ന്യൂഡൽഹി: പതിറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ നീതി ആവശ്യപ്പെട്ട് കുപ്രസിദ്ധ അധോലോക നേതാവ് ഹാജി മസ്താന്റെ മകളെന്ന് അവകാശപ്പെടുന്ന ഹസീൻ മസ്താൻ മിർസ.
ശൈശവവിവാഹവും ദേഹോപദ്രവും സ്വത്ത് തട്ടിയെടുക്കലും ഉൾപ്പെടെയുള്ള തന്റെ പരാതിയിൽ രജിസ്റ്റർചെയ്ത കേസിലാണ് ഹസീൻ മസ്താൻ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനായി പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും ഹസീൻ മസ്താൻ അഭ്യർഥന നടത്തുകയുംചെയ്തു.1996-ൽ മാതൃസഹോദരന്റെ മകനുമായി നിർബന്ധിച്ച് തന്റെ വിവാഹം നടത്തിയെന്നാണ് ഹസീൻ മസ്താൻ പറയുന്നത്. അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ല. വിവാഹശേഷം ദേഹോപദ്രവം നേരിട്ടു. വധശ്രമമുണ്ടായി. തന്നെ വിവാഹം കഴിച്ചയാൾ അതിന് മുൻപ് ഒട്ടേറെപേരെ വിവാഹംചെയ്തിരുന്നതായും ഹസീൻ മസ്താൻ ആരോപിച്ചു.
സംരക്ഷണവും സുരക്ഷിതത്വവും ആവശ്യമുള്ള പ്രായത്തിൽ ഒരുപാട് ഉപദ്രവത്തിനിരയായി. രണ്ടുവർഷത്തോളം കുടുംബത്തിൽനിന്ന് അകറ്റിനിർത്തി ഒറ്റപ്പെടുത്തി. പിതാവിന്റെ മരണംപോലും അറിഞ്ഞില്ല. തന്നെയും മാതാവിനെയും സമ്മർദത്തിലാക്കിയാണ് അന്ന് വിവാഹം നടത്തിയത്. എന്നാൽ, അതിനുപിന്നാലെ കൊടിയപീഡനങ്ങൾക്കിരയായി. ഇതിന്റെ ആഘാതത്തിൽ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ഹസീൻ മസ്താൻ പറഞ്ഞു.
തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമമുണ്ടായെന്നും ഹസീൻ ആരോപിച്ചു. വർഷങ്ങളോളം നിയമപോരാട്ടം നടത്തിയിട്ടും നീതി ലഭിക്കാതായതോടെയാണ് പ്രധാനമന്ത്രി അടക്കമുള്ളവരെ സമീപിക്കാൻ തീരുമാനമെടുത്തത്. ശൈശവവിവാഹം, സ്ത്രീകളെ ഉപദ്രവിക്കൽ, സ്വത്ത് തട്ടിയെടുക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കർശനമായ നിയമങ്ങൾ കൊണ്ടുവരാനും ഉടനടി നടപടി സ്വീകരിക്കാനും സർക്കാരിനോട് അഭ്യർഥിക്കുകയാണെന്നും ഹസീൻ മസ്താൻ പറഞ്ഞു. മുത്തലാഖ് ക്രിമിനൽക്കുറ്റമാക്കിയ സർക്കാർ നടപടിയെ ഹസീൻ മസ്താൻ അഭിനന്ദിച്ചു.ഇതിലൂടെ എണ്ണമറ്റ സ്ത്രീകൾക്ക് ആശ്വാസമേകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അവർ പ്രശംസിച്ചു. ലൈംഗികകുറ്റകൃത്യങ്ങളിലും നിർബന്ധിതവിവാഹങ്ങളിലും സമാനമായ നടപടികൾ വേണമെന്നും ഇത്തരം കേസുകളിൽ ഇരകൾക്ക് നീതിക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടനിലയാണെന്നും ഹസീൻ കൂട്ടിച്ചേർത്തു. അതേസമയം, തന്റെ വ്യക്തിപരമായ നിയമപോരാട്ടത്തിൽ പിതാവിന്റെ പേര് വലിച്ചിഴക്കരുതെന്നും ഹസീൻ മസ്താൻ അഭ്യർഥിച്ചു.
താൻ ആരോപിച്ച കുറ്റകൃത്യങ്ങൾ നടന്നത് പിതാവിന്റെ മരണശേഷമാണ്. അദ്ദേഹത്തിന്റെ ഭൂതകാലവുമായി ഇതിന്റെ ബന്ധിപ്പിക്കേണ്ടതില്ല. പിതാവ് ഒരു വിവാദവ്യക്തിയാണ്. എന്നാൽ, ഒരു സ്ത്രീയെന്ന നിലയിലാണ് താൻ നിയമപോരാട്ടം നടത്തുന്നതെന്നും തനിക്കെതിരേ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും ഇപ്പോഴും ഭീതിയോടെയാണ് ജീവിക്കുന്നതെന്നും ഹസീൻ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.