കൊച്ചി: ‘ഇങ്ങനെയാക്കെ പോയാൽ മതിയോ, 500 ബെഡ്ഡുള്ള ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രി എംഡിയുടെ കസേരയില്‍ ഇരിക്കുന്നത് ഒന്നോർത്തു നോക്കിക്കേ’, ആ ഡയലോഗ് തന്റെ 29 ലക്ഷം രൂപ നഷ്ടപ്പെടുത്തുമെന്ന് ഓർത്തില്ല എന്നാണ് കെ.റിൻഷാദ് എന്ന നിലമ്പൂർ എരഞ്ഞിമങ്ങാട് സ്വദേശി പറയുന്നത്.
പണം തട്ടിച്ചു എന്ന റിൻഷാദിന്റെ പരാതിയിൽ കടവന്ത്ര പൊലീസ് ബിജു ജോർജ് എന്ന ബിജു രാധാകൃഷ്ണനും സംഘത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. സോളർ കേസിലൂടെ വിവാദത്തിലകപ്പെട്ട ആളായിരുന്നു ബിജു രാധാകൃഷ്ണൻ.അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നും പ്രതികളെ നോട്ടിസ് നൽകി ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്നും കടവന്ത്ര പൊലീസ് വ്യക്തമാക്കി. വധഭീഷണിയുണ്ടെന്ന റിൻഷാദിന്റെ പരാതിയിൽ സംരക്ഷണം നൽകാൻ ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.1500 കോടി രൂപയുടെ സിഎസ്ആർ ഫണ്ട് തരപ്പെടുത്തി നൽകാമെന്നായിരുന്നു റിൻഷാദിനുള്ള ബിജു രാധാകൃഷ്ണന്റെ വാഗ്ദാനം.
എന്നാൽ തന്റെ എൻജിഒ ഹെൽപ്പ് ഫൗണ്ടേഷൻ വഴി തട്ടിപ്പ് നടത്തുകയായിരുന്നു ബിജുവിന്റെ യഥാര്‍ഥ ലക്ഷ്യം എന്നാണ് റിൻഷാദിന്റെ പരാതി. ആ കഥ റിൻഷാദ് പറയുന്നത് ഇങ്ങനെ:
‘‘കൊച്ചിയിൽ എനിക്ക് കുറച്ചു സലൂണുകളുണ്ട്. അതിലൊന്നിൽ മുടി വെട്ടിക്കാനും മറ്റും വന്നിരുന്ന ആളാണ് ബിജു. ആഡംബര കാറിൽ വിലകൂടിയ വസ്ത്രങ്ങളൊക്കെ ധരിച്ചാണ് ബിജു എത്താറുണ്ടായിരുന്നത്. പരിചയപ്പെട്ടു. സുപ്രീം കോടതിയിലെ അഭിഭാഷകനാണെന്നും ഭാര്യ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുവെന്നും പറഞ്ഞു. 2021ലാണ് ഇത് നടക്കുന്നത്.
അങ്ങനെ കുറച്ചുകാലം കൊണ്ട് സൗഹൃദത്തിലായി. ഇതിനിടെയാണ്, ആ ഡയലോഗ് ബിജു പറയുന്നത്. വലിയ കമ്പനികളുടെ സിഎസ്ആർ ഫണ്ട് താൻ ശരിപ്പെടുത്തി െകാടുക്കാറുണ്ടെന്നും അത്തരത്തിൽ ഒരു ആശുപത്രി നിർമിക്കാൻ ഫണ്ട് എത്തിക്കാമെന്നുമായിരുന്നു വാഗ്ദാനം. ആദ്യം 300 കോടി, ആശുപത്രി നിർമാണം കഴിയുമ്പോൾ 300 കോടി, അങ്ങനെ പല ഘട്ടങ്ങളിലായി ആകെ 1500 കോടി രൂപ എന്നായിരുന്നു കണക്ക്. ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കാൻ നിർേദശിച്ചു. തുടർന്ന് മറ്റു രണ്ടു പേർക്കൊപ്പം ട്രസ്റ്റ് രൂപീകരിച്ചു.
ഇതിന്റെ കാര്യങ്ങളൊക്കെ സഹായിച്ചത് ബിജുവാണ്,’’ റിൻഷാദ് പറഞ്ഞു.ബാക്കി കടവന്ത്ര പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ – ‘‘സിഎസ്ആർ ഫണ്ട് കിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി പലപ്പോഴായി 20 ലക്ഷം രൂപയും ആംബുലൻസ് വാങ്ങുന്നതിന് ഏഴു ലക്ഷവും ഡോക്യുമെന്റേഷനായി രണ്ടു ലക്ഷം രൂപയും ഉൾപ്പെടെ 29 ലക്ഷം രൂപ വാങ്ങിയെടുത്തു.
