കോഴിക്കോട് ;യുവാവ് ബസിൽ ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷ കോടതി തളളി.
കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക് (41) ജീവനൊടുക്കിയത് ഷിംജിത സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലെ മനോവിഷമത്തിലാണെന്ന് മാതാവ് നൽകിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നിഷേധിച്ചതോടെ ഷിംജിത മഞ്ചേരിയിലെ വനിതാ ജയിലിൽ റിമാൻഡിൽ തുടരും.ജാമ്യാപേക്ഷയിൽ ശനിയാഴ്ച കോടതി വിശദമായ വാദം കേട്ടിരുന്നു. ഷിംജിത നിരപരാധിയാണെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ ബോധപൂർവമാണ് ഷിംജിത ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് വാദിഭാഗം അഭിഭാഷകൻ വാദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചു. സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്കു കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടുന്നതിനാണ് പ്രതി കുറ്റം ചെയ്തതെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചത്.
അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വിഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രതി പകർത്തിയ വിഡിയോ പോസ്റ്റ് ചെയ്തതാണ് ദീപക്കിന്റെ മരണത്തിന് കാരണമായത്. ജാമ്യം ലഭിച്ചാൽ പ്രതി ഇനിയും സമാനമായ കുറ്റകൃത്യം നടത്താനിടയുണ്ട്. മറ്റുള്ളവരും ഇത്തരത്തിൽ പ്രവൃത്തികൾ ചെയ്യുമെന്നും ജാമ്യം നൽകുന്നത് അവർക്ക് പ്രേരണയാകുമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വിഡിയോയ്ക്കു പിന്നിൽ ഗൂഢാലോചനയുണ്ടോ, വിഡിയോ തയാറാക്കാനും എഡിറ്റ് ചെയ്യാനും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനാൽ തന്നെ ഷിംജിതയ്ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഷിംജിത പ്രചരിപ്പിച്ച വിഡിയോ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ദീപക്കും ഷിംജിതയും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ കോളജ് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ദീപക്ക് ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്ന ശേഷം ഈ മാസം 19 ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തതോടെയാണ് ഷിംജിത ഒളിവിൽ പോയത്. തുടർന്ന് ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് 21 ന് ആണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ മെഡിക്കൽ കോളജ് പൊലീസ് ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. നിലവിൽ ഷിംജിത 14 ദിവസത്തെ റിമാൻഡിൽ ആണ്.
പത്തുവർഷം വരെ തടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ബസിൽ തനിക്ക് ലൈംഗികാതിക്രമം നേരിട്ടുവെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ഷിംജിത. ഷിംജിത വിഡിയോ ചിത്രീകരിച്ച ബസിൽ യാത്ര ചെയ്ത യുവതി കഴിഞ്ഞ ദിവസം കണ്ണൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ ദൃശ്യം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് ഈ പരാതിയിൽ പറയുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.