മലപ്പുറം:കേരളത്തിന്റെ യാത്രാ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (DMRC) ചുമതലപ്പെടുത്തിയതായി മെട്രോമാൻ ഇ. ശ്രീധരൻ അറിയിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഈ നീക്കം. പദ്ധതിയുടെ പ്രായോഗിക പ്രവർത്തനങ്ങൾക്കായി പ്രത്യേക ഓഫീസ് സജ്ജീകരിച്ചിട്ടുണ്ടെന്നും ഫെബ്രുവരി രണ്ട് മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മലപ്പുറത്തെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന രീതിയിലാണ് ഈ പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതൽ ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനായി ഓരോ 20-25 കിലോമീറ്റർ ഇടവിട്ടും സ്റ്റേഷനുകൾ അനുവദിക്കും. മുൻപ് 14 സ്റ്റേഷനുകളായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും പുതിയ പ്ലാൻ പ്രകാരം ഇത് 22 ആയി ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന സർവീസിലെ ആദ്യ സ്റ്റേഷൻ തിരുവനന്തപുരം വിമാനത്താവളമായിരിക്കും. തുടർന്ന് വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം ബൈപ്പാസ്), ആലുവ, നെടുമ്പാശേരി വിമാനത്താവളം, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, കരിപ്പൂർ വിമാനത്താവളം, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി വഴി കണ്ണൂർ വരെയാണ് പാത നീളുന്നത്.കണ്ണൂർ മുതൽ കാസർകോട് വരെയുള്ള 82 കിലോമീറ്റർ പാതയുടെ കാര്യത്തിൽ നിലവിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. മുൻപ് നടത്തിയ സർവേകളിൽ കാസർകോട് നിന്ന് ഏകദേശം 150 ഓളം യാത്രക്കാർ മാത്രമാണ് ഉണ്ടാകുക എന്ന് കണ്ടെത്തിയതിനാൽ, അത്രയും പേർക്ക് വേണ്ടി നൂറ് കിലോമീറ്റർ പാത അധികമായി നിർമ്മിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇ. ശ്രീധരൻ ഉയർത്തി. എന്നിരുന്നാലും ആവശ്യമാണെന്ന് കണ്ടാൽ ആ ഭാഗവും പദ്ധതിയിൽ ഉൾപ്പെടുത്തിയേക്കാം. ഒരു കിലോമീറ്റർ പാത നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ ഏകദേശം 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ പദ്ധതി തുക ഒരു ലക്ഷം കോടി രൂപയാകുമെന്നും ഇതിൽ 70 ശതമാനം ഉയരപ്പാതയും (Elevated) 20 ശതമാനം തുരങ്കപ്പാതയുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ സൗകര്യാർത്ഥം തുടക്കത്തിൽ എട്ട് കോച്ചുകളുള്ള ട്രെയിനുകളാകും സർവീസ് നടത്തുക. 560 പേർക്ക് യാത്ര ചെയ്യാവുന്ന ഈ ട്രെയിനുകളിൽ ഭാവിയിൽ കോച്ചുകളുടെ എണ്ണം 16 വരെയായി ഉയർത്താൻ സാധിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്താൻ ഒരു മണിക്കൂർ 20 മിനിറ്റും, കോഴിക്കോട്ടേക്ക് രണ്ട് മണിക്കൂർ 30 മിനിറ്റും, കണ്ണൂരിലേക്ക് മൂന്ന് മണിക്കൂർ 15 മിനിറ്റും മതിയാകും. കേരളത്തിന്റെ വടക്ക്-തെക്ക് യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകാൻ ഈ അതിവേഗ പാതയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.