ചേർത്തല: സുകുമാരൻ നായർ നിഷ്കളങ്കനാണെന്നും ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
നായരും ഈഴവരും സഹോദരൻമാരാണെന്നും ഐക്യത്തിൽ നിന്ന് പിന്നോട്ടു പോയതിന്റെ പേരിൽ നായർ സമുദായത്തെ ആരും തള്ളിപ്പറയരുതെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സുകുമാരൻ നായർ കാണിച്ച വിശാലമനസ്കതയ്ക്ക് നന്ദി പറയുന്നുവെന്നും ചേർത്തലയിൽ നടന്ന എസ്എൻ ട്രസ്റ്റ് പൊതുയോഗത്തിൽ സംസാരിക്കവെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.‘‘നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. അത് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്.അതിൽ പങ്കുചേരുന്നവർക്ക് പങ്കുചേരാം. അതിൽ ജാതിയോ മതമോ വർണമോ ഇല്ല. അതിൽ നമ്മൾക്ക് എതിർപ്പുള്ളത് മുസ്‌ലിം ലീഗിനോട് മാത്രമാണ്. അല്ലാതെ മുസ്‌ലിം മതത്തോടോ മറ്റ് മുസ്‌ലിം സംഘടനകളോടോ അല്ല. ലീഗ് എല്ലാം കൊണ്ടുപോയി. ഈഴവന് ഒന്നും കിട്ടിയില്ല. അത് ചൂണ്ടിക്കാട്ടിയപ്പോൾ സമുദായത്തെ ആക്ഷേപിച്ചു എന്നാക്കി. ലീഗ് കാണിച്ചത് വിഭാഗീയത. നമ്മൾക്കെതിരെ യുദ്ധം ചെയ്യാൻ വന്നു. അത് ചൂണ്ടിക്കാണിച്ച എന്നെ മുസ്‌ലിം വിരോധിയാക്കി കത്തിക്കാൻ നോക്കുന്നു. എന്നെ കത്തിച്ചാൽ പ്രശ്നം തീരുമോ. സംവാദത്തിന് തയാറുണ്ടോ. തന്റെ സംഘടനയെ തകർക്കാൻ ശ്രമമുണ്ടായാൽ അത് നോക്കിനിൽക്കാൻ സാധിക്കില്ല’’ – വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.സാമൂഹ്യനീതി എല്ലാവർക്കും കിട്ടണം.
കിട്ടാതെ വരുമ്പോൾ തുറന്നുപറയേണ്ടി വരും. ജാതിവിവേചനത്തിൽ നിന്നാണ് ജാതി ചിന്ത ഉയർന്നുവരുന്നത്. സംഘടനയെ തകർക്കാൻ നോക്കുന്ന ശക്തികൾക്കെതിരെ വിരൽ ചൂണ്ടേണ്ടത് സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. അതിനാലാണ് സുകുമാരൻ നായരുമായി ചേർന്ന് നായർ – ഈഴവ ഐക്യം ആലോചിച്ചത്. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാൻ പറഞ്ഞു. ഐക്യത്തോടെ പോകാമെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. ഞാൻ മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതിന് പലരും കുറ്റം പറഞ്ഞു. പക്ഷേ എനിക്ക് പിന്തുണ നൽകിയത് സുകുമാരൻ നായരാണ്.
ഐക്യത്തിന് പിൻബലം തന്നതും അദ്ദേഹമാണ്. എന്റെ മകനെ അദ്ദേഹത്തിന്റെ മകനെ പോലെ സ്നേഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതാണ് സുകുമാരൻ നായർ. അദ്ദേഹം നിഷ്കളങ്കനാണ്’’– വെള്ളാപ്പള്ളി പറഞ്ഞു.എൻഎസ്എസിന്റെ ബോർഡ് കൂടി ചില തീരുമാനങ്ങൾ എടുത്തു. സംഘടനയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ അവിടെ എടുത്ത തീരുമാനം അറിയിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്.
ഒരു വിഷമവും ഇല്ല. നായർ സമുദായം നമ്മുടെ സഹോദര സമുദായമാണ്. തീരുമാനത്തിന്റെ പേരിൽ ആരും എൻഎസ്എസിനെയോ സുകുമാരൻ നായരെയോ തള്ളിപ്പറയരുത്. ചില രാഷ്ട്രീയക്കാർ ചോര കുടിക്കാൻ നടക്കുന്നുണ്ട്. നായർ സഹോദരൻമാർ നമ്മുടെ സഹോദരൻമാരാണ്.
നമ്മൾ എല്ലാം ഹിന്ദുക്കളാണ്. നമ്മുടെ ചോരയും വിശ്വാസവും ആചാരവും അനുഷ്ഠാനവും എല്ലാം ഒന്നാണ്. ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും. വിഭാഗീയത ലോകാവസാനം വരെ നിലനിൽക്കില്ല. സുകുമാരൻ നായർ കാണിച്ച വിശാലമനസ്കത എനിക്ക് ഇരട്ടി ശക്തി നൽകുന്നു’’ – വെള്ളാപ്പള്ളി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.