ആലപ്പുഴ; ഓഹരി നിക്ഷേപത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പ്രവാസിയിൽ നിന്ന് 8.08 കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തമിഴ്നാട് സേലം സ്വദേശി ഭാരതിക്കണ്ണൻ അംഗമുത്തുവിനെ(23) ആലപ്പുഴയിലെത്തിച്ചു.
പ്രവാസിയിൽ നിന്നു 35.5 ലക്ഷം രൂപ ഭാരതിക്കണ്ണനും സുഹൃത്ത് ശബരീഷ് ശേഖറും ചേർന്നു നടത്തുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെയാണു പിൻവലിച്ചതെന്നു കണ്ടെത്തിയിരുന്നു. കേസിലെ ആദ്യ അറസ്റ്റാണിത്. സംസ്ഥാനത്തെ തന്നെ വലിയ സൈബർ തട്ടിപ്പു കേസുകളിലൊന്നാണിത്.സേലം ഓൾഡ് ബസ് സ്റ്റാൻഡിനു സമീപം ആരംഭിച്ച സ്ഥാപനത്തിന്റെ പേരിൽ കറന്റ് അക്കൗണ്ട് എടുത്താണു തട്ടിപ്പുകൾക്ക് ഉപയോഗിച്ചത്.ഭാരതിക്കണ്ണനും ശബരീഷും ഓട്ടമൊബീൽ എൻജിനീയർമാരാണ്. ശബരീഷ് സമാനമായ മറ്റൊരു തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട് തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങും. 3 മാസത്തിനകം കേസിലെ ആദ്യ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുമെന്നു സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി.ജോർജ് പറഞ്ഞു. പ്രവാസിയെ ബന്ധപ്പെടാൻ ഉപയോഗിച്ച സമൂഹമാധ്യമങ്ങൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഐപി അഡ്രസ് എന്നിവ കേന്ദ്രീകരിച്ചും വ്യാജ കോൾ സെന്ററുകൾ, വ്യാജ സിം കാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ സംഘടിപ്പിച്ചു നൽകുന്നവരെക്കുറിച്ചും അന്വേഷണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.സേലത്ത് താരാമംഗലം പൊലീസിന്റെ സഹായത്തോടെയാണു ഭാരതിക്കണ്ണനെ അറസ്റ്റ് ചെയ്തത്. ഏലിയാസ് പി.ജോർജ്, സബ് ഇൻസ്പെക്ടർ വി.എസ്.ശരത്ചന്ദ്രൻ, സിപിഒമാരായ കെ.റികാസ്, ജേക്കബ് സേവ്യർ, എം.മിഥുൻനാഥ് എന്നിവരാണു പൊലീസ് സംഘത്തിലുണ്ടായിരുന്നത്. സേലം ഓമലൂർ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി ആലപ്പുഴയിലെത്തിച്ച പ്രതിയെ ചീഫ് മജിസ്ട്രേട്ട് എസ്.പ്രിയങ്ക മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.ഹരിപ്പാട് സ്വദേശിയായ പ്രവാസിക്കു ലഭിച്ച വാട്സാപ് കോളിൽ നിന്നാണു തട്ടിപ്പിന്റെ തുടക്കം. ഓൺലൈൻ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വൻതുകയുടെ ഇടപാടുകൾ ശ്രദ്ധയിൽപെട്ട ബാങ്ക് അധികൃതർ ഇക്കാര്യം അന്വേഷിച്ചിരുന്നു.
പിന്നീട് മക്കൾക്കു സംശയം തോന്നിയാണു പൊലീസിൽ പരാതി നൽകിയത്. തമിഴ്നാട്, ജാർഖണ്ഡ്, ജമ്മു കശ്മീർ, ഒഡീഷ, മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ, തെലങ്കാന, രാജസ്ഥാൻ, മണിപ്പുർ, ത്രിപുര എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണു പ്രവാസിയിൽ നിന്നുള്ള പണം കൈമാറിയത്.നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പ്രകാരം ഭാരതിക്കണ്ണനെതിരെ കർണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി 10 പരാതികൾ നിലവിലുണ്ട്.3 തവണയായാണു 35.5 ലക്ഷം രൂപ പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.