ഡൽഹി;അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങൾ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു.
സ്ഥിതിഗതികൾ സാധാരണഗതിയിൽ എത്തുംവരെ ഈ നിയന്ത്രണം വിമാനനിരക്കുകൾ നിരീക്ഷിക്കുന്ന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇൻഡിഗോ സർവീസുകൾ താറുമാറായതിനു പിന്നാലെ മറ്റു വിമാനക്കമ്പനികളിലെ യാത്രാക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇൻഡിഗോ സർവീസ് റദ്ദായവർക്ക് ഇത് വൻതിരിച്ചടിയായി.ഇന്ന് ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ–സ്റ്റോപ്പ് എയർ ഇന്ത്യ ടിക്കറ്റിന് 55,955 മുതൽ 64,557 രൂപ വരെയായിരുന്നു നിരക്ക്.കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നു. യാത്രാക്കൂലി കൂട്ടരുതെന്നു കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി തന്നെ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഇത് മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് നിരക്കുകൾ വ്യക്തമാക്കുന്നത്. ഇൻഡിഗോയ്ക്ക് കേന്ദ്രത്തിന്റെ കർശന നിർദേശങ്ങൾ ∙ ഇൻഡിഗോ ടിക്കറ്റ് കാൻസലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി 8നു മുൻപായി യാത്രക്കാർക്ക് നൽകിയിരിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടു. റീഷെഡ്യൂളിങ് ചാർജുകൾ ഈടാക്കാൻ പാടില്ല. റീഫണ്ടിൽ കാലതാമസം വരുത്തിയാൽ കർശന നടപടിയുണ്ടാകും.യാത്രക്കാരുടെ ലഗേജ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയിട്ടുണ്ടെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇവ കണ്ടെത്തി യാത്രക്കാരന്റെ വിലാസത്തിൽ എത്തിക്കണം. ∙ പരാതിപരിഹാരത്തിനായി ഇൻഡിഗോ പ്രത്യേക പാസഞ്ചർ സപ്പോർട്ട്, റീഫണ്ട് ഫെസിലിറ്റേഷൻ സെല്ലുകൾ ആരംഭിക്കണം. ഫ്ലൈറ്റ് കാൻസലേഷൻ ബാധിച്ച യാത്രക്കാരെ ഈ സെല്ലുകൾ ബന്ധപ്പെട്ട് റീഫണ്ട് നൽകുകയോ ബദൽ യാത്രാപ്ലാൻ വാഗ്ദാനം ചെയ്യുകയോ വേണം. പ്രശ്നം തീരും വരെ ഓട്ടമാറ്റിക് റീഫണ്ട് സംവിധാനം തുടരും.
നിരക്കുകൾ പരിമിതപ്പെടുത്തിയെന്ന് എയർ ഇന്ത്യ ഡിസംബർ 4 മുതൽ നോൺ–സ്റ്റോപ് ആഭ്യന്തര ഇക്കോണമി സീറ്റുകളിലെ നിരക്കുകൾ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. ഉയർന്ന ടിക്കറ്റ് നിരക്ക് പ്രതിഫലിച്ച സ്ക്രീൻഷോട്ടുകൾ പ്രചരിച്ചത് അവസാനനിമിഷം ശ്രമിച്ച ബുക്കിങ്ങുകൾ, വൺ സ്റ്റോപ്/ടു സ്റ്റോപ് കോംബിനേഷനുകൾ, പ്രീമിയം ഇക്കോണമി/ബിസിനസ് ക്ലാസ് സീറ്റുകൾ എന്നിവ മൂലമാകാമെന്നും ചൂണ്ടിക്കാട്ടി. പലതും തേർഡ് പാർട്ടി സൈറ്റുകളിൽ നിന്നുള്ളവയാണ്. ഇത്തരം പ്രവണതകൾ പൂർണമായും തടയുക സാങ്കേതികമായി സാധ്യമല്ലെങ്കിലും, ഇത്തരം പ്ലാറ്റ്ഫോമുകൾ നിർദേശം നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഇൻഡിഗോയുടെ 850 സർവീസുകളിൽ താഴെയാണ് റദ്ദായതെന്ന് കമ്പനി അറിയിച്ചു. വെള്ളിയാഴ്ച ആയിരത്തിലേറെ സർവീസുകളാണ് റദ്ദായത്.
FAQ ചോദ്യം: ഇൻഡിഗോയുടെ പ്രതിസന്ധിക്ക് കാരണമെന്ത്? ഉത്തരം: ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്നുണ്ടായ പൈലറ്റ് ക്ഷാമം ആണ് രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകൾ മുടങ്ങാൻ കാരണം. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സമീപ വർഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവർത്തന തകർച്ചകളിലൊന്നാണ് നേരിടുന്നത്. രാജ്യത്തുടനീളം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നതിനെ തുടർന്നാണ് ഇത്. ഈ ചട്ടങ്ങൾ നടപ്പാക്കാൻ രണ്ടു വർഷം കേന്ദ്രം സാവകാശം കൊടുത്തിരുന്നു. ചോദ്യം: സർക്കാർ നിലപാട്? ഉത്തരം: പ്രതിസന്ധി കണക്കിലെടുത്ത് ഇൻഡിഗോയ്ക്ക് ഭാഗികമായ ഇളവുകൾ നൽകിയിട്ടുണ്ട്. അതേസമയം, പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ഡിജിസിഎയുടെ ഉത്തരവു പൂർണമായും മരവിപ്പിച്ചിട്ടില്ല. ചോദ്യം: ഇൻഡിഗോയുടെ പ്രതികരണം? ഉത്തരം: ഡിസംബർ 5നും 15നും ഇടയിൽ റദ്ദാക്കുന്ന എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കും. വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്കു ഭക്ഷണം നൽകും. സാധ്യമായ സ്ഥലങ്ങളിലെല്ലാം ലോഞ്ച് ആക്സസ് നൽകുമെന്നും ഇൻഡിഗോ അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.