താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ എലോക്കരയിൽ പ്രവർത്തിക്കുന്ന 'എം.ആർ.എം ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം.
വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ഉണ്ടായ അപകടത്തിൽ മൂന്നുനില കെട്ടിടം, ഒരു പിക്കപ്പ് വാൻ, യന്ത്രസാമഗ്രികൾ എന്നിവ പൂർണമായും കത്തിനശിച്ചു. ഏകദേശം 75 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കമ്പനി മാനേജിങ് ഡയറക്ടർ എം.കെ. ഷാഹിദ് അറിയിച്ചു.
രക്ഷാദൗത്യം അഞ്ചര മണിക്കൂർ
പുലർച്ചെ മൂന്നരയോടെ പടർന്ന തീ അതിവേഗം ആളിപ്പടരുകയായിരുന്നു. മുക്കം, വെള്ളിമാടുകുന്ന്, നരിക്കുനി എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നായി അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്ലാസ്റ്റിക് കത്തിയുണ്ടായ കടുത്ത പുകയും ദുർഗന്ധവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും, മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്ത് രാവിലെ ഒൻപതരയോടെ തീ പൂർണമായും അണച്ചു. സമീപത്തെ താമരശ്ശേരി, അടിവാരം പോലീസും സ്ഥലത്തെത്തിയിരുന്നു. ജീവനക്കാരുടെ താമസസ്ഥലത്തേക്ക് തീ പടരാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
പടക്കം പൊട്ടിച്ചത് വിനയായി?
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോഡരികിൽ ഒരു സംഘം യുവാക്കൾ പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാതയോരത്ത് വായുവിലേക്ക് ഉയർന്നുപൊട്ടുന്ന പടക്കങ്ങൾ ദിശതെറ്റി പ്ലാസ്റ്റിക് കൂനയിലേക്ക് വീണതാകാമെന്ന് മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് കമ്പനി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് സാധ്യതയും അധികൃതർ പരിശോധിക്കുന്നുണ്ട്.
ആശങ്കയോടെ തൊഴിലാളികൾ; പ്രവർത്തനം തുടരുമെന്ന് കമ്പനി
ശുചിത്വമിഷന്റെ എംപാനൽ പട്ടികയിലുള്ള ഈ സ്ഥാപനത്തിൽ 29 ജീവനക്കാരാണുള്ളത്. പത്തുവർഷമായി പ്രവർത്തിക്കുന്ന യൂണിറ്റ് നശിച്ചത് തൊഴിലാളികളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാൽ, പ്രവർത്തനം തടസ്സപ്പെടില്ലെന്നും വെള്ളിയാഴ്ച മുതൽ പുതുപ്പാടി കൈപ്പുറത്തെ മറ്റൊരു യാർഡിലേക്ക് സംഭരണ പ്രവർത്തനങ്ങൾ മാറ്റുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാലില്ലാപ്പുഴ സ്വദേശി ഇബത്തുള്ളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം എം.കെ. ഷാഹിദ്, നസ്രുദ്ദീൻ പി.എം. പാറക്കൽ, സുനിൽ പുത്തൻവീട്ടിൽ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത് നടത്തിവരികയായിരുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.