കോട്ടയം: കേരള കോൺഗ്രസ് എം ഇടതുമുന്നണി വിടാൻ ഒരുങ്ങിയ നീക്കത്തിന് തടയിട്ടത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത് വന്നതിൽ പ്രതികരണവുമായി ജോസ് കെ.മാണി.
കേരള കോൺഗ്രസ് ബൂർഷ്വാ പാർട്ടിയാണെന്നടക്കുള്ള രീതിയിൽ സംസാരിച്ചത് വർഗീസാണെന്ന് താൻ കരുതുന്നില്ല. ആരാണെങ്കിലും പണ്ട് കാലത്തെ സഖാക്കളെ പോലെ വായനാശീലമുള്ള ആളല്ല ഇതെന്ന് തനിക്ക് മനസ്സിലായെന്നും ജോസ് കെ.മാണി പറഞ്ഞു. അങ്ങനെ ആയിരുന്നെങ്കിൽ കെ എം മാണിയുടെ അധ്വാന വർഗ സിദ്ധാന്തം ഒരു പ്രാവ്യശ്യം വായിച്ചേനെ. അധ്വാന വർഗം ഒരു ബൂർഷ്വാ അല്ല.
പുറത്ത് വന്ന ശബ്ദരേഖ വർഗീസിന്റേതാണെങ്കിലും അല്ലെങ്കിൽ കാലം മാറി സംസാരിച്ചതാണെന്ന് തോന്നുന്നു. 2020-ൽ കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന് പുറത്താക്കിയപ്പോൾ ചേർത്തുപിടിക്കാൻ കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനമെടുത്തപ്പോൾ അതിനൊപ്പം ഉറച്ച നിൽക്കണമെന്ന് പറഞ്ഞത് റോഷിയും ജയരാജും അടക്കമുള്ളവരാണ്. അതിനെ കുറിച്ചായിരിക്കും അദ്ദേഹം പറഞ്ഞതെന്നും ജോസ് കെ.മാണി വ്യക്തമാക്കി. 'നിലപാട് മാറ്റുന്നതും മുന്നണി മാറുന്നതുമായ ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം അഭിപ്രായങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്. ഇപ്പോൾ യുഡിഎഫിനൊപ്പം പോകുന്നുവെങ്കിൽ ഈ അഞ്ച് എംഎൽഎമാരും ഒപ്പമുണ്ടാകും. നേരത്തെ നടത്തിയ പത്രസമ്മേളനത്തിൽ ഇക്കാര്യം കൃത്യമായി പറഞ്ഞതാണ്.
എന്നാൽ അതല്ല ഞങ്ങളുടെ നിലപാട്. ഇടതുപക്ഷമാണ് ഞങ്ങളെ ചേർത്തുപിടിച്ചത്. അവർക്കൊപ്പമാണ് ഇപ്പോഴും. അതുകൊണ്ട് ഉത്തരവാദിത്തമുള്ള ഒരു നേതാവ് ഇത്തരത്തിൽ സംസാരിക്കുമെന്ന് ഞാൻ കരുതുന്നില്ല' ജോസ് കെ.മാണി കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള കോൺഗ്രസ് എൽഡിഎഫ് വിടുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ജോസ് കെ.മാണി യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ ഇതിനോട് വിയോജിച്ചെന്നുള്ള പ്രചാരണങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ പ്രചാരണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റേതാണെന്ന് കരുതുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം തടയാനായത് രാഷ്ട്രീയ വിജയമാണെന്ന് പാർട്ടി കമ്മിറ്റിയിൽ പ്രസംഗിച്ചതിന്റെ ശബ്ദരേഖയിൽ പറയുന്നുണ്ട്. റോഷി അഗസ്റ്റിനാണ് ഈ നീക്കത്തിന് തടയിട്ടതെന്നും ഇതിൽ വ്യക്തമാക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.