ഡൽഹി: ഇന്ത്യയ്ക്കുമേൽ 50% തീരുവ അടിച്ചേൽപ്പിച്ച യുഎസിനെ തീരുവകൊണ്ടുതന്നെ തിരിച്ചടിച്ച് ഇന്ത്യ.
യുഎസ് ഇന്ത്യയിലേക്ക് വലിയതോതിൽ ഇറക്കുമതി ചെയ്തിരുന്ന പയറുവർഗങ്ങൾക്ക് കഴിഞ്ഞ ഒക്ടോബറിൽ പ്രാബല്യത്തിൽവന്ന വിധം 30% തീരുവയാണ് ഇന്ത്യ ഏർപ്പെടുത്തിയത്. ഈ നടപടിക്ക് കേന്ദ്രം കാര്യമായ പ്രചാരണം നൽകിയിരുന്നില്ല.ഏറക്കുറെ പൂജ്യം ശതമാനമായിരുന്ന തീരുവയാണ് ഇന്ത്യ ഒറ്റയടിക്ക് 30 ശതമാനത്തിലേക്ക് ഉയർത്തിയത്. ഇന്ത്യയുടെ നടപടി അമേരിക്കൻ കർഷകർക്കും കയറ്റുമതിക്കാർക്കും കനത്ത തിരിച്ചടിയാണെന്നും തീരുവ കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ പ്രസിഡന്റ് ട്രംപ് സമ്മർദം ചെലുത്തണമെന്നും രണ്ട് യുഎസ് സെനറ്റർമാർ ആവശ്യപ്പെട്ടു.സെനറ്റർമാരായ കെവിൻ ക്രാമർ, സ്റ്റീവ് ഡെയിൻസ് എന്നിവരാണ് ട്രംപിന് കത്തയച്ചത്. ഈ കത്ത് പുറത്തുവന്നതോടെയാണ് ഇന്ത്യ തീരുവകൂട്ടിയ വിവരവും പുറത്തായത്. തീരുവ കുറയ്ക്കാനും ഇന്ത്യൻ വിപണിയിലേക്ക് യുഎസ് ഉൽപന്നങ്ങളുടെ പ്രവേശനം സുഗമമാക്കാനും ട്രംപ് ഇടപെടണമെന്ന് സെനറ്റർമാർ ആവശ്യപ്പെട്ടു. ഇന്ത്യയുമായി വ്യാപാരക്കരാർ ഉറപ്പിക്കുംമുൻപ് ട്രംപ് ഇടപെടണമെന്നാണ് ആവശ്യം.
യുഎസിലെ നോർത്ത് ഡെക്കോഡയിലെ പ്രതിനിധിയാണ് കെവിൻ ക്രാമർ. സ്റ്റീവ് ഡെയിൻസ് മോണ്ടാനയിലെയും. യുഎസിൽ പയറുവർഗങ്ങളുടെ ഏറ്റവും വലിയ ഉൽപാദക കേന്ദ്രങ്ങളാണ് നോർത്ത് ഡെക്കോഡയും മോണ്ടാനയും. ഇവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ മുന്തിയപങ്കും വാങ്ങുന്നത് ഇന്ത്യയാണ്. ഈ സാഹചര്യത്തിൽ തീരുവ 30 ശതമാനമാക്കി കുത്തനെ കൂട്ടിയ ഇന്ത്യയുടെ തീരുമാനം വൻ തിരിച്ചടിയാണെന്ന് ഇരുവരും കത്തിൽ പറയുന്നു. കടുത്ത മത്സരമുള്ള ഇന്ത്യൻ വിപണി അമേരിക്കയ്ക്ക് നഷ്ടമാകുന്ന സ്ഥിതിയാണുള്ളതെന്നും കത്തിലുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതിനിടെയാണ് പുതിയ ‘തീരുവപ്പോര്’ എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ കാർഷിക, ക്ഷീര വിപണി തുറന്നുകിട്ടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കൻ കാർഷിക, ക്ഷീര ഉൽപന്നങ്ങളുടെ തീരുവ ഒഴിവാക്കുക, ഇന്ത്യയിൽ വ്യാപകമായ വിപണി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് ട്രംപ് ഉന്നയിക്കുന്നത്.
എന്നാൽ, ഇവ അംഗീകരിക്കുന്നത് ഇന്ത്യയിലെ കർഷകർക്ക് കനത്ത ആഘാതമാകും. ട്രംപിന്റെ ആവശ്യത്തിന് വഴങ്ങിയാൽ മറ്റൊരു കർഷക പ്രക്ഷോഭവും പ്രതിപക്ഷ പ്രതിഷേധങ്ങളും മോദി സർക്കാർ നേരിടേണ്ടിവരും. ട്രംപിന്റെ ആവശ്യങ്ങൾക്ക് മുൻപിൽ വിട്ടുവീഴ്ച വേണ്ടെന്ന ഇന്ത്യയുടെ നിലപാടാണ് വ്യാപാരക്കരാർ പ്രഖ്യാപനം നീളാൻ ഇടയാക്കുന്നതെന്നും സൂചനകളുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.