തിരുവനന്തപുരം ; ഭരണത്തിന്റെ അവസാനവർഷത്തിൽ വീണ്ടും സ്ഥിരപ്പെടുത്തലുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ മുൻ അനുഭവവും പാഠമാകുന്നില്ല.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു നടത്തിയ സ്ഥിരപ്പെടുത്തൽ ശ്രമങ്ങൾ കോടതി തടഞ്ഞ അനുഭവം നിലനിൽക്കെയാണ്, വീണ്ടും കരാറുകാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം. സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകൾ, നഗരസഭകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പഞ്ചായത്ത് ലൈബ്രറികൾ, ശിശു മന്ദിരങ്ങൾ, നഴ്സറി സ്കൂളുകൾ എന്നിവിടങ്ങളിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.ഉമാദേവി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തെറ്റായി വ്യാഖ്യാനിച്ചാണു കരാർ ജീവനക്കാരെ സർക്കാർ സ്ഥിരപ്പെടുത്തുന്നത്. ഒറ്റത്തവണത്തേക്കു മാത്രം സ്ഥിരപ്പെടുത്തൽ അനുവദിക്കുന്നെന്നും കീഴ്‌വഴക്കമാകരുതെന്നും മുന്നറിയിപ്പു നൽകിക്കൊണ്ടാണ് ഉമാദേവിക്കു സ്ഥിരനിയമനം അനുവദിച്ചത്. ഈ വിധി ഉദ്ധരിച്ചു സ്ഥിരപ്പെടുത്തൽ വിലക്കി ധനവകുപ്പ് ഉത്തരവിറക്കിയതും അട്ടിമറിച്ചാണ് ഇപ്പോഴത്തെ തീരുമാനം. ഇതു സംബന്ധിച്ച ഫയൽ നിയമ, ധന വകുപ്പുകളിലേക്ക് എത്തിയപ്പോൾ എതിർപ്പ് ഉയർന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഫയൽ മന്ത്രിസഭയിൽവച്ച് അംഗീകാരം നേടിയത്.
രാഷ്ട്രീയ താൽപര്യത്തോടെ നിയമിച്ചവരാണു പട്ടികയിലെ ഭൂരിപക്ഷവും. വി.എസ്, ഉമ്മൻ ചാണ്ടി സർക്കാരുകളുടെ കാലത്തു നിയമിക്കപ്പെട്ടവരുമുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് അഞ്ഞൂറോളം പേരെ മന്ത്രിസഭാ തീരുമാന പ്രകാരം സ്ഥിരപ്പെടുത്തിയിരുന്നു. പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിച്ചതിനാൽ കേരള ബാങ്കിലുൾപ്പെടെ തുടർന്നുള്ള സ്ഥിരപ്പെടുത്തൽ സർക്കാർ മരവിപ്പിച്ചു. അന്ന് അവസരം ലഭിക്കാത്തവരടക്കം പുതിയ പട്ടികയിലുണ്ട്.
ഓണറേറിയം, ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും നടപടിക്രമങ്ങൾ പാലിച്ച് നിയമനം ലഭിച്ചവരെയുമാണ് സ്ഥിരപ്പെടുത്താൻ മന്ത്രിസഭ അനുമതി നൽകിയത്. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരെയും പത്തോ അതിലധികമോ വർഷം തുടർച്ചയായി പ്രവർത്തിക്കുന്നവരെയും പരിഗണിക്കും.
ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം, ദിവസവേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവർക്കും സ്ഥിരനിയമനം ലഭിക്കും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.