ദുബായ്: ലോകസഞ്ചാരികളുടെ പറുദീസയും ആഗോള വ്യാപാരത്തിന്റെ സിരയുമായ ദുബായ് ഇന്ന് അസാധാരണമായ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഇറാന്റെ മിസൈൽ - ഡ്രോൺ ഭീഷണികളെത്തുടർന്ന് യുഎഇ വ്യോമ പാതകൾ പലപ്പോഴായി അടച്ചതോടെ, ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാനത്താവളമായ ദുബായ് ഇന്റർനാഷനൽ (ഡിഎക്സ്ബി) നിശ്ചലമായിരിക്കുന്നു. യുഎസ്, ഇസ്രയേൽ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സംഘർഷം ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തുമ്പോൾതന്നെ ഇതിന് പിന്നിലെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭീമമാണ്.ഒരു ദിവസം ഏകദേശം 2,000 കോടി രൂപയിലധികം (ഏകദേശം 1 ബില്യൻ ഡോളർ) നഷ്ടമുണ്ടാക്കുന്ന ഈ പ്രതിസന്ധി ദുബായിയുടെ സാമ്പത്തിക അടിത്തറയെത്തന്നെ ഉലയ്ക്കുന്നതാണ്.ആകാശത്തെ കറുത്ത മേഘങ്ങൾ, എന്താണ് സംഭവിച്ചത്? ഇന്ന് പുലർച്ചെയാണ് യുഎഇ സൈന്യം ഇറാനിൽ നിന്നുള്ള മിസൈൽ - ഡ്രോൺ നീക്കങ്ങൾ നിരീക്ഷിച്ചത്. തൊട്ടുപിന്നാലെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമാതിര്‍ത്തി അടയ്ക്കുന്നതായി പ്രഖ്യാപിക്കുകയും പ്രശ്ന പരിഹാരത്തിന് ശേഷം വ്യോമാതിര്‍ത്തി തുറക്കുകയും ചെയ്തു.
ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ധന ടാങ്കിന് തീപിടിച്ചതും യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതും ലോകത്തെ നടുക്കി. സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതോടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുബായിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.
പ്രശ്നങ്ങൾ പരിഹരിച്ച് ഇടയ്ക്കിടെ വ്യോമപാതകൾ തുറക്കുന്നുണ്ടെങ്കിലും ഏതു നിമിഷവും മിസൈൽ, ഡ്രോൺ ആക്രമണ ഭീതി തുടരുകയാണ്.ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സംഘർഷം തുടങ്ങിയതിന് ശേഷം യുഎഇയിലേക്ക് മാത്രം ഇറാൻ 1,900ൽ അധികം മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. ഇവയിൽ ഭൂരിഭാഗവും പ്രതിരോധിക്കാനായെങ്കിലും തകർന്നു വീഴുന്ന മിസൈൽ ഡ്രോൺ അവശിഷ്ടങ്ങൾ പോലും ഭീഷണിയാണ്.
മിനിറ്റിൽ ഒരു ദശലക്ഷം ഡോളർ നഷ്ടം ദുബായ് വിമാനത്താവളം വെറുമൊരു യാത്രാ സംവിധാനമല്ല, മറിച്ച് ലോകത്തെ ബന്ധിപ്പിക്കുന്ന ഒരു സാമ്പത്തിക ഹബ്ബാണ്. 2023ൽ 8.7 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത ഈ വിമാനത്താവളം, 2026 ജനുവരി 3ന് മാത്രം 3.24 ലക്ഷം യാത്രക്കാരെ സ്വീകരിച്ച് റെക്കോർഡ് ഇട്ടിരുന്നു. ദുബായ് ഉദ്യോഗസ്ഥരിൽനിന്ന് ലഭ്യമായ മുൻകാല കണക്കുകൾ പ്രകാരം, വിമാനത്താവളം ഓരോ മിനിറ്റ് അടച്ചിടുമ്പോഴും ഏകദേശം 10 ലക്ഷം ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) നഷ്ടമാണ് ഉണ്ടാക്കുന്നത്.
ഇതിൽ എയർലൈൻ വരുമാനം, കാർഗോ, ടൂറിസം, അനുബന്ധ ബിസിനസ്സുകൾ എന്നിവ ഉൾപ്പെടുന്നു. ഒരു ദിവസം മുഴുവൻ പ്രവർത്തനം തടസ്സപ്പെട്ടാൽ ഈ നഷ്ടം 100 കോടി ഡോളറിലേക്ക് (ഏകദേശം 8,300 കോടി രൂപ) ഉയരുമെന്നാണ് വിലയിരുത്തൽ.എമിറേറ്റ്‌സ് എയർലൈൻസും പ്രതിസന്ധിയിൽ ദുബായിയുടെ അഭിമാനമായ എമിറേറ്റ്‌സ് എയർലൈൻസിനാണ് ഈ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ തളരുന്നത്. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 65.6 ബില്യൻ ദിർഹം വരുമാനം നേടിയ എമിറേറ്റ്‌സിന് പ്രതിദിനം ശരാശരി 100 മില്യൻ ഡോളറിന്റെ (830 കോടി രൂപ) ബിസിനസ്സുണ്ട്.
സ്വന്തം ആസ്ഥാനമായ ദുബായ് അടച്ചിടുമ്പോൾ ഈ വരുമാനത്തിന്റെ വലിയൊരു ഭാഗമാണ് പ്രതിസന്ധിയിലാകുന്നത്. ഫ്ലൈ ദുബായ് ഉൾപ്പെടെ നൂറിലധികം വിദേശ എയർലൈനുകളെയും ഇത് നേരിട്ട് ബാധിക്കുന്നു.എന്തുകൊണ്ട് ദുബായ് വിമാനത്താവളം നിർണായകമാകുന്നു? ദുബായ് വിമാനത്താവളം നിശ്ചലമാകുന്നത് ലോകവ്യാപാരത്തെ ബാധിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രസക്തിയേറെയാണ്.
100ലധികം രാജ്യങ്ങളിലെ 260ലധികം നഗരങ്ങളെ ദുബായ് പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ആഗോള ഹബ്ബാണ് ദുബായ് വിമാനത്താവളം. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള ഏറ്റവും മികച്ച 'സ്റ്റോപ്പ് ഓവർ' കേന്ദ്രം കൂടിയാണിത്. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്ന ലക്ഷക്കണക്കിന് യാത്രക്കാരുടെ പ്രധാന ഇടത്താവളമാണിത്. ഇതോടൊപ്പംതന്നെ വിലപിടിപ്പുള്ള ചരക്കുകളുടെ കൈമാറ്റത്തിൽ ദുബായ് വഹിക്കുന്ന പങ്ക് നിർണായകമാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.