വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു സഞ്ചാരിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ‘ക്രൂ-11’ ദൗത്യം അടിയന്തരമായി അവസാനിപ്പിക്കാൻ തീരുമാനിച്ച് നാസ.
നിലയത്തിലുള്ള നാലംഗ സംഘം നിശ്ചയിച്ചതിലും നേരത്തെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുമെന്നും നാസ അറിയിച്ചു. ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തെത്തുടർന്ന് ഒരു ദൗത്യം പാതിവഴിയിൽ നിർത്തിവെച്ച് സഞ്ചാരികളെ തിരിച്ചെത്തിക്കുന്നത്.നാസയുടെ സെന കാർഡ്മാൻ (മിഷൻ കമാൻഡർ), മൈക്ക് ഫിൻകെ (പൈലറ്റ്), ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ കിമിയ യുവി, റഷ്യൻ ഏജൻസിയായ റോസ്കോസ്മോസിലെ ഒലെഗ് പ്ലാറ്റോണോവ് എന്നിവരാണ് ക്രൂ-11 സംഘത്തിലുള്ളത്. ഇതിൽ ആർക്കാണ് ആരോഗ്യപ്രശ്നമെന്ന് വെളിപ്പെടുത്താൻ നാസ തയ്യാറായിട്ടില്ല. രോഗവിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ജനുവരി എട്ടിന് സെന കാർഡ്മാനും മൈക്ക് ഫിൻകെയും ചേർന്ന് നടത്താനിരുന്ന സ്പേസ്‌വാക് അവസാന നിമിഷം മാറ്റിവെച്ചിരുന്നു. നിലയത്തിന്റെ പവർ സിസ്റ്റത്തിലെ അറ്റകുറ്റപ്പണിക്കായുള്ള ഈ ദൗത്യം മാറ്റിയത് ഇവരിലൊരാളുടെ ആരോഗ്യപ്രശ്നം മൂലമാണെന്ന് അന്ന് സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവൻ സംഘത്തെയും തിരികെ വിളിക്കാനുള്ള അടിയന്തര തീരുമാനം അധികൃതർ കൈക്കൊണ്ടത്.
അടുത്ത 48 മണിക്കൂറിനുള്ളിൽ സംഘത്തിന്റെ മടക്കയാത്ര സംബന്ധിച്ച കൃത്യമായ സമയക്രമം നാസ പുറത്തുവിടും. നിലവിലെ സാഹചര്യത്തിൽ ഒരു മാസം കൂടി നിലയത്തിൽ തുടരാൻ സാധിക്കുമെങ്കിലും, സഞ്ചാരിയുടെ സുരക്ഷ മുൻനിർത്തി റിസ്ക് എടുക്കേണ്ടതില്ലെന്നാണ് നാസയുടെ നിലപാട്. ദൗത്യം പൂർത്തിയാക്കുന്നതിനേക്കാൾ മുൻഗണന സഞ്ചാരികളുടെ ജീവനും ആരോഗ്യത്തിനുമാണെന്ന് അധികൃതർ വ്യക്തമാക്കി.
സാധാരണഗതിയിൽ ആറുമാസം നീളുന്നതാണ് നാസയുടെ ക്രൂ ദൗത്യങ്ങൾ. പുതിയ സംഘം നിലയത്തിലെത്തി ചുമതലകൾ കൈമാറിയ ശേഷമാണ് പഴയ സംഘം മടങ്ങാറുള്ളത്. അടുത്ത ദൗത്യമായ ക്രൂ-12 ഫെബ്രുവരിയിൽ മാത്രമേ വിക്ഷേപിക്കൂ. ഈ സാഹചര്യത്തിൽ ക്രൂ-11 നേരത്തെ മടങ്ങുന്നത് നിലയത്തിന്റെ പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിച്ചേക്കാം.
ക്രൂ-11 മടങ്ങുന്നതോടെ നിലയത്തിന്റെ പൂർണ്ണ ചുമതല റഷ്യയുടെ സൊയൂസ് എം.എസ് 28 ദൗത്യത്തിലൂടെ എത്തിയ മൂന്നംഗ സംഘത്തിനായിരിക്കും. കഴിഞ്ഞ നവംബറിലെത്തിയ ഈ സംഘത്തിൽ രണ്ട് റഷ്യൻ സഞ്ചാരികളും ഒരു നാസ പ്രതിനിധിയുമാണുള്ളത്. പുതിയ സംഘം എത്തുന്നത് വരെ ഇവർ നിലയത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.