കൊച്ചി ;ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയ പൊലീസിനു മുന്നിൽ പെട്ടത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ്.
കൊച്ചിയിലെ പഴയൊരു കേസിൽ അറസ്റ്റ് ചെയ്ത അനീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജാമ്യം ലഭിച്ചാൽ അനീഷിനെ തമിഴ്നാട് കോയമ്പത്തൂർ ചാവടിയിൽ നിന്ന് എത്തിയിട്ടുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തേക്കും. റിമാൻഡ് ചെയ്താൽ കേരളത്തിലെ ഏതെങ്കിലും ജയിലിേലക്ക് മാറ്റും. തന്നെ എൻകൗണ്ടറിൽ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അടുത്തിടെ മരട് അനീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.തങ്ങൾ കൈമാറില്ലെന്നും കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് തമിഴ്നാട് പൊലീസിനു കസ്റ്റഡി ആവശ്യപ്പെടാമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഹണിട്രാപ് കേസിലെ ഒരു പ്രതിയെ തിരഞ്ഞു പോയ വടക്കൻ പറവൂർ പൊലീസാണ് മുളവുകാട് സ്റ്റേഷൻ പരിധിയിൽ മരട് അനീഷ് ഉള്ള കാര്യം മനസിലാക്കുന്നത്. അവർ ഇക്കാര്യം മുളവുകാട് പൊലീസിനെ അറിയിച്ചു.തുടർന്ന് മുളവുകാട് പൊലീസ് എത്തി അനീഷിെന കസ്റ്റഡിയിലെടുത്തെങ്കിലും അവിടെ കേസ് ഇല്ലാത്തതിനാൽ കൊച്ചി സെൻട്രൽ സ്റ്റേഷനിലേക്ക് കൈമാറി. ഇവിടെ 2005ൽ അനീഷിന്റെ പേരിൽ ഒരു വാറണ്ട് ഉണ്ടായിരുന്നു എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോടതിയിൽ ഹാജരാകേണ്ട സമയത്ത് അനീഷ് എത്തിയില്ലെന്നും തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം. തുടർന്ന് ഈ കേസിൽ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
തമിഴ്നാട്ടിലെ ചാവടിയിൽ നിന്നുള്ള പൊലീസ് സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഏറെക്കാലമായി കൊച്ചി നഗരത്തിൽ തന്നെയുണ്ടെങ്കിലും അനീഷിനെ പൊലീസ് പിടികൂടിയിരുന്നില്ല. തനിക്ക് വധഭീഷണിയുണ്ടെന്ന് അനീഷ് പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു. തമിഴ്നാട് പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തും എന്നായിരുന്നു അനീഷിന്റെ ആരോപണം. ഇതിനു പിന്നാലെയാണ് അനീഷിനെ ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോയമ്പത്തൂരിനടുത്ത് മധുക്കരൈ ചാവടിയിൽ വച്ച് സ്വര്‍ണം തട്ടിയെടുത്ത കേസാണ് മരട് അനീഷിനെതിരെ ഉള്ളതെന്നാണ് വിവരം. വാഹനത്തിൽ കടത്തുകയായിരുന്ന സ്വർണം അനീഷും സംഘവും പിടിച്ചടുക്കുകയായിരുന്നു. ഈ കേസിൽ ചാവടി പൊലീസ് അന്വേഷിക്കുന്ന അനീഷ് കേരളത്തിലാണ് ഒളിവിൽ കഴിഞ്ഞത്. തമിഴ്നാട്ടിൽ സ്പിരിറ്റ് കച്ചവടം ഉൾപ്പെടെ താൻ നടത്തിയിരുന്നു എന്ന് അനീഷ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.2023ൽ അനീഷ് കൊച്ചിയിലെ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ആയതിനു പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. പിന്നാലെ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് അനീഷിനു നേരെ വധശ്രമവും ഉണ്ടായി. മറ്റൊരു കേസിൽ തമിഴ്നാട് പൊലീസ് അന്വേഷിക്കുന്ന സമയമായിരുന്നു ഇത്.2012ൽ ഡിണ്ടിഗലിൽ വച്ച് തമിഴ്നാട് പൊലീസ് നടത്തിയ വെടിവയ്പ്പിൽ മരട് അനീഷിന്റെ അനുയായിയായ സിനോജ് കൊല്ലപ്പെട്ടിരുന്നു.
തമിഴ്നാട്ടിലെ ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സമയത്തായിരുന്നു ഇത്. ഈ കേസിൽ ഉള്‍പ്പെട്ടിരുന്ന തൈക്കുടം സ്വദേശി പ്രതീഷ് വർഗീസ് ഇക്കഴിഞ്ഞ ഒക്ടോബറിൽ തമിഴ്നാട് ജയിലിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. കൊച്ചിയിൽ നിന്ന് പിടിച്ചുകൊണ്ടു പോയി ദിവസങ്ങൾക്കകം കുഴഞ്ഞു വീണു മരിച്ചു എന്നായിരുന്നു പൊലീസ് ഭാഷ്യം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.