കോട്ടയം; സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി ഡിസംബറിൽ ചരിത്ര നേട്ടം സ്വന്തമാക്കി.
ഒരുമാസം കൊണ്ട് 5.51 കോടി രൂപയുടെ വരുമാനമാണ് കോർപറേഷനു ലഭിച്ചത്. 2021-ൽ ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന മാസവരുമാനമാണിത്. ഇതോടെ 2024 ഡിസംബറിൽ രേഖപ്പെടുത്തിയിരുന്ന നാലര കോടി രൂപയുടെ പ്രതിമാസ റെക്കോർഡും മറികടന്നു. ആകർഷകമായ ടൂർ പാക്കേജുകളും യാത്രക്കാരുടെ മികച്ച പ്രതികരണവുമാണ് ഈ റെക്കോർഡ് നേട്ടത്തിന് വഴിതെളിച്ചതെന്ന് ബജറ്റ് ടൂറിസം സംസ്ഥാന കോഓർഡിനേറ്റർ ആർ.സുനിൽ കുമാർ പറഞ്ഞു.സംസ്ഥാനത്തെ 90 കെഎസ്ആർടിസി ഡിപ്പോകളിൽ 80 ഡിപ്പോകളിലും ബജറ്റ് ടൂറിസം പാക്കേജുകൾ നടപ്പാക്കിയിരുന്നു. ഡിസംബറിൽ മാത്രം സംസ്ഥാനത്താകെ ഇത്തരം 2,505 യാത്രകളാണ് കെഎസ്ആർടിസി നടത്തിയത്. ഇതിലൂടെ 1,16,300 യാത്രക്കാരാണ് വിവിധ വിനോദസഞ്ചാര-തീർഥടന കേന്ദ്രങ്ങൾ സന്ദർശിച്ചത്.ഡിസംബർ-ജനുവരി മാസങ്ങളിലെ കോടമഞ്ഞും അവധിക്കാല തിരക്കും മുൻകൂട്ടി കണക്കിലെടുത്ത് ബജറ്റ് ടൂറിസം സെൽ ഒരുക്കിയ പുതിയ വിനോദയാത്ര പാക്കേജുകൾ വരുമാനം വർധിപ്പിക്കാൻ നിർണായകമായതായും അധികൃതർ അറിയിച്ചു. മലക്കപ്പാറയും മൂന്നാറും യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങളായി. ഇതിനൊപ്പം തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മേഘമല, ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, കന്യാകുമാരി എന്നിവിടങ്ങളിലേക്കുള്ള യാത്രകളും വലിയ തോതിൽ സഞ്ചാരികളെ ആകർഷിച്ചു.
കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഡീലക്‌സ് ബസുകളാണ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുന്നത്. പച്ചയും മഞ്ഞയും നിറത്തിലുള്ള പുതിയ 150 ബസുകളാണ് ബജറ്റ് ടൂറിസത്തിനായി പുതിയതായി അനുവദിച്ചിരിക്കുന്നത്. ഇതിൽ 17 ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഏഴു ഡിപ്പോകളിൽനിന്നും കൂത്താട്ടുകുളത്തുനിന്നും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ട്രിപ്പുകൾ നടത്തിയിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.