ആലപ്പുഴ: നാടിനെ നടുക്കിയ അരുംകൊലയിൽ ഒടുവിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം.
ചേർത്തല പള്ളിപ്പുറം അമ്പിളി വധക്കേസിലാണ് ഭർത്താവ് രാജേഷ്‌കുമാറിനെ(രാജൻ-46) അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.ഭാരതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.കൊലപാതകത്തിനും പിടിച്ചുപറിക്കുമാണ് ശിക്ഷ. രണ്ടു ലക്ഷം രൂപ പിഴയും അടക്കണം.പള്ളിപ്പുറം തിരുനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റ് പളളിപ്പുറം പുത്തൻ കോനാട്ട് വീട്ടിൽ അമ്പിളിയെയാണ് ഭർത്താവ് രാജേഷ്‌കുമാർ അതിക്രൂരമായി കൊലപ്പെടുത്തിയത്.
2024 മെയ് 18-ാം തീയതി വൈകിട്ട് ആറ് മണിക്ക് പള്ളിപ്പുറം-ചേർത്തല റോഡിൽ പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു സംഭവം. കൊലപ്പെടുത്തിയ ശേഷം അമ്പിളിയുടെ കൈവശം ഉണ്ടായിരുന്ന കളക്ഷൻ ബാഗും തട്ടിയെടുത്താണ് പ്രതി കടന്നുകളഞ്ഞത്. ഭർത്താവിന്റെ അവിഹിതബന്ധം അമ്പിളി ചോദ്യം ചെയ്തതിലുളള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
മുഹമ്മ സ്വദേശിയായ വീട്ടമ്മയുമായി രാജേഷ്‌കുമാറിന് അടുപ്പമുണ്ടായിരുന്നു. സംഭവത്തിന് ഒരാഴ്ച മുമ്പ് ഇവർക്കിടയിലെ ചാറ്റിങ്ങിനെ ചൊല്ലി തർക്കമുണ്ടായപ്പോൾ രാജേഷ്‌കുമാർ ഭാര്യ അമ്പിളിയേയും മകൾ രാജലക്ഷ്മിയേയും ആക്രമിച്ചിരുന്നു. ചേർത്തല പോലീസിന് അമ്പിളി പരാതിയും നൽകി. പോലീസ് പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാക്കി. ഒരാഴ്ച കഴിഞ്ഞ് അമ്പിളി ഭർത്താവിന്റെ വീട്ടിൽ എത്തിയാൽ മതിയെന്നാണ് പറഞ്ഞിരുന്നത്.
തുടർന്ന് വീട്ടിലെത്തി രണ്ടാം ദിവസമായിരുന്നു കൊലപാതകം. ബാങ്കിന്റെ പണപ്പിരിവിന് അമ്പിളി പോകുന്ന വഴി രാജേഷ്‌കുമാറിന് അറിയാമായിരുന്നു. പളളിപ്പുറം വില്ലേജ് ഓഫീസിന് സമീപത്തെ കടയിൽനിന്ന് പണം വാങ്ങി അമ്പിളി സ്‌കൂട്ടർ സ്റ്റാർട്ടാക്കി നീങ്ങിപ്പോൾ ബൈക്കിൽ വന്ന രാജേഷ്‌കുമാർ അമ്പിളിയുടെ സ്‌കൂട്ടറിൽ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തി തുരുതുരേ കുത്തുകയായിരുന്നു.
പണം അടങ്ങിയ ബാഗ് രാജേഷ്‌കുമാർ തട്ടിപറിച്ചപ്പോൾ അമ്പിളി ബാഗ് മാറോട് ചേർത്തു. ആ സമയത്തും കുത്തി.അമ്പിളിക്ക് 19 തവണയാണ് കുത്തേറ്റത്. കരളും വൃക്കയും വരെ മുറിഞ്ഞ നിലയിലായിരുന്നു. ദൃക്സാക്ഷിയായ കച്ചവടക്കാരിയും മുൻ പഞ്ചായത്ത് മെമ്പറും കൃത്യമായ മൊഴി നൽകിയത് കേസിൽ പ്രോസിക്യൂഷന് സഹായമായി. പോലീസ് കത്തി കണ്ടെടുത്തപ്പോൾ സാക്ഷിയായ പൊതുപ്രവർത്തകന്റെ മൊഴിയും വഴിത്തിരവായി.
ബൈക്കിലും അമ്പിളിയുടെ രക്തക്കറ ഉണ്ടായിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തിൽ ഇത് തെളിഞ്ഞു. നേരത്തെ ആക്രമിച്ച വിവരം തെളിയാൻ മകൾ രാജലക്ഷ്മിയും രാജേഷിനെതിരേ മൊഴി നൽകി. 35 സാക്ഷികളിൽ 19 പേരുടെ മൊഴി തെളിവാക്കി. പ്രതിയുടെ ജാമ്യാപേക്ഷകൾ സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ തള്ളിയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ ഹാജരായി. ചേർത്തല പോലീസ് ഇൻസ്പെക്ടർ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമർപ്പിച്ചത്. അമ്പിളിയുടെ മക്കളായ രാജലക്ഷ്മിയുടേയും രാഹുലിന്റെയും പുനരധിവാസ കാര്യങ്ങൾ നോക്കാൻ ഇരകൾക്കുളള നഷ്ടപരിഹാര പദ്ധതി പ്രകാരം ജില്ലാ നിയമ സഹായ കേന്ദ്രത്തെ ജഡ്ജി എസ്.ഭാരതി ചുമതലപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.