ന്യൂഡൽഹി:മൂന്നാം മോദി സർക്കാരിന്റെ നിർണ്ണായകമായ കേന്ദ്ര ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ശമ്പള വരുമാനക്കാരും മധ്യവർഗവും വലിയ പ്രതീക്ഷയിലാണ്.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ആദായനികുതി ഇളവുകൾക്കായിരിക്കും മുൻഗണനയെന്നാണ് സൂചന. കഴിഞ്ഞ ബജറ്റിൽ പുതിയ നികുതി വ്യവസ്ഥയിൽ (New Tax Regime) 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്തവണ ഈ പരിധി 17 ലക്ഷം രൂപ വരെയായി ഉയർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
നിലവിൽ 90 ശതമാനത്തിലധികം നികുതിദായകരും പുതിയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുക്കുന്നത്. സങ്കീർണ്ണതകൾ കുറഞ്ഞ ഈ രീതിയെ കൂടുതൽ ആകർഷകമാക്കാൻ അഞ്ച് പ്രധാന മാറ്റങ്ങൾ ഇത്തവണ സർക്കാർ പ്രഖ്യാപിച്ചേക്കും. നിക്ഷേപ പ്രോത്സാഹനത്തിനായി ദീർഘകാല മൂലധന നേട്ടത്തിനുള്ള (LTCG) നികുതി ഇളവ് പരിധി ഒരു ലക്ഷത്തിൽ നിന്ന് 1.30 ലക്ഷമായി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരെ ഇത് വലിയതോതിൽ സഹായിക്കും.
ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി നിലവിലെ 75,000 രൂപയിൽ നിന്നും ഒരു ലക്ഷമോ അതിലധികമോ ആയി ഉയർത്താനും സാധ്യതയുണ്ട്. കൂടാതെ, പുതിയ നികുതി വ്യവസ്ഥയിൽ നിലവിൽ ലഭ്യമല്ലാത്ത വീട്ടുവാടക ഇളവ് (HRA), ആരോഗ്യ ഇൻഷുറൻസ് പ്രീമിയം എന്നിവ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകൾ കണക്കിലെടുത്ത് മെഡിക്കൽ ക്ലെയിം ഇളവുകൾ അനുവദിക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
ഭവനവായ്പകളുടെയും വിദ്യാഭ്യാസ വായ്പകളുടെയും പലിശയിന്മേലുള്ള ഇളവുകൾ പുതിയ നികുതി വ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കാം. സർക്കാർ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ, ഭവനവായ്പ ഇളവ്, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവ ചേർത്ത് മൊത്തം നികുതി രഹിത വരുമാന പരിധി 17 ലക്ഷം രൂപ വരെയായി ഉയർന്നേക്കാം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.