ആര്‍ക്കു ആണ് നേട്ടം.. ? പറയാതെ പറഞ്ഞ് Dr.Thomas Isaac ന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഫേസ് ബുക്ക് പോസ്റ്റ് ഇപ്രകാരം
ട്രംപ് ഇന്ത്യയുമായുള്ള വ്യാപാര ഡീൽ പ്രഖ്യാപിച്ചിട്ട് ഇന്ന് മൂന്നാമത്തെ ദിവസം ആണ്. ട്രംപ് പറഞ്ഞതിൽ ഏതൊക്കെ ശരി? ഏതൊക്കെ തെറ്റ്? എന്ന് രാജ്യത്തോട് തുറന്നു പറയാൻ പ്രധാനമന്ത്രി മോഡിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
പക്ഷേ, ട്രംപിന്റെ പ്രഖ്യാപനം ആഘോഷിച്ച ഒരു കൂട്ടം ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചിനും കോർപ്പറേറ്റുകൾക്കും ഫെബ്രുവരി 3 ഉത്സവമായിരുന്നു. ഓഹരി വിപണി കത്തിക്കയറി. ബഡ്ജറ്റ് ദിനത്തിൽ സെൻസെക്സ് 1.18% ഇടിഞ്ഞതാണ്. അത് 2.54% തിരിച്ചു കയറി. നിക്ഷേപകർക്ക് 12 ലക്ഷം കോടി രൂപയുടെ നേട്ടം ഉണ്ടായി.
രൂപയും കുതിച്ചുയർന്നു. ഡോളറിന് 91.50 രൂപയായിരുന്നു വിനിമയ നിരക്ക്. അമേരിക്കൻ തീരുവ നിലവിൽ വന്നതിനു ശേഷമാണ് രൂപ കുത്തനെ ഇടിയാൻ തുടങ്ങിയത്. ഈ സാമ്പത്തിക വർഷം മൂല്യം 5% ത്തിലേറെ ഇടിഞ്ഞതാണ്. ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഒരൊറ്റ ദിവസം കൊണ്ട് രൂപ 1.50% ത്തിന്റെ നേട്ടം ഉണ്ടാക്കി. രൂപയുടെ വിനിമയ നിരക്ക് ഡോളറിന് 90.32 ആയി ഉയർന്നു.
അങ്ങിനെ കോർപ്പറേറ്റ് ഇന്ത്യ ആഹ്ളാദത്തിൽ മതിമറക്കുമ്പോൾ. ഇന്ത്യയിലെ കർഷക സംഘടനകൾ കനത്ത പ്രതിക്ഷേധത്തിലാണ്. ഇന്ത്യൻ കാർഷിക മേഖലയെ ഈ കരാർ മുച്ചൂടും മുടിക്കും എന്നാണവരുടെ ഭയം. സംയുക്ത കിസാൻ മോർച്ച ഫെബ്രുവരി 4 മുതലുള്ള ഒരു ആഴ്ചക്കാലം എല്ലാ ഗ്രാമങ്ങളിലും മോദിയുടെയും ട്രമ്പിന്റെയും കോലം കത്തിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ടിക്കായത്തിന്റെ ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യ കിസാൻ സഭയും, ഇന്ത്യൻ കർഷക സംഘടനകളുടെ ഏകോപന സമിതിയും പ്രതിക്ഷേധത്തിനു ആഹ്വാനം ചെയ്തു കഴിഞ്ഞു. ബിജെപി അനുകൂല കർഷകസംഘടന മാത്രം ഇപ്പോഴും മൗനത്തിലാണ്.
മലയാളികൾക്ക് സുപരിചിതമായിട്ടുള്ള ആസിയൻ കരാറിന്റെ അനുഭവം എടുത്താൽ ഈ ഘടക വിരുദ്ധ നിലപാടുകൾ പെട്ടന്ന് മനസിലാക്കാൻ സാധിക്കും. കോൺഗ്രസ് ആണല്ലോ ആസിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചത്. അതിന്റെ വലിയ നേട്ടം ഇന്ത്യയിലെ പല വ്യവസായങ്ങളുടെയും, ഐടി സേവനങ്ങളുടെയും കയറ്റുമതിയിലുണ്ടായി. പക്ഷെ റബ്ബർ, പാം ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയവയുടെ ഇറക്കുമതിമൂലം കേരളത്തിലെ കാർഷികമേഖല തകർന്നു. രാജ്യത്തിനുണ്ടായ നേട്ടത്തിന്റെ ഒരു പങ്ക് തകർച്ച നേരിടുന്ന കൃഷിക്കാർക്ക് നൽകുവാനുള്ള നിരന്തരമായ അഭ്യർഥന മൂന്ന് പതിറ്റാണ്ടുകളായി മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ ചെവിക്കൊള്ളാൻ തയ്യാറായില്ല. കേരളത്തിലെ കാർഷിക മേഖല ഇന്നും തകർച്ചയിൽ നിന്ന് കരകയറിയിട്ടില്ല.
