ഡോ. പി സരിൻ വീണ്ടും പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഹോട്ടൽ വ്യവസായിയായ എൻഎംആർ റസാഖ് ഇടതു സ്വതന്ത്രനാകുമെന്ന് ഉറപ്പായതോടെ സരിന് സീറ്റില്ലെന്ന് ഉറപ്പായി. ഷാഫി പറമ്പിൽ വടകര എംപിയായതോടെ 2024ൽ നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച ഡോ. പി സരിൻ മൂന്നാം സ്ഥാനത്തായിരുന്നു. 

രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകൾക്കാണ് ബിജെപിയിലെ സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തിയത്. രമേഷ് പിഷാരടിയെയാണ് കോൺഗ്രസ് ഇത്തവണ പരിഗണിക്കുന്നത്. ശോഭാ സുരേന്ദ്രനാകും ബിജെപിക്കായി മത്സരിക്കുന്നത്. 2021ൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സരിൻ 2024ലാണ് പാർട്ടി മാറി സിപിഎമ്മിലെത്തുന്നത്. 'സീറ്റില്ലേ സരിൻ?', 'കണ്ണുനീർ തുടച്ചു കളയൂ', 'ഇനിയൊരു മടക്കയാത്രയുണ്ടോ സരിൻ ? എന്നിങ്ങനെ ട്രോൾ മഴയാണ് സരിനെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കെ വി തോമസ്

വർഷങ്ങളുടെ കോൺഗ്രസ് പാരമ്പര്യം വിട്ട് സിപിഎമ്മിലെത്തിയ കെ വി തോമസിന് സീറ്റ് നൽകാത്തതിന് എതിരെയും വ്യാപക പരിഹാസം ഉയരുന്നുണ്ട്. 72ാം വയസിലായിരുന്നു മുൻ കേന്ദ്ര മന്ത്രികൂടിയായിരുന്ന കെ വി തോമസിനെ പ്രായപരിധിയുടെ പേരിൽ കോൺഗ്രസ് മാറ്റി നിർത്തിയത്. തുടർന്ന് 2023ൽ സിപിഎമ്മിലെത്തിയ തോമസിനെ കാബിനറ്റ് പദവിയോടെ സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി മന്ത്രിസഭ നിയമിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ വി തോമസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാലും അദ്ദേഹം സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുമെന്ന് പ്രചാരണമുണ്ടായിരുന്നു. 2019ൽ തെരഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസിൽ നിന്നും മാറ്റി നിർത്തിയത് എന്തിനാണെന്ന് തോമസ് ഈയിടെ ചോദിച്ചിരുന്നു.

കെ പി അനിൽകുമാർ

2021 സെപ്റ്റംബറിലാണ് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ കോൺഗ്രസ് വിട്ടത്. അപ്പോൾ തന്നെ സിപിഎമ്മിൽ അംഗത്വം നൽകി. 2023ൽ കോഴിക്കോട് കെ പി അനിൽകുമാറിനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. മറ്റു പാർട്ടികളിൽ നിന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കുകയെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് അനിൽകുമാറിന് ജില്ലാ കമ്മിറ്റി അംഗത്വം നൽകിയത്. അനിൽകുമാറിനെ സിപിഎം കോഴിക്കോട് പരിഗണിക്കുമെന്ന പ്രചാരണമാണ് ഉണ്ടായിരുന്നത്.

പി എസ് പ്രശാന്ത്

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പി എസ് പ്രശാന്ത്. ഡിസിസി പ്രസിഡൻ്റ് പാലോട് രവിയുടെ നേതൃത്വത്തിൽ തന്നെ കാലുവാരിയെന്ന് പരാതി ഉയർത്തിയിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്നും സസ്‌പെൻഷനായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വിമർശനം ഉന്നയിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്തായി. തുടർന്ന് സിപിഎമ്മിൽ ചേർന്ന പ്രശാന്തിനെ കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റായി നിയമിച്ചിരുന്നു. തുടർന്ന് 2023ൽ പ്രശാന്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പദവി നൽകി. കാലാവധി കഴിഞ്ഞതോടെ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കപ്പെട്ട പ്രശാന്തിനെ സിപിഎം പരിഗണിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

ലതിക സുഭാഷ്

കോൺഗ്രസിൽ ഗ്രൂപ്പുപോര് രൂക്ഷമാണെന്ന ആരോപണവുമായി ഇന്ദിരാഭവനു മുന്നിൽ തല മൊട്ടയടിച്ചാണ് ലതിക സുഭാഷ് പ്രതിഷേധിച്ചത്. തുടർന്ന് കോൺഗ്രസ് വിട്ട ലതിക സുഭാഷിനെ ഇടതുമുന്നണി വനം വികസന കോർപ്പറേഷൻ ചെയർ പേഴ്‌സൺ സ്ഥാനം നൽകിയാണ് പരിഗണിച്ചത്. എൻസിപി സംസ്ഥാന ഉപാധ്യക്ഷയായ ലതികയെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭ തിരുനക്കര വാർഡിൽ ഇടതു സ്ഥാനാർഥിയായും മത്സരിപ്പിച്ചു. എന്നാൽ, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ലതിക തോൽവിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിധിയുടെ ഇരയാണ് താനെന്നും പാർട്ടി പറഞ്ഞതു കൊണ്ടാണ് മത്സരിച്ചതെന്നും ലതികാ സുഭാഷ് പറഞ്ഞിരുന്നു. മത്സരിക്കാൻ വേണ്ടി രാജിവച്ച വനം വികസന കോർപറേഷൻ ചെയർപേഴ്സണ്‍ സ്ഥാനത്തേക്ക് ഇനിയില്ലെന്നും ലതിക വ്യക്തമാക്കിയിരുന്നു. സിപിഎം വീണ്ടും പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ലതിക സുഭാഷ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !