തിരുവനന്തപുരം ;നഗരത്തിൽ ലഹരിമരുന്നു വിതരണത്തിന്റെ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്ന അസിമിനെയും അജിത്തിനെയും കുടുക്കാനുറച്ച് ഇറങ്ങിയ പൊലീസ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത് ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ 7 പേർ.
എംഡിഎംഎ കടത്തു കേസിൽ 10 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട അസിമും അജിത്തും 5 വർഷം തടവ് അനുഭവിച്ച ശേഷം ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് വീണ്ടും ലഹരിക്കടത്തിന് ഇറങ്ങിയത്.ഏതു വിധേനയും അസിമിനെ പിടികൂടാനായി ഡാൻസാഫ് സംഘം കഴിഞ്ഞ കുറേ നാളുകളായി ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ വലമുറിച്ച് കടന്നുകളയുകയായിരുന്നു. മുൻപ് അസിം, കാട്ടാക്കട ഡാൻസാഫ് എസ്‌ഐയെ നെയ്യാർ ഡാം ഭാഗത്തെ ചെക്ക് പോസ്റ്റിൽ വച്ച് കാർ തട്ടിച്ച ശേഷം കടന്നുകളഞ്ഞിരുന്നു.ഇതിനിടയിലാണ് ഇന്നലെ നെടുമങ്ങാട് ഡാൻസാഫ് സംഘത്തിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് അസിമിനെ പിന്തുടർന്നെങ്കിലും പൊലീസ് ജീപ്പിൽ കാർ ഇടിപ്പിച്ച ശേഷം ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് അസിമിന്റെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വിച്ച് ഓഫ് ആയിരുന്ന ഫോൺ ഇന്നു പുലർച്ചെ കണിയാപുരം തോപ്പിൽ ഭാഗത്ത് ഓൺ ആയതായി പൊലീസ് കണ്ടെത്തി.ഉടൻ തന്നെ ഡാൻസാഫ് സംഘം സ്ഥലത്തേക്കു കുതിച്ചെത്തുകയായിരുന്നു.തുടർന്നു ഈ ഭാഗത്തെ വീട് വളഞ്ഞു പരിശോധന നടത്തിയപ്പോഴാണ് കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാർഥി ഹലീന (27), കൊല്ലം ആയൂർ സ്വദേശിയും ഐടി ജീവനക്കാരനുമായ അവിനാഷ് (29), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെ കൂടി പിടികൂടാൻ കഴിഞ്ഞത്. നാലു ഗ്രാം എംഡിഎംഎയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം കഞ്ചാവും ഇവരിൽനിന്നു കണ്ടെടുത്തു.
രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളും പിടിച്ചെടുത്തു.അസിമും അജിത്തും അൻസിയയുമാണ് ലഹരിക്കടത്തിന്റെ പ്രധാന കണ്ണികളെന്നു പൊലീസ് പറഞ്ഞു. ബാക്കിയുള്ളവർ ലഹരിമരുന്ന് വാങ്ങാനും ഉപയോഗിക്കാനും എത്തിയവരാണെന്ന നിഗമനത്തിൽ ഇവരെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണു പൊലീസ്. വിഗ്‌നേഷ് ദത്തൻ എംബിബിഎസ് ബിരുദധാരിയാണെങ്കിലും ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നു പൊലീസ് പറഞ്ഞു. ബിഡിഎസ് വിദ്യാർഥിനി ഹലീനയ്ക്കും കുറച്ചുനാളുകളായി സംഘവുമായി ബന്ധമുണ്ട്.ഇവരെല്ലാവരും ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.പുതുവർഷത്തിൽ അസിമിനെയും അജിത്തിനെയും പലരും ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ആ വഴിയും പൊലീസ് നിരീക്ഷണം നടത്തിയിരുന്നു. ഇന്നലെ ശക്തമായ പൊലീസ് തിരച്ചിൽ ഉണ്ടാകുമെന്ന് അറിയാവുന്നതു കൊണ്ടാണ് വിഗ്‌നേഷും ഹലീനയും ഐടി ജീവനക്കാരനായ അവിനാഷും ഉൾപ്പെടെ നേരിട്ട് ഇടപാടിനു എത്തിയതെന്നാണു കരുതുന്നത്. ലഹരിമരുന്നിന്റെ പണം യുപിഐ ഇടപാടുകൾ വഴി നടത്തിയാൽ പൊലീസ് കണ്ടെത്തുന്നത് ഒഴിവാക്കാനാണ് ഇവർ നേരിട്ടെത്തിയത്. മറ്റു പലയിടങ്ങളിലും സംഘം കഴിഞ്ഞ ദിവസങ്ങളിൽ ലഹരിമരുന്നു വിതരണം നടത്തിയിരുന്നതായി പൊലീസ് കരുതുന്നു. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
അസിമിന്റെയും അജിത്തിന്റെയും ജാമ്യം റദ്ദാക്കാൻ ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകുമെന്ന് നാർക്കോട്ടിക്‌സ് ഡിവൈഎസ്പി പ്രദീപ് പറഞ്ഞു. സമൂഹത്തിനാകെ ഭീഷണിയായ അസിമിനെ കുടുക്കാൻ കഴിഞ്ഞത് നെടുമങ്ങാട്, ആറ്റിങ്ങൽ ഡാൻസാഫ് സംഘത്തിന്റെ മികച്ച നീക്കത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.