വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കം ശക്തമായി തുടരുന്നതിനിടെ യുഎസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് (എൻസിടിസി) മേധാവി ജോ കെന്റ് സ്ഥാനം രാജിവെച്ചു.
ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ താത്പര്യമല്ലെന്നും, ഇസ്രായേലിന്റെയും അവരുടെ യുഎസിലെ ശക്തമായ ലോബികളുടേയും സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്രംപ് ഭരണകൂടം യുദ്ധം ആരംഭിച്ചതെന്നും ആരോപിച്ചാണ് രാജി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) ജോ കെന്റ് തന്റെ രാജി പ്രഖ്യാപനം നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ ശേഷം ട്രംപ് സർക്കാരിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ് ജോ കെന്റ്. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും ഇറാനിലെ യുദ്ധത്തെ മനസ്സാക്ഷിക്കുത്തില്ലാതെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“എൻസിടിസി മേധാവി സ്ഥാനത്തുനിന്ന് ഞാൻ രാജിവെക്കുകയാണ്. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ” എന്ന് കുറിച്ച കെന്റ്, ഇറാൻ ഒരിക്കലും അമേരിക്കയ്ക്ക് ഭീഷണിയായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.
ഇസ്രായേലിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് അമേരിക്കൻ സൈന്യത്തെ യുദ്ധത്തിലേക്ക് തള്ളിവിട്ടതെന്ന കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
തന്റെ രാജി തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അദ്ദേഹം ദീർഘമായ കത്തയച്ചു. ഇസ്രായേലി ലോബിയുടെ ഇടപെടലുകൾ യുഎസ് വിദേശനയത്തെ സ്വാധീനിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ യുദ്ധം തുടരുന്നത് അമേരിക്കയുടെ സുരക്ഷയെക്കാൾ ഉപരി മറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് കെന്റ് ചൂണ്ടിക്കാട്ടുന്നു.
പശ്ചിമേഷ്യയിൽ യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഇന്റലിജൻസ് വിഭാഗത്തിന്റെ തലപ്പത്തുനിന്നുള്ള ഈ പടിയിറക്കം അന്താരാഷ്ട്ര തലത്തിലും ചർച്ചയായിക്കഴിഞ്ഞു. രാജ്യത്തിനെതിരായ ഭീകരവാദ ഭീഷണികളെ പ്രതിരോധിക്കുന്ന ഇന്റലിജൻസ് വിഭാഗത്തിന്റെ തലവനായ ജോ കെന്റിന്റെ വെളിപ്പെടുത്തലുകൾ വൈറ്റ് ഹൗസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സുപ്രധാനമായ സുരക്ഷാ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന എൻസിടിസി മേധാവി തന്നെ യുദ്ധത്തിന്റെ സാംഗത്യത്തെ ചോദ്യം ചെയ്തത് ട്രംപിന്റെ യുദ്ധതന്ത്രങ്ങൾക്ക് തിരിച്ചടിയാകും.
After much reflection, I have decided to resign from my position as Director of the National Counterterrorism Center, effective today.
— Joe Kent (@joekent16jan19) March 17, 2026
I cannot in good conscience support the ongoing war in Iran. Iran posed no imminent threat to our nation, and it is clear that we started this… pic.twitter.com/prtu86DpEr
ജോ കെന്റിന്റെ രാജി ഭരണകൂടത്തിനുള്ളിലെ മറ്റ് ഉദ്യോഗസ്ഥരിലും സമാനമായ അതൃപ്തിയുണ്ടാക്കുമോ എന്ന ആശങ്കയിലാണ് വാഷിങ്ടൺ. വരും ദിവസങ്ങളിൽ കെന്റിന്റെ വെളിപ്പെടുത്തലുകൾ യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.