ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി റെയ്‌സീന ഹില്ലിന് സമീപം നിർമാണം പൂർത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയം പ്രവർത്തനത്തിനൊരുങ്ങുന്നു.
'സേവാ തീർഥ്' എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ ആസ്ഥാനത്തേക്ക് ജനുവരി 14- ന് ശേഷം പ്രധാനമന്ത്രി മാറുമെന്നാണ് സൂചന. കേന്ദ്ര ഭരണമേഖലയെ പുനർവികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2019-ൽ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ നാലാം ഘട്ടമാണിത്.നിർമാണഘട്ടത്തിൽ 'എക്സിക്യൂട്ടീവ് എൻക്ലേവ്' എന്ന് പേരിട്ടിരുന്ന സമുച്ചയത്തിന്, സേവനത്തിന്റെ പുണ്യസ്ഥലം എന്ന അർഥത്തിലാണ് 'സേവാ തീർഥ്' എന്ന് പേര് മാറ്റിയത്. പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണവും ഓഫീസിന് സമീപം പുരോഗമിക്കുന്നുണ്ട്. ഇത് പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രി നിലവിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽനിന്ന് ഇവിടേക്ക് താമസം മാറും. 2022-ൽ കരാർ നൽകിയ സെൻട്രൽ പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്‌മെന്റിനായി (സിപിഡബ്ല്യുഡി) ലാർസൻ ആൻഡ് ടൂബ്രോ ആണ് ഈ സമുച്ചയം നിർമിക്കുന്നത്.
മൂന്ന് പ്രധാന കെട്ടിടങ്ങളാണ് പുതിയ സമുച്ചയത്തിലുള്ളത്. സേവാ തീർഥ് 1-ൽ പ്രധാനമന്ത്രിയുടെ ഓഫീസും, സേവാ തീർഥ് 2-ൽ ക്യാബിനറ്റ് സെക്രട്ടേറിയറ്റും പ്രവർത്തിക്കും. സേവാ തീർഥ് 3-ൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
പുതിയ ഓഫീസിലെ മീറ്റിങ് റൂമുകൾ ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതിനൊപ്പം ഭാരതീയ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യാബിനറ്റ് യോഗങ്ങൾക്കായി പ്രത്യേക മുറിയും ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 'ഓപ്പൺ ഫ്ലോർ മോഡൽ' രീതിയിലുള്ള ഓഫീസ് സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലംമുതൽ സൗത്ത് ബ്ലോക്കിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്.
ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ സുപ്രധാന അധികാര കേന്ദ്രം മാറുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ നിർമാണ രീതിയിലുള്ള നോർത്ത്, സൗത്ത് ബ്ലോക്കുകൾ ഇനി മുതൽ ഭാരതത്തിന്റെ അയ്യായിരം വർഷത്തെ നാഗരികത പ്രകടമാക്കുന്ന മ്യൂസിയമാക്കി മാറ്റാനാണ് സർക്കാർ പദ്ധതി. ഇതിന്റെ ആദ്യഘട്ടം അടുത്ത വർഷം ആരംഭിക്കും.സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി ഇതിനകം പുതിയ പാർലമെന്റ് മന്ദിരവും (2023) വൈസ് പ്രസിഡന്റിന്റെ എൻക്ലേവും (2024) പൂർത്തിയായിട്ടുണ്ട്. കൂടാതെ, പത്ത് കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിൽ ആദ്യത്തെ മൂന്നെണ്ണം 'കർത്തവ്യ ഭവൻ' എന്ന പേരിൽ 2025-ഓടെ പൂർത്തീകരിച്ചിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.