മുംബൈ ;400 കോടി രൂപ മൂല്യമുള്ള നിരോധിക്കപ്പെട്ട 2,000 രൂപ കറൻസി നോട്ടുകളുമായി ഗോവയിൽനിന്നു പുറപ്പെട്ട 2 കണ്ടെയ്നറുകൾ മഹാരാഷ്ട്ര അതിർത്തിയിൽ കാണാതായെന്ന പരാതിയിൽ പ്രത്യേകാന്വേഷണ സംഘം (എസ്ഐടി) അന്വേഷണം ഊർജിതമാക്കി.
പണത്തിന്റെ ഉറവിടം, അതു കൊണ്ടുപോയതിന്റെ ലക്ഷ്യം, എന്തിന് ഉപയോഗിച്ചു എന്നിവയാണു പ്രധാനമായും അന്വേഷിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ബാങ്ക് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട വലിയ സംഘത്തിന്റെ ഗൂഢാലോചന സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്.പണം ഗുജറാത്തിലെ ഒരു ആശ്രമത്തിലേക്കു കൊണ്ടുപോകുകയായിരുന്നു, മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനായി ഉദ്ദേശിച്ചതായിരുന്നു തുടങ്ങിയ ആരോപണങ്ങളുണ്ട്. നിരോധിക്കപ്പെട്ടവയാണെങ്കിലും ആർബിഐയുടെ പ്രത്യേക കേന്ദ്രങ്ങളിൽ 2,000 രൂപയുടെ നോട്ട് ഇപ്പോഴും മാറ്റിയെടുക്കാനാകും.നാസിക് സ്വദേശിയും റിയൽ എസ്റ്റേറ്റ് ഏജന്റുമായ സന്ദീപ് പാട്ടീൽ എന്നയാൾ തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന് ആരോപിച്ച് ഈ മാസമാദ്യം ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണു ‘കോടികളുടെ കണ്ടെയ്നർ’ ഇടപാട് സംബന്ധിച്ച വിവരം പുറത്തറിയുന്നത്.ഒന്നുകിൽ പണം നിറച്ച ട്രക്ക് കണ്ടെത്തണമെന്നും അല്ലെങ്കിൽ 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഘം ആവശ്യപ്പെട്ടെന്നാണു പാട്ടീൽ ആരോപിച്ചത്. തുടർന്ന്, നാസിക് പൊലീസ് 6 പേരെ അറസ്റ്റ് ചെയ്തിരുന്നു. താനെയിലെ പ്രമുഖ കെട്ടിട നിർമാതാവായ കിഷോർ ഷെട്ടിയുടേതാണു കാണാതായ കണ്ടെയ്നറുകളെന്നാണു സൂചന.ഷെട്ടി ഒളിവിലാണ്. അതേസമയം, ഇത്തരത്തിലുള്ള കണ്ടെയ്നർ കർണാടക അതിർത്തിയിലൂടെ കടന്നുപോയതിനു തെളിവില്ലെന്നു ബെളഗാവി പൊലീസ് പറഞ്ഞു. കേസിന്റെ വിശദവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഗോവ, മഹാരാഷ്ട്ര, കർണാടക അതിർത്തി പ്രദേശമായ ഘാനാപുർ താലൂക്കിലെ വനമേഖലയിൽ കഴിഞ്ഞ ഒക്ടോബറിലാണു കണ്ടെയ്നറുകൾ കാണാതായതെന്നാണ് ആരോപണം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.