ഇതു തിരികെ കിട്ടാൻ പൊലീസിൽ പരാതി നൽകിയതറിഞ്ഞ് കേസിലെ രണ്ടാം പ്രതി, പരാതിക്കാരനായ റിൻഷാദിനെ ബന്ധപ്പെട്ട് ബലാൽസംഗ കേസിൽ പെടുത്തി നശിപ്പിക്കുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി.’’ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയാണ്. അഭിഭാഷകയായ നിഷ പീറ്റർ രണ്ടാം പ്രതി, ബിജുവിന്റെ സഹായി എന്നു കരുതുന്ന ബെർലിൻ മൂന്നാം പ്രതി, ഇവരുടെ എൻജിഒ ഹെല്‍പ്പ് ഫൗണ്ടേഷൻ എന്ന സ്ഥാപത്തിലെ ജീവനക്കാരൻ എന്നു കരുതുന്ന വേണുഗോപാൽ നാലാം പ്രതിയുമാണ്.
ബിഎൻഎസ്എസിലെ വിവിധ വകുപ്പുകൾ അനുസരിച്ച് വിശ്വാസവഞ്ചന, കബളിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വ്യാജ രേഖ അസൽ രേഖയായി ഉപയോഗിക്കൽ, ക്രിമിനൽ ഭീഷണി, കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുക, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.റിൻഷാദ് തുടർന്നു പറയുന്നു, ‘‘അന്ന് സിഎസ്ആർ ഫണ്ട് എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. പക്ഷേ, അത് യാഥാർഥ്യമാണെന്ന് ബിജു വിശ്വസിപ്പിച്ചു.
ബിജു ജോർജ് കല്ലോലിത്തടത്തിൽ എന്നാണു പേരു പറഞ്ഞിരുന്നതും വിസിറ്റിങ് കാർഡിൽ അച്ചടിച്ചിരുന്നതും. കാക്കനാട്ടെയും പനമ്പിള്ളി നഗറിലെയും ഓഫിസുകളിൽ ഒട്ടേറെ പേരാണ് കാണാൻ എത്തിയിരുന്നത്. തമിഴ്നാട്ടിലും കർണാടകത്തിലുമാണ് കൂടുതൽ പേർ പറ്റിക്കപ്പെട്ടിട്ടുള്ളത് എന്നും കേട്ടു. ട്രസ്റ്റ് രൂപീകരിച്ച് പൈസയും കൊടുത്തു കഴിഞ്ഞപ്പോൾ ഒരിക്കൽ ഫണ്ട് കൈമാറുന്ന കാര്യം പറയാനാണെന്നു പറഞ്ഞ് ഞങ്ങൾ മൂന്നു പേരെയും ദുബായിലേക്കു വിളിപ്പിച്ചു.
എന്നാൽ അവിടെ എത്തിയപ്പോൾ ബിജുവിന്റെ ഫോൺ ഓഫായിരുന്നു. ഒരാഴ്ച സ്വന്തം ചെലവിൽ ഞങ്ങൾക്ക് അവിടെ താമസിക്കേണ്ടി വന്നു. പിന്നീട് ഓഫിസിൽ വിളിച്ചപ്പോൾ ബിജു യുകെയിലാണെന്നും വിളിക്കുമ്പോള്‍ പറയാമെന്നുമായിരുന്നു മറുപടി. ഇതിനിടെയാണ്, മുമ്പു പരിചയമുണ്ടായിരുന്ന ഇതുപോലൊരു തട്ടിപ്പിൽ അകപ്പെട്ട ഒരു അങ്കമാലി സ്വദേശി ഒരു ലിങ്ക് അയച്ചു തന്നത്.
അത് തുറന്നു നോക്കിയപ്പോൾ ഞാൻ അമ്പരന്നു പോയി. ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പഴയ വീഡിയോ ആയിരുന്നു അത്. അതോടെയാണ് പണം തട്ടിപ്പായിരുന്നു ഇവരുടെ ലക്ഷ്യമെന്നു മനസിലാകുന്നത്. പിന്നീട് ബന്ധപ്പെട്ടപ്പോൾ യാതൊരു മറുപടിയും ലഭിച്ചില്ല’’– നിഷയെ ബന്ധപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും റിൻഷാദ് പറയുന്നു. അക്കാര്യങ്ങൾ എഫ്ഐആറിലുമുണ്ട്.അതിനിടെയാണ്, തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കാട്ടി റിൻഷാദ് ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് റിൻഷാദിന് സംരക്ഷണം ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഇത് നൽകണമെന്ന് മരട് എസ്എച്ച്ഒയ്ക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശം നൽകുകയായിരുന്നു. എഫ്ഐആർ റജിസ്റ്റർ െചയ്ത് അന്വേഷണം നടത്തിവരികയാണെന്നും ഇരുവരും തമ്മിലുള്ള പണമിടപാടുകൾ സംബന്ധിച്ച പരിശോധനയും നടക്കുന്നുണ്ടെന്ന് കടവന്ത്ര പൊലീസ് വ്യക്തമാക്കി.
പല തവണകളായി പണമായിട്ടാണ് താൻ നൽകിയതെന്നും അതിന് ബിജു ഒപ്പിട്ടു നൽകിയ രസീതുകൾ തന്റെ പക്കലുണ്ടെന്നും റിൻഷാദ് പറയുന്നു. റിന്‍ഷാദ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡിജിപി നിർദേശിച്ചിട്ടുമുണ്ട്. ദക്ഷിണ മേഖല ഐജിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.