തിരുവനന്തപുരം ; ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് സിപിഎം മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, വി.എന്‍.വാസവന്, അതിനു മുന്‍പുള്ള കോണ്‍ഗ്രസ് മന്ത്രി എന്നിവരെ സംരക്ഷിക്കാനാണോ എന്നു സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തന്ത്രിയുടെ അറസ്റ്റ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണോ എന്നു സംശയമുണ്ട്.
ശബരിമലയിലെ സ്വര്‍ണം സംരക്ഷിക്കേണ്ടതിന്റെയും പരിശോധിക്കേണ്ടതിന്റെയും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനും മന്ത്രിക്കുമാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍, എന്തുകൊണ്ടു മന്ത്രിയെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്. രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. വീഴ്ചയാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയില്ല. സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ വലിയ രാഷ്ട്രീയ നേതാക്കളുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കുമൊപ്പം കേസിലെ ഒന്നാം പ്രതി നില്ക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടിയ രാജീവ് ചന്ദ്രശേഖര്‍, സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘമാണ് കൊള്ളയ്ക്കു പിന്നിലെന്നും ആരോപിച്ചു. പോറ്റിയെ സഹായിക്കുന്നത് ഇവരാണ്. മകരവിളക്കു ദിവസമായ 14ന് എന്‍ഡിഎ ജ്യോതി തെളിച്ച് പ്രതിഷേധസമരം സംഘടിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എസ്ഐടി അന്വേഷണം സംശയാസ്പദമാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റ് ചെയ്ത ആദ്യദിവസങ്ങളില്‍ത്തന്നെ മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനും എതിരെ മൊഴി ലഭിച്ചിരുന്നു.അവരെ ചോദ്യം ചെയ്യുകയും തെളിവുകള്‍ ലഭിച്ചിട്ടും അവരെ അറസ്റ്റ് ചെയ്യാന്‍ എസ്ഐടി തയാറായില്ല. എന്നാല്‍ ഇപ്പോള്‍ തന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. ക്ഷേത്രത്തിലെ വസ്തുക്കളുടെ ഉത്തരവാദിത്തം തന്ത്രിക്കല്ല. പൂജകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. ദേവസ്വം ഭണ്ഡാരം സൂക്ഷിക്കാനുള്ള അധികാരം തന്ത്രിക്കല്ല. തന്ത്രി ആചാരലംഘനം നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുനന്ത്. ആചാരലംഘനത്തിന് കേസെടുക്കണമെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണ്.ശബരിമലയിലെ ഏറ്റവും വലിയ ആചാരലംഘനം അദ്ദേഹമാണ് നടത്തിയത്. അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ കൊണ്ടുവന്ന് പതിനെട്ടാം പടി ചവിട്ടിച്ച് നവോത്ഥാനം ഉണ്ടാക്കിയെന്നു സമ്മതിച്ചത് മുഖ്യമന്ത്രിയാണ്. ആചാരലംഘനത്തിന് ബിഎന്‍എസില്‍ എന്തു വകുപ്പാണ് ഉള്ളത്? 120 ബി ഗൂഢാലോചനക്കുറ്റമാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ എന്തെങ്കിലും സാമ്പത്തികലാഭം തന്ത്രിക്കു കിട്ടിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ല. അതാണ് സംശയത്തിന് ഇടയാക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനും ജനവികാരം തിരിച്ചുവിടാനുമുള്ള ശ്രമമാണോ എന്ന സംശയം സമൂഹത്തിന് ഉണ്ടെന്നും അതു ദൂരീകരിക്കണമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.