കോഴിക്കോട്; കക്കോടിയിൽ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം വർക് ഷോപ്പിൽ കഴുത്തിൽ കുരുക്കിട്ടു നിന്ന യുവതിയെ സ്റ്റൂൾ തട്ടിമറിച്ച് കൊലപ്പെടുത്തിയ തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ കെ.വൈശാഖന്റേത് (35) സ്നേഹത്തിൽ പൊതിഞ്ഞ വിശ്വാസവഞ്ചന.
ചെറിയ പ്രായം മുതൽ പരിചയത്തിലായിരുന്ന യുവതിയെ പ്രായപൂർത്തിയാകുന്നതിനു മുൻപേ വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ വിവരം കൂടി മൊഴിയെടുപ്പിൽ പുറത്തുവന്നതോടെ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പിനാണ് ഒരുങ്ങുന്നത്.വർഷങ്ങളായി ബന്ധം തുടർന്നുവന്ന വൈശാഖനോട് അകന്ന ബന്ധു കൂടിയായ യുവതി വിവാഹ അഭ്യർഥന നടത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിവാഹിതനായ പ്രതിക്ക് യുവതിയുടെ ഈ ആവശ്യം അംഗീകരിക്കാനായില്ല. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു.
വിവാഹിതനായതിനാൽ ഇനി മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്നും എന്നാൽ യുവതിയെ വിട്ടുപിരിഞ്ഞ് ജീവിതം വേണ്ട എന്നാണുള്ളതെന്നും പ്രതി യുവതിയോട് പറഞ്ഞതായാണ് മൊഴിയെടുപ്പിൽ തെളിഞ്ഞത്. ആത്മഹത്യ െചയ്യുമെന്ന് യുവതി പറഞ്ഞപ്പോൾ നിന്നെ വിട്ടുപിരിഞ്ഞ് എനിക്കും ഒറ്റയ്ക്ക് ജീവിക്കേണ്ടെന്നും ഒരുമിച്ച് ജീവൻ അവസാനിപ്പിക്കാമെന്നും യുവതിയോട് വൈശാഖൻ പറയുകയായിരുന്നു.
തുടർന്ന് 24 ന് ഉച്ചയോടെ മാളിക്കടവിൽ വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പിലേക്കു യുവതിയെ വിളിച്ചുവരുത്തി. ഇരുവരും രണ്ട് സ്റ്റൂളുകളിൽ കയറി നിന്ന് കയറുകളിൽ കരുക്കിട്ട് നിൽക്കുമ്പോൾ പെട്ടെന്ന് താഴെ ഇറങ്ങിയ വൈശാഖൻ യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു.കയറിൽ യുവതി തൂങ്ങിനിൽക്കുന്ന സമയത്തും തുടർന്ന് കെട്ടറുത്ത് നിലത്തു കിടത്തിയും യുവതിയെ ഇയാൾ ബലാത്സംഗം ചെയ്തതായും ചോദ്യംചെയ്യലിൽ വെളിപ്പെടുത്തലുണ്ടായി.
യുവതി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ വിവരം പുറത്തറിയിച്ചത്. യുവതിയെ വർക് ഷോപ്പിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടുവെന്ന് ഭാര്യയെ ഫോൺ ചെയ്തു വിളിച്ചുവരുത്തിയ ശേഷം ഭാര്യയ്ക്കൊപ്പമാണ് ഇയാൾ കാറിൽ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
നിർണായകമായത് സിസിടിവി ദൃശ്യം യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിട്ടും ആർക്കും സംശയത്തിന് ഇടനൽകാത്ത വിധമായിരുന്നു വൈശാഖന്റെ ഇടപെടലുകൾ. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാട്ടുകാർക്കു സംശയങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രതിയോടുള്ള വൈരാഗ്യം കൊണ്ട് യുവതി വൈശാഖന്റെ ജോലിസ്ഥലത്തെത്തി ആത്മഹത്യ െചയ്തതായിരിക്കാമെന്ന് നാട്ടുകാർക്കു സംശയമുണ്ടായി.
യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം വന്ന് സിസിടിവിയുടെ ഹാർഡ് ഡിസ്ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാൽ കേസിൽ തുടക്കത്തിൽതന്നെ ചില ദുരൂഹത തോന്നിയ പൊലീസ് സ്ഥാപനം ഉടൻതന്നെ തെളിവെടുപ്പിനായി സീൽ ചെയ്തതിനാൽ പ്രതിക്ക് ദൃശ്യങ്ങൾ നശിപ്പിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളും യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളുമാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് വൈശാഖനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിഞ്ഞു.
ടൗൺ എസിപി ടി.കെ.അഷ്റഫിന്റെ മേൽനോട്ടത്തിൽ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത് നടത്തിയ തുടരന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. എസ്ഐമാരായ സഹദ്, വി.ടി.ഹരീഷ്കുമാർ, ബിജു, പ്രജുകുമാർ, എഎസ്ഐ ബിജു, എസ്‌സിപിഒമാരായ പ്രശാന്ത്, രൂപേഷ്, നിഗിലേഷ്, വൈശാഖ്, മധുസൂധനൻ, സ്നേഹ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.