ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ അമേരിക്കൻ വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിൽ തുടരുന്ന സംഘർഷവുമായി ബന്ധപ്പെട്ട് മോദിയും ട്രംപും നടത്തിയ ഫോൺ സംഭാഷണത്തിൽ മസ്‌കും പങ്കുചേർന്നിരുന്നു എന്ന തരത്തിൽ പുറത്തുവന്ന വാർത്തകളാണ് ഇന്ത്യ തള്ളിയത്.
പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് ഈ വിശദീകരണം. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന അതീവഗൗരവകരമായ സാഹചര്യത്തിൽ നടന്ന ഈ ഉന്നതതല സംഭാഷണത്തിൽ മസ്‌ക് പങ്കുചേർന്നുവെന്നായിരുന്നു റിപ്പോർട്ടിലെ അവകാശവാദം. എന്നാൽ, മാർച്ച് 24-ന് നടന്ന സംഭാഷണം രണ്ട് നേതാക്കൾക്കിടയിൽ മാത്രമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'ഞങ്ങൾ ആ വാർത്ത കണ്ടു. മാർച്ച് 24-ലെ ടെലിഫോൺ സംഭാഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ മാത്രമായിരുന്നു.' വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
എന്തുകൊണ്ടാണ് മസ്‌കിനെ സംഭാഷണത്തിൽ ഉൾപ്പെടുത്തിയതെന്നോ അദ്ദേഹം സംസാരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടവുമായി അകന്ന മസ്‌ക് ഈ അവകാശവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തോടെ, ഈ സംഭാഷണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. സംഭവവികാസങ്ങളെക്കുറിച്ച് രണ്ട് നേതാക്കൾ തമ്മിൽ നടത്തിയ കൃത്യമായ ഉഭയകക്ഷി ആശയവിനിമയമായിരുന്നു ഇതെന്നും ഇന്ത്യ ആവർത്തിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.