അഹമ്മദാബാദ്: രാജ്യമാകെ പ്രതിഷേധമുയർന്ന ഗുജറാത്തിലെ ഉന ദളിത് പീഡനക്കേസിൽ അഞ്ചുപേരെമാത്രം കുറ്റക്കാരായി കണ്ടെത്തിയ കോടതി, പോലീസുദ്യോഗസ്ഥരടക്കം 35 പേരെ കുറ്റവിമുക്തരാക്കി.
പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. ഗിർ സോമനാഥ് ജില്ലയിലെ ഉനയിൽ മോട്ടാ സമധ്യാല ഗ്രാമത്തിൽ 2016 ജൂലായ് 11-നുനടന്ന സംഭവത്തിലാണ് വെരാവൽ അഡീഷണൽ സെഷൻസ് ജഡ്ജി ജിഗ്നേഷ് പാണ്ഡ്യ വിധിപറഞ്ഞത്.
ചത്തപശുവിന്റെ തോലുരിക്കുകയായിരുന്ന ദളിതരെ ഗോരക്ഷാപ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇവരെ വാഹനത്തിൽ പട്ടണത്തിലെത്തിച്ച് വിവസ്ത്രരാക്കി കെട്ടിയിട്ട് പരസ്യമായി തല്ലിച്ചതച്ചു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
പശുവിനെ കൊന്നെന്നാരോപിച്ച് ഇവരെ പോലീസിന് കൈമാറുകയുംചെയ്തു. സംഭവം വിവാദമായതിനെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘം 42 പേരെ അറസ്റ്റുചെയ്തത്. ഇവരിൽ ഒരു എസ്.ഐ. അടക്കം രണ്ടുപേർ വിചാരണാകാലയളവിൽ മരിച്ചിരുന്നു. രമേഷ് ജാദവ്, രാകേഷ് ജോഷി, നാഗ്ജിഭായ് വാണിയ, പ്രമോദ് ഗിരി ഗോസ്വാമി, ബലവന്ത് ഗിരി ഗോസ്വാമി എന്നിവരെയാണ് കുറ്റക്കാരായിക്കണ്ടത്. മരണമടഞ്ഞ എസ്.ഐ. നിർമൽസിങ് ജാലയടക്കം നാല് പോലീസ് ഉദ്യോഗസ്ഥരും കുറ്റവിമുക്തരായി. പട്ടികജാതിക്കാർക്കുനേരേയുള്ള അക്രമങ്ങൾ തടയുന്ന വകുപ്പുൾപ്പെടെയുള്ളവ പ്രകാരമാണ് അഞ്ചുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റുള്ളവർക്ക് കൃത്യത്തിലുള്ള പങ്ക് വ്യക്തമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി പറഞ്ഞു. വിധിയിൽ അസംതൃപ്തരാണെന്ന് അതിക്രമത്തിനിരയായ വഷറാം സർവയ പറഞ്ഞു.
‘എന്നെ തല്ലിയവർ കുറ്റവിമുക്തരായി. എന്ത് വിധിയാണിത്...? ഇപ്പോൾ പണ്ടത്തെക്കാളും പേടിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഏറ്റവും ദുഃഖകരമായ ദിവസമാണിത്’ - വഷറാം സർവയ പറഞ്ഞു. ബാലു സർവയ, ഭാര്യ കുൻവർ, മക്കളായ വഷറാം, രമേശ്, ബന്ധുക്കളായ അശോക്, ബച്ചർ തുടങ്ങിയവരാണ് ആക്രമണത്തിനും അവഹേളനത്തിനുമിരയായത്. ഉന സംഭവത്തെത്തുടർന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽനടന്ന പ്രക്ഷോഭം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. ഇരകളുടെ കുടുംബം ബുദ്ധമതം സ്വീകരിക്കുകയുംചെയ്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.