വടകര: കേര കർഷകർക്കു കനത്ത തിരിച്ചടി നൽകി, തേങ്ങ വിലയിൽ വൻ ഇടിവ്. പച്ചത്തേങ്ങ, കൊപ്ര എന്നിവ രണ്ടു വർഷം മുൻപത്തെ വിലയിലേക്കു താഴ്ന്നു. യുഎസ് – ഇറാൻ യുദ്ധം, വൻ ലാഭം ലക്ഷ്യമിട്ടു തമിഴ്നാട്ടിലെ ചില വൻകിട വ്യാപാരികൾ നടത്തുന്ന അവധി വ്യാപാരം, തേങ്ങയുടെയും മൂല്യവർധിത ഉൽപന്നങ്ങളുടെയും കയറ്റുമതി നിലച്ചത് എന്നിവയാണു വിലയിടിവിനു കാരണമായി ചില വ്യാപാരികൾ പറയുന്നു.
ഇന്നലെ വടകര മാർക്കറ്റിൽ പച്ചത്തേങ്ങയുടെ ക്വിന്റലിന് വില 4,600 രൂപയും കൊപ്ര ക്വിന്റലിന് 15,000 രൂപയുമാണ്. ആയിരം കൊട്ടത്തേങ്ങയ്ക്ക് 30,500 രൂപ വരെ കിട്ടിയിരുന്നത് 25,000 ആയി കുറഞ്ഞു. 2025 നവംബർ 13ന് പച്ചത്തേങ്ങ വില ക്വിന്റലിന് 7,400 രൂപ വരെ ഉയർന്നിരുന്നു. അന്നു കൊപ്രയ്ക്ക് ക്വിന്റലിന് 22,750 രൂപയും കൊട്ടേത്തങ്ങ വില ആയിരമെണ്ണത്തിന് 33,500 രൂപയുമായിരുന്നു. ഡിസംബറോടെയാണു വിലയിടിവ് പ്രകടമായത്. പച്ചത്തേങ്ങയ്ക്ക് 5,900 രൂപയായും കൊപ്ര 20,300 രൂപയായും കൊട്ടത്തേങ്ങയ്ക്ക് 31,000 രൂപയായും കുറഞ്ഞു.
2026 ജനുവരിയിൽ പച്ചത്തേങ്ങ വില 5,850 രൂപയിൽ പിടിച്ചു നിന്നു. ഫെബ്രുവരിയിൽ ചെറിയമാറ്റം കണ്ടു. 5,950 രൂപ ആയി ഉയർന്നു. എന്നാൽ, കൊപ്ര 20,000 രൂപയിൽ നിന്നു 18,800 ആയി കുറഞ്ഞു. കൊട്ടത്തേങ്ങ 28,500 രൂപയിൽ നിന്ന് 29,500 ആയി ഉയർന്നു. മാർച്ച് ആദ്യം പച്ചത്തേങ്ങ വില 4,800 രൂപ ആയി കുറഞ്ഞു. കൊപ്ര 15,000 ഉം കൊട്ടത്തേങ്ങ 25,000 ആയി. 2024 തുടക്കത്തിൽ പച്ചത്തേങ്ങയ്ക്ക് 3,200 രൂപയും കൊട്ടത്തേങ്ങയ്ക്ക് 8,600 രൂപയും ആയിരുന്നു. അതാണ് 7,400 രൂപയും 33,500 രൂപയുമായി ഉയർന്നത്. ഇക്കണക്കിന് പോയാൽ താങ്ങുവിലയേക്കളും താഴുമോ എന്നാണ് കർഷകരുടെ ഭയം. 11,582 രൂപയാണു കൊപ്രയുടെ താങ്ങുവില. പച്ചത്തേങ്ങയുടേത് 3,400 രൂപയും. വിലക്കുറവ് ഉപയോക്താക്കൾക്കു മെച്ചമാണെങ്കിലും കർഷകരെ ദോഷകരമായി ബാധിക്കും. വെളിച്ചെണ്ണ വിലയിൽ വലിയ വ്യത്യാസമുണ്ടായി. ലീറ്ററിന് 290–300 രൂപയാണു ചില്ലറ വിൽപന വില. 250 രൂപ ആണു ഹോൾസെയിൽ വില. ലീറ്ററിനു ചില്ലറ വിൽപന വില 410 രൂപ മുതൽ 450 രൂപ വരെ ഉയർന്ന സമയമുണ്ടായിരുന്നു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ചില വൻകിട ഇടപാടുകാർ അവധിവ്യാപാരത്തിന്റെ മറവിൽ ഏജന്റുമാരുടെ സഹായത്തോടെ വിപണി വില കുറയ്ക്കുന്നതു വിലയിടിവിനു കാരണമാകുന്നതായി വ്യാപാരികൾ പറഞ്ഞു.
തേങ്ങയുടെ മൂല്യവർധിത ഉൽപന്നങ്ങൾ ജർമനിയും ഇറ്റലിയുമടക്കമുള്ള വിദേശരാജ്യങ്ങളിലേക്കു വൻ തോതിൽ കയറ്റുമതി ചെയ്തിരുന്നു. ബഹ്റൈൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്കു പച്ചത്തേങ്ങ കയറ്റുമതിയുണ്ടായിരുന്നു. യുദ്ധത്തെ തുടർന്ന് ഇതെല്ലാം പൊടുന്നനെ നിലച്ചതും വിലയിടിവിനു കാരണമാകുന്നതായും വ്യാപാരികൾ വിലയിരുത്തുന്നു. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തതു കാരണം വെളിച്ചെണ്ണ വില കുറയ്ക്കാൻ വ്യാപാരികൾ തയാറായതായും പറയുന്നു. വില കൂടിയപ്പോൾ തെങ്ങു കയറ്റക്കൂലി, പൊതിക്കൽ കൂലി തുടങ്ങിയ അനുബന്ധ ചെലവും വർധിച്ചിരുന്നു. തേങ്ങ വില കുറയുമ്പോൾ ഇവ ആനുപാതികമായി കുറയുന്നില്ലെന്നാണു കർഷകരുടെ പരാതി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.