നെടുമ്പാശേരി: ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരുടെ യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് മുതൽ കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി. ഉച്ചയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ പലരും ചെക്ക്–ഇൻ ചെയ്ത ശേഷമാണ് വ്യോമപാതകൾ അടച്ചതിനെ തുടർന്ന് സർവീസുകൾ റദ്ദാക്കുന്ന വിവരം വിമാനക്കമ്പനി അധികൃതർക്കു ലഭിക്കുന്നത്.
വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് ജോലി അന്വേഷിച്ചും മറ്റു ഗൾഫിലേക്കു പോകാനിരുന്ന യാത്രക്കാരെ വലച്ചു. അവസരം നഷ്ടമായേക്കുമെന്ന ആശങ്ക പലരും രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിൽ വീസ കാലാവധി കഴിയുന്നവരും ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ്.
ഇനി എന്ന് യാത്ര ചെയ്യാൻ കഴിയുമെന്ന് അറിയാതെയാണ് യാത്രക്കാർ നിന്ന് മടങ്ങിയത്. വിമാനക്കമ്പനികൾ വരും ദിവസങ്ങളിലേക്ക് ഉറപ്പായ ടിക്കറ്റുകൾ നൽകുന്നില്ല. പലരും റീഫണ്ട് നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. യാത്ര അനന്തമായി വൈകുമോ എന്നും യാത്രക്കാർ ആശങ്കപ്പെട്ടു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലേക്കുള്ള വിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ തടസ്സപ്പെടാനും സമയ ക്രമീകരണത്തിനും സാധ്യതയുള്ളതിനാൽ വിമാന സമയം യാത്രക്കാർ അതതു വിമാന കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ ഗായകൻ ബിജു നാരായണൻ ദുബായിൽ കുടുങ്ങി. സംഗീത പരിപാടികൾക്കായി ദുബായിൽ എത്തിയ ബിജു ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ദുബായിൽ നിന്ന് വിമാനത്തിൽ കയറിയ ശേഷമാണ് യുദ്ധ സാഹചര്യം വഷളായത്. ഇതോടെ ഒന്നരമണിക്കൂറോളം ബിജു ഉൾപ്പെടെയുള്ള യാത്രക്കാർ വിമാനത്തിനുള്ളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു. തുടർന്ന് എല്ലാവരെയും വിമാനത്തിൽ നിന്നിറക്കി. സുരക്ഷിതനാണെന്നും ഷാർജയിലെ ഹോട്ടലിലേക്ക് മടങ്ങിയതായും ബിജു പറഞ്ഞു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.