തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾക്ക് സർക്കാർ അനുമതി നൽകി. ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലാ കളക്ടർക്കും ഒരു കോടി രൂപ വീതമാണ് അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം.
ശരാശരി താപനില പലയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു കഴിഞ്ഞു. പാലക്കാട് പോലുള്ള ഉൾനാടൻ ജില്ലകളിൽ 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം (ഹ്യൂമിഡിറ്റി) കാരണം അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) 45 ഡിഗ്രി വരെയാകാൻ സാധ്യതയുള്ളതിനാൽ നിർജ്ജലീകരണം, സൂര്യാഘാതം എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു.
ചൂടിനെ പ്രതിരോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക പദ്ധതികൾ (ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാനുകൾ) നടപ്പിലാക്കും. കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്ത് തയ്യാറാക്കിയ മാതൃകാ പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കാൻ നിർദ്ദേശമുണ്ട്.
ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രത്യേക ‘ഹീറ്റ് ക്ലിനിക്കുകൾ’ ആരംഭിക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതമേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കും.
യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, പ്രധാന ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ താൽക്കാലിക കുടിവെള്ള ബൂത്തുകൾ സ്ഥാപിക്കും. നിലവിലുള്ള വാട്ടർ കിയോസ്‌ക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കും. പരീക്ഷാ സീസൺ ആയതിനാൽ സ്കൂളുകളിലും പരീക്ഷാ ഹാളുകളിലും മതിയായ വായുസഞ്ചാരവും കുടിവെള്ളവും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയും വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള സാഹചര്യവും കണക്കിലെടുത്ത് വനവകുപ്പിന് പ്രത്യേക നിർദ്ദേശം നൽകി. ഉപ്പുവെള്ളം കയറുന്നത് തടയാനും കൃഷിയിടങ്ങളിലെ വിളകൾ സംരക്ഷിക്കാനും ജലസേചന വകുപ്പ് നടപടികൾ സ്വീകരിക്കും. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.