ആസിയൻ കരാറിന്റെ പ്രത്യാഘാതം കേരളത്തിന്റെ കാർഷിക മേഖലയിൽ ഒതുങ്ങി നിന്നു. എന്നാൽ അതായിരിക്കില്ല അമേരിക്കയിൽ നിന്നുള്ള കാർഷിക മേഖലയ്ക്ക് ഇന്ത്യയെ തുറന്നു കൊടുത്താൽ ഉണ്ടാവുക. ഏറ്റവും വലിയ ദുരന്തം ഉണ്ടാവാൻ പോവുന്നത്. ഡയറി മേഖലയിൽ ആയിരിക്കും. ഇന്ത്യയിലെ ഒരു കൃഷിക്കാരന് 1 - 3 പശുക്കൾ വീതമാണ് ഉള്ളത്. എന്നാൽ അമേരിക്കയിലെ ഡയറി കൃഷിക്കാരന് ശരാശരി 377 പശുക്കളാണ് ഉള്ളത്. 1000 പശുക്കളെക്കാൾ കൂടുതലുള്ള ഫാമുകളാണ് ഏതാണ്ട് 70% പാലും ഉൽപ്പാദിപ്പിക്കുന്നത്.
ഒരു ഫാമിന്റെ ശരാശരി വലുപ്പം ഏതാണ്ട് 460 ഏക്കർ ആണ്. നമ്മളെക്കാൾ വളരെ ഉയർന്ന ഉൽപ്പാദന ക്ഷമതായാണ്. പാൽ മിച്ചമാണ്. അതുകൊണ്ട് വില താഴ്ത്തി വിൽക്കുന്നതുകൊണ്ട് നഷ്ടവുമില്ല. ഇറച്ചിയുടെയും സ്ഥിതി ഇത് തന്നെ. ഇവയുടെ കുത്തൊഴുക്ക് നമ്മുടെ ഡയറി മേഖലയെ തകർക്കും. ചോളം, ഗോതമ്പ്, പരുത്തി, ഇവയും വലിയ ഭീഷണി നേരിടുന്നു. എന്തിന് നെൽകൃഷിക്ക് പോലും ഭീഷണിയായിരിക്കും അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി.
അമേരിക്കയിൽ 4% ജനങ്ങളാണ് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത് ഇന്ത്യയിൽ ആവട്ടെ 40% ജനങ്ങളുടെ ഉപജീവന മാർഗ്ഗമാണ് കൃഷി. ഈ 4% ത്തിനു ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് അമേരിക്കൻ കാർഷിക സെക്രട്ടറിയുടെ പോസ്റ്റ് വായിക്കു.
“അമേരിക്കൻ കൃഷിക്കാരെ സഹായിച്ചതിന് ഒരിക്കൽ കൂടി നന്ദി പ്രസിഡന്റ്. പുതിയ അമേരിക്ക ഇന്ത്യ കരാർ ഇന്ത്യയുടെ വമ്പൻ കമ്പോളത്തിലേക്ക് അമേരിക്കൻ കാര്ഷികോല്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ സഹായിക്കും. വിളകളുയരും. അമേരിക്കയിലെ ഗ്രാമീണ മേഖലയിലേക്ക് ഫണ്ടുകൾ ഒഴുകും….. ഇതിനകം കൃഷിക്കായി ഉണ്ടായിട്ടുള്ളവയിൽ ഒരു വമ്പൻ ഡീൽ ആണ് ഇത്. അമേരിക്ക നമ്പർ 1 ന്റെ വിജയമാണിത്.”
അങ്ങനെ ഇന്ത്യൻ കാർഷിക മേഖലയെ അമേരിക്കയ്ക്ക് തീറെഴുതി കൊടുക്കാൻ തീരുമാനിക്കുമ്പോൾ ഇന്ന് പാർലമെന്റിൽ ചർച്ച ചെയ്യുന്ന ബഡ്ജറ്റിൽ കർഷകരെ സഹായിക്കാൻ അധികമായി എന്താണ് ഉള്ളത്? 2025 - 26 ലെ പുതുക്കിയ കണക്കു പ്രകാരം കാർഷിക മേഖലയ്ക്കുള്ള അടങ്കൽ വെട്ടി കുറയ്ക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. 2025 - 26 ൽ കാർഷികമേഖലയ്ക്ക് വകയിരുത്തിയതിനേക്കാൾ 7000 കോടി രൂപ കുറവാണ് ചെലവാക്കിയത്.
2026 - 27 ൽ വർദ്ധനവ് കേവലം 2.4% മാത്രമാണ്. വിലക്കയറ്റം കണക്കിലെടുത്താൽ കാർഷിക മേഖലയിലെ ചെലവ് കുറയുകയാണ്. വളത്തിന്റെ സബ്‌സിഡിയും ഭക്ഷ്യ സബ്സിഡിയും വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതുപോലൊരു ചതി ഇന്ത്യയിലെ കോടിക്കണക്കിനു കൃഷിക്കാരോട് ഇതിനുമുൻപ് ആരും ചെയ്തിട്ടില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.