കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ (23) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടർ കൊല്ലപ്പെട്ടത്. വെളിയം ചെറുകരക്കോണം സ്വദേശിയാണ് സന്ദീപ്. 2023 മേയ് 10ന് പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച സ്കൂൾ അധ്യാപകനായിരുന്ന സന്ദീപ് അക്രമാസക്തനായി ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസ്. സന്ദീപിന്റെ ആക്രമണത്തിൽ ഹോം ഗാർഡ് വൈ.അലക്സ്കുട്ടി, പൊലീസ് ഓഫിസർ മണിലാൽ, ആംബുലൻസ് ഡ്രൈവർ രാജേഷ്, അയൽവാസികളായ രാജേന്ദ്രൻ പിള്ള, ബിനു എന്നിവർക്കു പരുക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായിരുന്നു.
മാനസിക ദൗർബല്യമുണ്ടെന്ന പ്രതിയുടെ വാദം പൊളിഞ്ഞു. ഡ്യൂട്ടിയിലുള്ള ഡോക്ടറെ കൊലപ്പെടുത്തിയ കേസ് എന്ന നിലയിൽ ഏറെ പൊതുജന ശ്രദ്ധ ആകർഷിച്ച കേസായിരുന്നു ഡോ. വന്ദന ദാസ് കൊലക്കേസ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഡോക്ടർമാരെ സാക്ഷികളായി വിസ്തരിച്ചു. അക്രമം നടക്കുമ്പോൾ ഡോ.വന്ദന ദാസിനോടൊപ്പം കാഷ്വൽറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ ഹാജരാക്കി. വിചാരണയ്ക്കിടെ കൂടുതൽ മെഡിക്കൽ ഗ്രന്ഥങ്ങൾ ഹാജരാക്കിയ കേസുമാണിത്.
വൈദ്യ ശാസ്ത്ര രംഗത്തെ വിവിധ മേഖലകളിലെ 35 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്. കൂടാതെ കൃത്യത്തിനു തൊട്ടുമുൻപ് പ്രതി സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തിയ വിഡിയോ ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയറിയിച്ചു. പ്രതി മാനസിക ദൗർബല്യത്തിനു ചികിത്സ തേടുന്നുണ്ടെന്നു തെളിയിക്കാൻ പ്രതിഭാഗം ഹാജരാക്കിയ മരുന്നുകളെക്കുറിച്ചും കോടതിയിൽ ദൈർഘ്യമേറിയ വാദപ്രതിവാദങ്ങൾ നടന്നു. പ്രതിഭാഗം പറഞ്ഞ മരുന്നുകളുടെ ഡോസേജുകൾ സാധാരണ മനോരോഗ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നാണെന്നു കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ജയിലിൽ തടവുകാരനായി കഴിഞ്ഞ വേളയിൽ തനിക്ക് രക്ഷപ്പെടാനുള്ള മാർഗമായി മാനസിക ദൗർബല്യത്തെ ഉപയോഗപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. അതിനുവേണ്ടി ജയിൽ ലൈബ്രറിയിലെ മെഡിക്കൽ ഗ്രന്ഥങ്ങൾ പ്രതി വായിക്കുകയും തുടർന്ന് തന്നെ പരിശോധിച്ച മനോരോഗ വിദഗ്ധരോട് തനിക്ക് സ്കിസോഫ്രീനിയ എന്ന രോഗം ഉണ്ട് എന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ ഡോക്ടർമാരുടെ മൊഴികളിലൂടെയാണ് പ്രതിഭാഗത്തിന്റെ വാദം പരാജയപ്പെട്ടത്.
പ്രതാപ് ജി. പടിക്കൽ ആയിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, മഹേശ്വർ, ഹരീഷ് കാട്ടൂർ, നീരജ ഷാജി എന്നിവരും പ്രോസിക്യൂഷനു വേണ്ടി ഹാജരായി. തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് സംഭവം നടന്ന് മൂന്നാം ദിവസമാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. റൂറൽ എസ്പി എം.എൽ. സുനിലിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എം.എം. ജോസാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, ക്രൈം ബ്രാഞ്ച് എസ്ഐമാരായ സി.മനോജ്കുമാർ, വൈ.ബേബിജോൺ, പി.ജോസ്, ഇ. നിസാമുദീൻ, എഎസ്ഐ ഡി. ജിജിമോൾ, ഓഫിസർമാരായ ബി. ബിനു, മഹേഷ് മോഹൻ, നജീം, ഹരിഗോവിന്ദ്, സന്തോഷ് എന്നിവരും അന്വേഷണ സഹായികളായി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.